20111031

പുത്തന്‍ കുരിശ് പള്ളി സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന തടഞ്ഞു



കോലഞ്ചേരി: പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയില്‍ മരണാനന്തര ശുശ്രൂഷകള്‍ക്കെ ത്തിയ വൈദികനേയും വിശ്വാസികളേയും യാക്കോബായ വിഭാഗം തടഞ്ഞതായി ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം ആരോപിച്ചു.

സെമിത്തേരിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ ധൂപപ്രാര്‍ത്ഥനയ്ക്കെത്തിയപ്പോള്‍ യാക്കോബായ വിഭാഗം എതിര്‍ത്ത തു് ചെറിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.. ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനയ്ക്ക് അവസരം നല്കിയിട്ടും സ്വീകരിക്കാത്തതിനാല്‍ ശവകോട്ടയിലെ ആരാധന മാത്രമായി അനുവദിക്കാനാവില്ലെന്നു് യാക്കോബായ വിഭാഗം വ്യക്തമാക്കി.

സംഭവത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം യുവജനപ്രസ്ഥാനംശക്തമായി പ്രതിഷേധിച്ചു.

മാമ്മലശ്ശേരി പള്ളിയില്‍ സംഘര്‍ഷം; കുര്‍ബാന മുടങ്ങി


പിറവം: വീതംവേണമെന്നാവശ്യപെട്ടു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങി.

സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണവും നടത്തുന്നു. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. ഒന്നരവര്‍‍ഷമായി വികാരിയുടെ സഹായിയായി കര്‍‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചതാണു് പ്രകോപനകാരണം. വികാരി ചിറക്കുടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പ, സഹവൈദീകന്‍ ഫാ. ജോര്‍ജ് വെമ്പനാട്ട് എന്നിവര്‍ക്കു് പുറമെയാണു് ഫാ. പോള്‍ മത്തായിയുടെ നിയമനം.

നിലവിലുള്ള വൈദീകരായ ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് വെമ്പനാട്ട് എന്നിവര്‍ക്കു് പുറമേ മൂന്നാമതൊരു വൈദികനെക്കൂടി നിയമിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ ശ്രമിക്കുകയാണെന്നാണ് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷത്തിന്റെ ആരോപണം. ഞായറാഴ്ച രാവിലെ മദ്ബഹയില്‍ ഫാ. പോള്‍ മത്തായിയുടെ കാര്‍മികത്വത്തില്‍ കു‍ര്‍ബാനയ്ക്ക് ഒരുക്കം തുടങ്ങിയതോടെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ കുരിശുപള്ളി വികാരി ഫാ. വര്‍ഗീസ് പുല്യട്ടെല്‍ പള്ളിയകത്ത് കടന്ന് ഫാ. പോള്‍ മത്തായിയെ തടയാന്‍ ശ്രമിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ പുറത്താക്കി. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ചെറുത്തുനില്ക്കു‌കയും മറുപക്ഷം തടയാനൊരുങ്ങുകയും ചെയ്തതോടെ പോലീസ് ബലംപ്രയോഗിച്ച് അവരെ പുറത്താക്കുകയായിരുന്നു. വിമത യാക്കോബായ പക്ഷത്തെ ഒട്ടേറെപ്പേര്‍ക്ക് അടിയേറ്റതായി പറയുന്നുണ്ടെങ്കിലും ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.

പള്ളിക്കകത്തു്നിന്നും പുറത്താക്കിയതിനെത്തുടര്‍ന്ന് യാക്കോബായവിഭാഗം പള്ളിയുടെ താഴെയുള്ള കുരിശിന്‍ തൊട്ടിയില്‍ കുരിശടിയില്‍ ഒത്തുകൂടി വീതം ലഭിക്കണമെന്നാവശ്യപെട്ടു് പ്രാര്‍ഥനായജ്ഞം നടത്തി. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ മാത്യൂസ്‌ മാര്‍ ഈവാനിയോസ് മെത്രാന്‍ പ്രാര്‍ഥനാ യജ്ഞം നടന്ന കുരിശു പള്ളിയില്‍ എത്തി. പള്ളിയില്‍ ആരാധന നടത്തുവാന്‍ അവസരം ലഭിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം പറഞ്ഞു

