20111031

കോലഞ്ചേരിയില്‍ യാക്കോബായ അക്രമണം; പൊലീസ് ലാത്തിവീശി



കോലഞ്ചേരി: മാമലശ്ശേരി പള്ളിയിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്‌സ്‌ യുവജനവിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിച്ചു. കല്ലേറും സംഘര്‍ഷാവസ്‌ഥയും ഒഴിപ്പിക്കാന്‍ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി. പത്തോളം കാറുകള്‍ തകര്‍ന്നു. കല്ലേറില്‍ ഒരു അസിസ്‌റ്റന്റ്‌ പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കും രണ്ടു് ഓര്‍ത്തഡോക്‌സ്‌ പക്ഷക്കാര്‍ക്കും പരിക്കേറ്റു.

കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഓര്‍ത്തഡോക്സ് സഭക്കാരുടെ യോഗത്തിനുശേഷം ഒക്ടോ.30 രാത്രി 7.30 ഓടെ പ്രകടനമായി ടൌണിലെത്തിയവര്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയുടെ കുരിശുപള്ളികളില്‍ മറുവിഭാഗം കെട്ടിയിരുന്ന ബാനറുകള്‍ നീക്കം ചെയ്തിരുന്നു. പ്രകടനം ഓര്‍ത്തഡോക്‌സ്‌ ചാപ്പലില്‍ അവസാനിച്ചപ്പോള്‍ യാക്കോബായ പക്ഷം കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയ്ക്കുമുന്നില്‍ സംഘടിതരായി കല്ലേറ്‌ തുടങ്ങി. കല്ലേറിനിടയില്‍ പള്ളിക്ക്‌ മുന്നില്‍ നിറുത്തിയിരുന്ന പത്തോളം കാറുകള്‍ മറിച്ചിട്ടു്‌ ചില്ലുകള്‍ തകര്‍ത്തു. ബൈക്കുകള്‍ക്കും കേടുവരുത്തി. ഓര്‍ത്തഡോക്സ് വിഭാഗം ട്രസ്റ്റി വാലയില്‍ പോള്‍ മത്തായി (54), ഓര്‍ത്തഡോക്സ് സഭാംഗം പള്ളിമോളയില്‍ എല്‍ദോസ് (48) എന്നിവര്‍‍ക്കു് പരിക്കേറ്റു. സംഭവം നടക്കുമ്പോള്‍ പള്ളിയില്‍ പൊലീസുകാര്‍ കുറവായിരുന്നു.

രാത്രി 9.30 ഓടെ സ്‌ഥലത്തെത്തിയ പുത്തന്‍കുരിശ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ കെ.സി. സണ്ണിക്കും പരിക്കേറ്റു. വിവരം അറിഞ്ഞു് പുത്തന്‍കുരിശ് സിഐ ബിജു കെ. സ്റീഫന്‍, പിറവം സിഐ ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍, റൂറല്‍ ജില്ലാ പൊലീസ് ചീഫ് ഹര്‍ഷിത അത്തല്ലൂരി എന്നിവരും രാത്രി സംഭവ സ്ഥലത്തെത്തി. രാത്രി വൈകിയും സംഘര്‍ഷാവസ്‌ഥ തുടര്‍ന്നു

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കത്തോടനുബന്ധിച്ച്  നടന്ന അക്രമത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ആരാധനാലയങ്ങള്‍ പൂട്ടിക്കുവാനുള്ള യാക്കോബായ വിഭാഗത്തിന്റെ കുത്സിത ശ്രമങ്ങള്‍ അപലപനീയമാണെന്നും, അനീതിക്കും അക്രമത്തിനുമെതിരെ ഒറ്റക്കെട്ടായി നില്ക്കുമെന്നും കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഒക്ടോ. 31നു് നടന്ന കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ഇടവകയോഗം പറഞ്ഞു.

പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളുടെ വാഹനങ്ങള്‍ക്ക് നേരെ അക്രമം കാട്ടി യാക്കോബായ വിഭാഗം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ജോര്ജ് ജോസഫ്, ഫാ. മത്തായി ഇടയനാല്‍, വികാരി ഫാ. ജേക്കബ് കുര്യന്‍, ഫാ. റോബിന്‍ മര്‍ക്കോസ്, ഫാ. സി.എം. കുര്യാക്കോസ്, ഫാ. ജോണ്‍ തേനുങ്കല്‍ ഫാ. ജോസഫ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

പള്ളിത്തര്‍ക്കത്തിന് പുതിയ മാനങ്ങള്‍ നല്കുന്ന തരത്തില്‍ അക്രമങ്ങളുണ്ടാകുന്നതില്‍ ശക്തമായ പ്രതിഷേധമാണുസഭയ്ക്കുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.