20111029
കോലഞ്ചേരി പള്ളിത്തര്‍ക്കം : മന്ത്രിസഭാ ഉപസമിതിയുടെ അഞ്ചാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു
കോട്ടയം, ഒക്ടോ.29: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്ത്തഡോക്സ് സുറിയാനി പള്ളിയെ സംബന്ധിച്ചു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെയും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഒക്ടോ.28 വെള്ളിയാഴ്ച നടത്തിയ അഞ്ചാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇനിയൊരു ചര്‍ച്ചയ്ക്കായി തിയ്യതി നിശ്ചയിക്കാതെയാണ് വെള്ളിയാഴ്ച നടന്ന ചര്‍ച്ച പിരിഞ്ഞത്.
മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ.മുനീര്‍ എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി ഇരുവിഭാഗം നേതൃത്വവുമായി വെള്ളിയാഴ്ച രാത്രി കോട്ടയത്ത് നാട്ടകം ഗസ്റ്റ്ഹൗസിലാണ് ചര്‍ച്ച നടത്തിയത്. രാത്രി 9 മണിക്ക് തുടങ്ങിയ ചര്‍ച്ച അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് കോലഞ്ചേരിയില്‍ 45 സെന്റ് സ്ഥലവും കോട്ടൂരില്‍ 25 സെന്റ് സ്ഥലവും പള്ളി പണിയുവാന്‍ പണവും സംഘടിപ്പിച്ചു് നല്കാമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭ വാഗ്ദാനം ചെയ്തെങ്കിലും അത് അവര്‍ക്കു് സ്വീകാര്യമായില്ല. പള്ളിയുടെയും സ്വത്തുക്കളുടെയും മേല്‍ അവകാശംവേണമെന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം ആവശ്യപ്പെട്ടു.
എന്നാല്‍, സ്വത്തുക്കള്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്ത്തഡോക്സ് സുറിയാനി പള്ളിഇടവകയുടേതാണെന്ന നിലപാടിലായിരുന്നു ഓര്‍ത്തഡോക്‌സ് സഭ. ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളിലുറച്ചുനിന്നതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് നേരത്തേ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം അറിയിച്ചിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച പരിഹാരമാകാതെ പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച നിരാശാജനകമായിരുന്നെന്ന് ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍ അറിയിച്ചു. ഇരു വിഭാഗങ്ങളുമായി ചര്ച്ച ഇനിയും തുടരുമെന്ന് കെ. എം മാണി വ്യക്തമാക്കി.
വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഗീവര്ഗീസ് മാര്‍ കൂറിലോസ് മെത്രാന്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്ജ് മാത്യു എന്നിവരും ഓര്ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യന്‍ തുടങ്ങിയവരും പങ്കെടുത്തു. പള്ളിത്തര്‍ക്കം സംബന്ധിച്ച കേസ് നവംബര്‍ രണ്ടിന് ഹൈക്കോടതി പരിഗണനയ്‌ക്കെടുക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.