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ അനുനയിപ്പിയ്ക്കാനായി കുര്‍ബാന തുടങ്ങുന്നതുവരെ കാത്തുനില്ക്കാതെ ഓര്‍ത്തഡോക്‌സ് പക്ഷത്തേയും പള്ളിയില്‍നിന്നും പുറത്താക്കി പോലീസ് പൂമുഖത്തും പരിസരങ്ങളിലുമായി നിലയുറപ്പിച്ചു. പുത്തന്‍കുരിശ് സി ഐ ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം രാവിലെ തന്നെ പള്ളിയിലെത്തിയിരുന്നു.


ഒക്ടോ. 31-നു് മുവാറ്റുപുഴ ആര്‍ ഡി ഓ യുടെ മുന്‍പാകെ ഇരുക്കൂട്ടരെയും ചര്‍ച്ചയ്ക്കു് വിളിച്ചുവെങ്കിലും വിമത യാക്കോബായ വിഭാഗം ചെന്നില്ല. നവം. 1, 2-ലെ പരുമലത്തിരുമേനിയുടെ പെരുന്നാള്‍ ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയും ഫാ. ജോര്‍ജ് വെമ്പനാട്ടും നയിയ്ക്കണമെന്നാണു് ആര്‍ ഡി ഓ ചര്‍ച്ചയുടെ തീരുമാനം.


‘സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ശ്രമം തടയണം’

കോട്ടയം: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിയ്ക്കാന്‍ തുടങ്ങിയ ഫാ. പോള്‍ മത്തായിയെയും ശുശ്രൂഷകരെയും കൈയേറ്റം ചെയ്തതിലും കുര്‍ബ്ബാന മുടക്കിച്ചതിലും കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസും സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടും പ്രതിഷേധിച്ചു.

വിമത യാക്കോബായ വിഭാഗത്തിലെ ചിലരുടെ ഈ നടപടി അംഗീകരിക്കാനാവില്ല. സംഘര്‍ഷം വ്യാപിപ്പിച്ച് അനധികൃതമായി പള്ളികളില്‍ അധികാരം സ്ഥാപിക്കാനുള്ള നീക്കം തടയാനും നീതിനടപ്പാക്കുന്നതിനും കേരള സര്‍ക്കാര്‍ തയ്യാറാകണം--അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ടി. എം. ജേക്കബ് പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍-പരിശുദ്ധ ബാവാ

പാമ്പാക്കുട, ഒക്ടോ. 31: സമര്‍ത്ഥനായ സംഘാടകനും വസ്തുതകള്‍ കാര്യക്ഷമതയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതില്‍ പ്രഗത്ഭനുമായിരുന്നു അന്തരിച്ച പൊതുവിതരണ വകുപ്പ് മന്ത്രി ടി. എം. ജേക്കബ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ അനുസ്മരിച്ചു.

ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പുഷ്പചക്രം സമര്‍പ്പിച്ചു. വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് അബ്രഹാം കോനാട്ടും ഒപ്പമുണ്ടായിരുന്നു.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തയും വാളിയപ്പാടത്തെ വീട്ടിലെത്തി ധൂപപ്രാര്‍ത്ഥന നടത്തി.

ഒക്ടോ. 30 ഞായറാഴ്ച രാത്രി പത്തരക്ക് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു സംസ്ഥാന ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം ജേക്കബിന്റെ അന്ത്യം. 61 വയസായിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അംശം കുറഞ്ഞതിനെത്തുടര്‍ന്ന് ഒക്ടോ. 10 മുതല്‍ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1950 സെപ്തംബര്‍ 16ന് ടി.എസ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ജനിച്ച ജേക്കബ് സംസ്ഥാന നിയമസഭയില്‍ പിറവം മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.

കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ കെ.എസ്.സിയിലൂടെയാണ് ടി.എം ജേക്കബ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്, യുവജന വിഭാഗമായ കെ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലൂടെ വളരുകയും പിന്നീട് കേരള കോണ്‍ഗ്രസില്‍ സ്വന്തം വിഭാഗത്തിന്റെ തലവനാവുകയും ചെയ്ത ടി.എം ജേക്കബ് ഇടക്കാലത്ത് കെ. കരുണാകരന്‍ രൂപവത്കരിച്ച ഡി.ഐ.സിയിലുമെത്തി. ഡി.ഐ.സിയുടെ ഭാഗമായിരിക്കെയാണ് 2006ല്‍ യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടിയത്. ഈ കളംമാറ്റം വോട്ടര്മാര്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായി പരാജയത്തിന്റെ കയ്പറിഞ്ഞത് അന്നാണ്.
1977 പിറവത്തുനിന്ന് കന്നി വിജയം നേടിയ ജേക്കബ് 2006വരെ തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1982 മുതല്‍ 87വരെ കരുണാകര മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയും '91 മുതല്‍ 95വരെ കരുണാകര മന്ത്രിസഭയില്‍ ജലസേചന-സാംസ്കാരിക മന്ത്രിയും '95-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയും 2001മുതല്‍ 2004വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയുമായി. ഡി.ഐ.സിയുടെ ഭാഗമായിരിക്കെ 2006-ല്‍ പിറവത്തുനിന്ന് പരാജയപ്പെട്ട ടി.എം ജേക്കബ് 2011ല്‍ പിറവത്തുനിന്ന് വിജയിക്കുകയും ചെയ്തു. 'എന്റെ ചൈനാ പര്യടനം' എന്ന കൃതിയും രചിച്ചിട്ടുണ്ട്.

കടുത്ത പാത്രിയര്‍ക്കീസ് കക്ഷിക്കാരനായിരുന്ന ജേക്കബ് അവസാനകാലത്തു് അവരുമായി അത്ര അടുപ്പത്തിലായിരുന്നില്ല. 2006-ലും 2011-ലും മല്‍സരിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് കക്ഷിയുടെ പിന്തുണയുണ്ടായില്ല.

കോലഞ്ചേരിയില്‍ യാക്കോബായ അക്രമണം; പൊലീസ് ലാത്തിവീശി



കോലഞ്ചേരി: മാമലശ്ശേരി പള്ളിയിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്‌സ്‌ യുവജനവിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിച്ചു. കല്ലേറും സംഘര്‍ഷാവസ്‌ഥയും ഒഴിപ്പിക്കാന്‍ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി. പത്തോളം കാറുകള്‍ തകര്‍ന്നു. കല്ലേറില്‍ ഒരു അസിസ്‌റ്റന്റ്‌ പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കും രണ്ടു് ഓര്‍ത്തഡോക്‌സ്‌ പക്ഷക്കാര്‍ക്കും പരിക്കേറ്റു.

കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഓര്‍ത്തഡോക്സ് സഭക്കാരുടെ യോഗത്തിനുശേഷം ഒക്ടോ.30 രാത്രി 7.30 ഓടെ പ്രകടനമായി ടൌണിലെത്തിയവര്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയുടെ കുരിശുപള്ളികളില്‍ മറുവിഭാഗം കെട്ടിയിരുന്ന ബാനറുകള്‍ നീക്കം ചെയ്തിരുന്നു. പ്രകടനം ഓര്‍ത്തഡോക്‌സ്‌ ചാപ്പലില്‍ അവസാനിച്ചപ്പോള്‍ യാക്കോബായ പക്ഷം കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയ്ക്കുമുന്നില്‍ സംഘടിതരായി കല്ലേറ്‌ തുടങ്ങി. കല്ലേറിനിടയില്‍ പള്ളിക്ക്‌ മുന്നില്‍ നിറുത്തിയിരുന്ന പത്തോളം കാറുകള്‍ മറിച്ചിട്ടു്‌ ചില്ലുകള്‍ തകര്‍ത്തു. ബൈക്കുകള്‍ക്കും കേടുവരുത്തി. ഓര്‍ത്തഡോക്സ് വിഭാഗം ട്രസ്റ്റി വാലയില്‍ പോള്‍ മത്തായി (54), ഓര്‍ത്തഡോക്സ് സഭാംഗം പള്ളിമോളയില്‍ എല്‍ദോസ് (48) എന്നിവര്‍‍ക്കു് പരിക്കേറ്റു. സംഭവം നടക്കുമ്പോള്‍ പള്ളിയില്‍ പൊലീസുകാര്‍ കുറവായിരുന്നു.

