20111018

കോലഞ്ചേരി പള്ളി: ചര്‍ച്ചയില്‍ തീരുമാനമായില്ല


തിരുവനന്തപുരം,ഒക്ടോ.17: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് പള്ളിയെ സംബന്ധിച്ചു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഒക്ടോ.17നു് രാത്രി 8 മണിയ്ക്കു് തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

നാലാംവട്ട ചര്‍ച്ച രാത്രി ഒന്നര വരെ നീണ്ടെങ്കിലും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാര നിര്‍ദ്ദേശം ഉരുത്തിരിഞ്ഞില്ല. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് കോലഞ്ചേരിയില്‍ 45 സെന്റ് സ്ഥലവും കോട്ടൂരില്‍ 25 സെന്റ് സ്ഥലവും പള്ളി പണിയുവാന്‍ കുറച്ചു് പണവും നല്കാമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭ വാഗ്ദാനം ചെയ്തെങ്കിലും അത് അവര്‍ക്കു് സ്വീകാര്യമായില്ല. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എ. മുനീര്‍ എന്നിവര്‍ ഇരുകൂട്ടരുമായും ഒന്നിച്ചും വെവ്വേറെയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാല്‍ അടുത്ത ഞായറാഴ്ച വരെ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിയ്ക്കുമെന്നാണ് ഓര്‍ത്തഡോക്സ് സഭ അറിയിച്ചത്. സര്‍ക്കാര്‍ വിളിച്ചാല്‍ വീണ്ടും ചര്‍ച്ചയ്ക്ക് എത്തുമെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം വ്യക്‌തമാക്കിട്ടുണ്ട്. എങ്കിലും അടുത്ത ചര്‍ച്ചയുടെ തീയതി തീരുമാനിച്ചില്ല.

ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും അടുത്ത ഞായറാഴ്‌ചയ്‌ക്കുള്ളില്‍ കോടതിവിധി നടപ്പാക്കണമെന്നുമാണ്‌ ഓ‍ര്‍ത്തഡോക്‌സ് സഭയുടെ നിലപാട്‌. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്തമുണ്ടെന്നും ഭരണകൂടം അതിനു് തയാറാകണമെന്നും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു.

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച് ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലിത്ത, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത, സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്ത, ഫാ. കുര്യന്‍ ചേലാട്, ജോര്‍ജ് ജോസഫ് എന്നിവരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാന്‍, ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാന്‍, ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍, തമ്പു ജോര്‍ജ്, കെ.ജെ വര്‍ക്കി തുടങ്ങിയവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.