20111011

മലങ്കര വര്ഗീസ്‌ വധം: തോമസ്‌ പ്രഥമന്‍ ബാവായെ സിബിഐ ചോദ്യം ചെയ്യും


കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായില്‍ നിന്നു് സിബിഐമൊഴിയെടുക്കും. ഇതു സംബന്ധിച്ച്‌ ഉടന്‍ ബാവായ്‌ക്കു് സിബിഐ നോട്ടിസ്‌ നല്കും

തോമസ്‌ ബാവായില്‍ നിന്നു മൊഴിയെടുക്കാന്‍ സിബിഐ ശ്രമിച്ചിരുന്നുവെന്നും അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം മൊഴിയെടുപ്പില്‍ നിന്നു വിട്ടു നില്ക്കുകയായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ്‌ നോട്ടീസ്‌ നല്കിയശേഷം മൊഴിയെടുക്കാന്‍ തീരുമാനിച്ചതെന്നും സിബിഐ കോടതിയെ അറിയിച്ചു.

മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ ഫാദര്‍ ഐസക്‌ മട്ടുമ്മേല്‍ കോര്‍-എപ്പിസ്കോപ്പാ സമര്‍പ്പിച്ച ഹര്‍ജി ഒക്ടോ.10നു് എറണാകുളം സിജെഎം കോടതി പരിഗണിച്ചപ്പോഴാണു് സിബിഐ ഇതു് അറിയിച്ചതു് . ഹര്‍ജിയില്‍ എതിര്‍ സത്യവാങ്‌ മൂലം സമര്‍പ്പിക്കാന്‍ സിബിഐയോടു കോടതി നിര്‍ദേശിച്ചിരുന്നു. രാഷ്‌ട്രീയ ഇടപെടല്‍ അന്വേഷണത്തെ സ്വാധീനിക്കുന്നു, കേസില്‍ ഉന്നതര്‍ക്ക്‌ പങ്കുണ്ടോയെന്നറിയാന്‍ ഇപ്പോഴത്തെ അന്വേഷണം പര്യാപ്‌തമല്ല, സാക്ഷിമൊഴികള്‍ പൂര്‍ണമായും പരിശോധിക്കാതെയാണു സി ബി ഐ അന്വേഷണം നടത്തിയത്‌ തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു, ഓര്‍ത്തഡോക്‌സ്‌ സഭാംഗമായ ഫാദര്‍ ഐസക്‌ മട്ടുമ്മേല്‍ കോര്‍-എപ്പിസ്കോപ്പാ ആണ്‌ ഹര്‍ജി നല്‍കിയത്‌.

മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തിയ പ്രതികള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ഫാ. ജോര്‍ജ് മട്ടുമ്മേലിനേയും ലക്ഷ്യമിട്ടിരുന്നതായുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കേസിനു വഴിയൊരുക്കിയ സംഭവങ്ങള്ക്കു ശേഷം ഫാ. ജോര്‍ജ് മട്ടുമ്മേല്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിന്റെ മേല്നോട്ട കോടതിയായ എറണാകുളം സി.ജെ.എം. കോടതി മുമ്പാകെ ഫാ. ജോര്‍ജ് മട്ടുമ്മേലിന്റെ ബന്ധുവായ ഫാ.ഐസക്ക് കോര്‍-എപ്പിസ്കോപ്പാ സമര്‍പ്പിച്ചിട്ടുള്ള ഈ ഹര്‍ജിയുടെ കാര്യത്തില്‍ സി.ബി.ഐ.യുടെ നിലപാടറിയാന്‍ സെപ്തം. 26നു് കേസ് ഒക്ടോബര്‍ മൂന്നിലേയ്ക്കും മൂന്നിനു് ഒക്ടോ.10ലേയ്ക്കും പരിഗണയ്ക്കു വച്ചിരുന്നു.

തുടരന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും

മലങ്കര വര്‍ഗീസ്‌ വധക്കേസിന്റെ തുടരന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നു സിബിഐയുടെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡപ്യൂട്ടി സൂപ്രണ്ട്‌ എന്‍.ആര്‍. നായര്‍ ഒക്ടോ.10നു് കോടതിയെ ബോധിപ്പിച്ചു. തുടരന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്നു കാണിച്ചു കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണു് സിബിഐ എറണാകുളം സിജെഎം കോടതി മുന്‍പാകെ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌.

അന്വേഷണ പുരോഗതി മേല്‍നോട്ട കോടതിയെ അറിയിക്കാന്‍ തയാറാണെന്നും എന്നാല്‍ ഹര്‍ജിക്കാരിയെ ഇക്കാര്യങ്ങള്‍ അറിയിക്കേണ്ട ബാധ്യത നിയമപരമായി അന്വേഷണ ഏജന്‍സിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ സിബിഐ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌.

മലങ്കര വര്ഗീസ് കൊലക്കേസിന്റെ തുടരന്വേഷണ പുരോഗതി ഇപ്പോഴത്തെ സാഹചര്യത്തില്‍ വെളിപ്പെടുത്തുന്നത് എരിതീയില്‍ എണ്ണയൊഴിക്കും പോലെയാവുമെന്നും കൂടുതല്‍ സമയം വേണമെന്നും നേരത്തെ സെപ്തം. 19നു് സി.ബി.ഐ. കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ അഡ്വ. സി.പി. ഉദയഭാനു മുഖേനയാണ് സാറാമ്മ ഹര്ജി സമര്പ്പിച്ചത്.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.