രാത്രി 9.30 ഓടെ സ്‌ഥലത്തെത്തിയ പുത്തന്‍കുരിശ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ കെ.സി. സണ്ണിക്കും പരിക്കേറ്റു. വിവരം അറിഞ്ഞു് പുത്തന്‍കുരിശ് സിഐ ബിജു കെ. സ്റീഫന്‍, പിറവം സിഐ ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍, റൂറല്‍ ജില്ലാ പൊലീസ് ചീഫ് ഹര്‍ഷിത അത്തല്ലൂരി എന്നിവരും രാത്രി സംഭവ സ്ഥലത്തെത്തി. രാത്രി വൈകിയും സംഘര്‍ഷാവസ്‌ഥ തുടര്‍ന്നു

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കത്തോടനുബന്ധിച്ച്  നടന്ന അക്രമത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ആരാധനാലയങ്ങള്‍ പൂട്ടിക്കുവാനുള്ള യാക്കോബായ വിഭാഗത്തിന്റെ കുത്സിത ശ്രമങ്ങള്‍ അപലപനീയമാണെന്നും, അനീതിക്കും അക്രമത്തിനുമെതിരെ ഒറ്റക്കെട്ടായി നില്ക്കുമെന്നും കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഒക്ടോ. 31നു് നടന്ന കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ഇടവകയോഗം പറഞ്ഞു.

പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളുടെ വാഹനങ്ങള്‍ക്ക് നേരെ അക്രമം കാട്ടി യാക്കോബായ വിഭാഗം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ജോര്ജ് ജോസഫ്, ഫാ. മത്തായി ഇടയനാല്‍, വികാരി ഫാ. ജേക്കബ് കുര്യന്‍, ഫാ. റോബിന്‍ മര്‍ക്കോസ്, ഫാ. സി.എം. കുര്യാക്കോസ്, ഫാ. ജോണ്‍ തേനുങ്കല്‍ ഫാ. ജോസഫ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

പള്ളിത്തര്‍ക്കത്തിന് പുതിയ മാനങ്ങള്‍ നല്കുന്ന തരത്തില്‍ അക്രമങ്ങളുണ്ടാകുന്നതില്‍ ശക്തമായ പ്രതിഷേധമാണുസഭയ്ക്കുള്ളത്.

20111029

കോലഞ്ചേരി പള്ളിത്തര്‍ക്കം : മന്ത്രിസഭാ ഉപസമിതിയുടെ അഞ്ചാം ഘട്ട ചര്‍‍ച്ചയും പരാജയപ്പെട്ടു



കോട്ടയം, ഒക്ടോ.29: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്ത്തഡോക്‌സ്‌ സുറിയാനി പള്ളിയെ സംബന്ധിച്ചു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെയും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഒക്ടോ.28 വെള്ളിയാഴ്ച നടത്തിയ അഞ്ചാം ഘട്ട ചര്‍‍ച്ചയും പരാജയപ്പെട്ടു. ഇനിയൊരു ചര്‍ച്ചയ്ക്കായി തിയ്യതി നിശ്ചയിക്കാതെയാണ് വെള്ളിയാഴ്ച നടന്ന ചര്‍ച്ച പിരിഞ്ഞത്.

മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ.മുനീര്‍ എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി ഇരുവിഭാഗം നേതൃത്വവുമായി വെള്ളിയാഴ്ച രാത്രി കോട്ടയത്ത് നാട്ടകം ഗസ്റ്റ്ഹൗസിലാണ് ചര്‍ച്ച നടത്തിയത്. രാത്രി 9 മണിക്ക് തുടങ്ങിയ ചര്‍ച്ച അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് കോലഞ്ചേരിയില്‍ 45 സെന്റ് സ്ഥലവും കോട്ടൂരില്‍ 25 സെന്റ് സ്ഥലവും പള്ളി പണിയുവാന്‍ പണവും സംഘടിപ്പിച്ചു് നല്കാമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭ വാഗ്ദാനം ചെയ്തെങ്കിലും അത് അവര്‍ക്കു് സ്വീകാര്യമായില്ല. പള്ളിയുടെയും സ്വത്തുക്കളുടെയും മേല്‍ അവകാശംവേണമെന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം ആവശ്യപ്പെട്ടു.

എന്നാല്‍, സ്വത്തുക്കള്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിഇടവകയുടേതാണെന്ന നിലപാടിലായിരുന്നു ഓര്‍ത്തഡോക്‌സ് സഭ. ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളിലുറച്ചുനിന്നതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് നേരത്തേ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം അറിയിച്ചിരുന്നു.

എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച പരിഹാരമാകാതെ പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച നിരാശാജനകമായിരുന്നെന്ന് ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍ അറിയിച്ചു. ഇരു വിഭാഗങ്ങളുമായി ചര്ച്ച ഇനിയും തുടരുമെന്ന് കെ. എം മാണി വ്യക്തമാക്കി.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഗീവര്ഗീസ് മാര്‍ കൂറിലോസ് മെത്രാന്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്ജ് മാത്യു എന്നിവരും ഓര്ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യന്‍ തുടങ്ങിയവരും പങ്കെടുത്തു. പള്ളിത്തര്‍ക്കം സംബന്ധിച്ച കേസ് നവംബര്‍ രണ്ടിന് ഹൈക്കോടതി പരിഗണനയ്‌ക്കെടുക്കും.

20111028

വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ വിമതമെത്രാന്‍ കയറി


കോലഞ്ചേരി, ഒക്ടോ.26: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിനു് കീഴിലുള്ള വെട്ടിത്തറ മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രാന്‍ മാത്യൂസ്‌ മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത ബലമായി കയറി കുര്‍ബ്ബാന അര്‍‍പ്പിച്ചിട്ടുപോയി.
2011

20111022

മലങ്കര വര്‍ഗീസ് വധം: ബസേലിയോസ് തോമസ് പ്രഥമനെ ചോദ്യം ചെയ്തു


കൊച്ചി, 2011 ഒക്ടോ.21: ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മറ്റിയംഗം മലങ്കര വര്‍‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇന്ത്യയിലെ അതിരൂപതകളിലൊന്നായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മുഖ്യ മേലദ്ധ്യക്ഷനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സി.ബി.ഐ ചോദ്യം ചെയ്തു. കടവന്ത്രയിലെ സി.ബി.ഐ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂനിറ്റിലെ ഡിവൈ.എസ്.പി ആര്‍.എസ്.നായരുടെ നേതൃത്വത്തിലെ സംഘം ചോദ്യം ചെയ്തത്.

2011 ഒക്ടോ.21നു് രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടു. കൊച്ചിയിലെ സിബിഐ ഓഫിസിലെത്തിയ തോമസ് പ്രഥമനോട് അന്വേഷണ ഉദ്യാഗസ്ഥര്‍ വര്‍‍ഗീസ് കൊല്ലപ്പെട്ട കാലഘട്ടത്തിലെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. തോമസ് പ്രഥമന്റെ മൊഴിയെടുക്കുന്നതിനു് മുന്നോടിയായി ചില വൈദികരുടെ മൊഴികളും കഴിഞ്ഞ ദിവസങ്ങളില്‍ സിബിഐ രേഖപ്പെടുത്തിയിരുന്നു.

ആധ്യാത്മിക കാര്യങ്ങള്‍‍ക്കു മുന്‍‍തൂക്കം നല്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ ദുഃഖമുള്ളതായും മലങ്കര വര്‍‍ഗീസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നും ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും തോമസ് പ്രഥമന്‍ മൊഴി നല്കി. ചോദ്യം ചെയ്യലിന്‍െറ വിശദാംശങ്ങള്‍ തുടരന്വേഷണ റിപ്പോര്‍‍ട്ടിനൊപ്പം എറണാകുളം സി.ജെ.എം കോടതിയ്ക്ക് കൈമാറുമെന്ന് സി.ബി.ഐ വ്യക്തമാക്കി.

മലങ്കര വര്‍ഗീസ് വധക്കേസില്‍ കോടതി ഉത്തരവനുസരിച്ചു നടക്കുന്ന തുടരന്വേഷണത്തിന്റെ ഭാഗമായാണു് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയതു്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മലങ്കര വര്‍‍ഗീ സിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി (സി.ജെ.എം കോടതി) കേസ്സിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

കൊലപാതകത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനമാനേജരായിരുന്ന ഫാ.തെക്കേക്കരക്കൊപ്പം ഭദ്രാസനാധിപന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കും പങ്കുണ്ടെന്ന തന്‍െറയും മകന്‍ ടില്‍‍സാന്‍െറയും ആക്ഷേപം സി.ബി.ഐ അന്വേഷിക്കാന്‍ തയാറായില്ലന്ന് ചൂണ്ടിക്കാട്ടിയാണു് മലങ്കര വര്‍ഗീസിന്‍െറ ഭാര്യ സാറാമ്മ കോടതിയെ സമീപിച്ചതു്. മുഖ്യപ്രതിയായ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ മുന്‍‍ വികാരി ഫാ. വര്ഗീസ് തെക്കേക്കര മാത്രമല്ല വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നായിരുന്നു സാറാമ്മയുടെ ഹര്‍‍ജി. 2002 ഡിസംബര്‍ അഞ്ചിന് പെരുമ്പാവൂരില്‍ വച്ചാണ് കാറിലെത്തിയ അക്രമി സംഘത്തിന്‍െറ വെട്ടേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത്. 2010 മെയ് ഏഴിനാണ് ഫാ.വര്ഗീസ് തെക്കേക്കര അടക്കം 19 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.ബഥേല്‍ സുലോക്കോ യാക്കോബായ പള്ളിയുടെ ശിലാസ്ഥാപന വാര്‍ഷികാചരണം സംബന്ധിച്ച് യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന സംഘര്‍ഷവും കുടിപ്പകയുമാണ് ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ മലങ്കര വര്‍ഗീസിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

20111018

ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മലങ്കര സഭയ്ക്കെതിരെ



കോട്ടയം: കോലഞ്ചേരി പള്ളി പശ്‌നത്തില്‍ മലബാര്‍ മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയിരിയ്ക്കുന്നു. മാര്‍ത്തോമ്മ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാ താരക'യുടെ 2011 ഒക്ടോബര്‍ ലക്കത്തിലാണ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വിമര്‍ശനം.

"ബഹുഭൂരിപക്ഷം ജനങ്ങള്‍ പൈതൃകമായി കരുതുന്നതിനെ നിയമത്തിന്റെ ആനുകൂല്യത്തിന്റെ മറവില്‍ ഒരുപക്ഷത്തിനു മാത്രമായി അവകാശമാക്കിക്കൊടുക്കുന്നത്‌ ക്രൈസ്‌തവ ധര്‍മത്തിനു് ചേരുന്നതാണോയെന്ന്‌ സഭകള്‍ ആലോചിക്കണം"
എന്നു് മെത്രാപ്പോലീത്ത എഴുതിയിരിയ്ക്കുന്നു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനനുകൂലമാണീ നിലപാടെന്നു് വിലയിരുത്തപ്പെടുന്നു.

"മലങ്കര സഭയ്‌ക്ക് അതിപ്രധാന ദിവസമായിരുന്നു കാതോലിക്കേറ്റ്‌ സ്‌ഥാപിച്ചിട്ട്‌ നൂറു് വര്‍ഷം തികഞ്ഞ സെപ്‌റ്റംബര്‍ 13. മലങ്കരസഭാ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ആ ദിവസം അറിയപ്പെടാതെ പോയത്‌ നിര്‍ഭാഗ്യകരമാണു്"
- എന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ജീവിതത്തെ വിവേകത്തോടെ തിരിച്ചറിയണം: പരിശുദ്ധ ബാവ



വടക്കാഞ്ചേരി, ഒക്ടോ.17: ജീവിതത്തെ വിവേകത്തോടെ തിരിച്ചറിയുകയും സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുകയും വേണമെന്ന് പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ ആഹ്വാനം ചെയ്തു.

ഓട്ടുപാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നല്കിയ പൊതു സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു പരിശുദ്ധ ബാവ. നന്മ തിരിച്ചറിഞ്ഞ് പൊതുവേദിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഉള്‍കാഴ്ച സഭകള്‍ നേടണം. വ്യക്തിയല്ല, സ്ഥാനമാണ് ഇവിടെ ആദരിക്കപ്പെടുന്നത്. ഈ ആദരം കരുത്തും ഉണര്‍വും പകരുന്നത് സഭയ്ക്കാണെന്നും ബാവ പറഞ്ഞു.

സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദിശ നഷ്ടപ്പെടുന്നവര്‍ക്ക് ദിശാബോധം നല്കുന്ന പ്രവാചകശബ്ദമാണ് പരിശുദ്ധ കാതോലിക്ക ബാവയുടേതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയുടെ തറവാട്ടുകാരണവരാണ് കാതോലിക്ക ബാവ. പ്രതിബദ്ധതയില്ലാത്ത ആര്‍ഭാടങ്ങള്‍ക്കും ആസക്തികള്‍ക്കുമെതിരെ പ്രതികരിക്കണം. ഇടപെടലിന്റെ നൈസര്‍ഗികത ക്രൈസ്തവ സഭാംഗങ്ങള്‍ക്ക് നഷ്ടമാവുന്നു. സഭകള്‍ തമ്മിലുള്ള പരസ്പര പൊരുത്തത്തിന് കാതോലിക്ക ബാവ നേതൃത്വം നല്കണം. പൊരുത്തപ്പെടുന്ന കാലാവസ്ഥയ്ക്ക് സാഹചര്യം ഒരുക്കുന്നതിന് മാനുഷികമുഖമുള്ള നേതൃത്വത്തിന് സാധ്യമാവുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ.ജോസഫ് തോലത്ത് അദ്ധ്യക്ഷത വഹിച്ചു. എം.പി.വിന്‍സെന്റ് എം.എല്‍.എ., ഫാ.ഡോ. ദേവസി പന്തലുകാരന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ഏലിയാമ്മ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യന്‍, വാര്‍ഡംഗം എം.എ. ഷാനവാസ്, സി.എസ്.ഐ. പ്രതിനിധി കെ.എ. ജോണ്‍സണ്‍, പള്ളിക്കമ്മിറ്റി ഭാരവാഹികളായ സന്തോഷ് ചെറിയാന്‍, ലിസി തോമസ്, ലൈലാ ചാക്കോ, ജനസി വര്‍ഗീണസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക വികാരി ഫാ. ജോസഫ് മാത്യു സ്വാഗതവും പള്ളി സെക്രട്ടറി സുബിന്‍ നന്ദിയും പറഞ്ഞു.

ഇടവകപള്ളികളുടെ അവകാശം സംരക്ഷിക്കും - ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

കോട്ടയം,ഒക്ടോ.17: 1995-ലെ സുപ്രീംകോടതി വിധിയില്‍ ഇടവകപള്ളികള്‍ക്കു് നല്കിയിട്ടുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് വ്യക്‌തമാക്കി.

1934 ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതില്‍ കൂടുതലായി ഒരവകാശവും ഇടവകപള്ളികള്‍ക്ക് സുപ്രീംകോടതി നല്കിയിട്ടില്ല. അതേ ഭരണഘടന തന്നെ ഇടവകപള്ളികളുടെകാര്യവും നിയന്ത്രിക്കും എന്നു് തന്നെയാണ് 1995 ലെ വിധിയില്‍ പറഞ്ഞിരിക്കുന്നത്. വ്യവസ്ഥാപിതമായി തിരഞ്ഞെടുപ്പു്നടത്തി ഭൂരിപക്ഷം ലഭിക്കുന്നവര്‍ക്കു് ഇടവകഭരണം നല്കുന്നതാണു് ഓര്‍ത്തഡോക്സ് സഭയുടെ രീതി. എന്നാല്‍ ഇടവകപള്ളികള്ക്ക് കൂടുതലായി എന്തോ അവകാശങ്ങള്‍ സുപ്രീം കോടതി നല്കുന്നു എന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രചരണം തെറ്റിധാരണാജനകമാണ്. പൊതുവേ കോടതിവിധികള്‍ മാനിക്കാത്തവര്‍ എന്തിന് ചിലകാര്യങ്ങളില്‍ മാത്രം കോടതിയുടെ നിഗമനങ്ങളില്‍ ആശ്രയിക്കുന്നു എന്നും മനസിലാകുന്നില്ല.

പുത്തന്‍കുരിശു് പള്ളിയുടെ കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭ കോടതിവിധിമാനിക്കാന്‍ തയ്യാറാണ്. സിവില്‍ നടപടി ചട്ടത്തിലെ 92ആം വ്യവസ്ഥ അനുസരിച്ച് അനുമതി നേടാതെ സമര്‍പ്പിക്കപ്പെട്ട പുത്തന്‍കുരിശ് പള്ളി സംബന്ധിച്ച അന്യായം നിലനിലക്കില്ലെന്ന് കോടതി വിധിച്ചു.

ഈ കാര്യം പറഞ്ഞ് കോലഞ്ചേരി പള്ളിക്കുവേണ്ടി വിലപേശുന്നത് തരം താഴ്ന്ന നിലപാടാണ്. എല്ലാക്കാര്യത്തിലും ഭൂരിപക്ഷമാണ് പ്രധാനമെങ്കില്‍ പാത്രിയര്‍ക്കീസ് വിഭാഗം തന്നെ കോലഞ്ചേരിപള്ളിയുടെ അവകാശത്തിനുവേണ്ടി കേസു് കൊടുത്തത് എന്തിനാണ്?

വ്യവസ്ഥാപിതമായി പ്രവര്‍ത്തിയ്ക്കുന്ന ഏതൊരു സഭയുടെയും സംഘടനയുടെയും ശാഖകള്‍ക്ക് ആ സഭയുടെയും സംഘടനയുടെയും ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമെ സാധിയ്ക്കൂ. എന്‍ എസ് എസ്, എസ് എന്‍ ഡി പി, എം ഇ എസ് തുടങ്ങിയ സംഘടനകളുടെ പ്രാദേശിക ശാഖകള്‍ക്ക് അതാതു് സംഘടനകളുടെ ഭരണഘടനയ്ക്ക് അതീതമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ലല്ലോ?

കോലഞ്ചേരി പള്ളി: ചര്‍ച്ചയില്‍ തീരുമാനമായില്ല


തിരുവനന്തപുരം,ഒക്ടോ.17: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് പള്ളിയെ സംബന്ധിച്ചു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഒക്ടോ.17നു് രാത്രി 8 മണിയ്ക്കു് തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

നാലാംവട്ട ചര്‍ച്ച രാത്രി ഒന്നര വരെ നീണ്ടെങ്കിലും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാര നിര്‍ദ്ദേശം ഉരുത്തിരിഞ്ഞില്ല. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് കോലഞ്ചേരിയില്‍ 45 സെന്റ് സ്ഥലവും കോട്ടൂരില്‍ 25 സെന്റ് സ്ഥലവും പള്ളി പണിയുവാന്‍ കുറച്ചു് പണവും നല്കാമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭ വാഗ്ദാനം ചെയ്തെങ്കിലും അത് അവര്‍ക്കു് സ്വീകാര്യമായില്ല. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എ. മുനീര്‍ എന്നിവര്‍ ഇരുകൂട്ടരുമായും ഒന്നിച്ചും വെവ്വേറെയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാല്‍ അടുത്ത ഞായറാഴ്ച വരെ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിയ്ക്കുമെന്നാണ് ഓര്‍ത്തഡോക്സ് സഭ അറിയിച്ചത്. സര്‍ക്കാര്‍ വിളിച്ചാല്‍ വീണ്ടും ചര്‍ച്ചയ്ക്ക് എത്തുമെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം വ്യക്‌തമാക്കിട്ടുണ്ട്. എങ്കിലും അടുത്ത ചര്‍ച്ചയുടെ തീയതി തീരുമാനിച്ചില്ല.

ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും അടുത്ത ഞായറാഴ്‌ചയ്‌ക്കുള്ളില്‍ കോടതിവിധി നടപ്പാക്കണമെന്നുമാണ്‌ ഓ‍ര്‍ത്തഡോക്‌സ് സഭയുടെ നിലപാട്‌. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്തമുണ്ടെന്നും ഭരണകൂടം അതിനു് തയാറാകണമെന്നും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു.

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച് ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലിത്ത, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത, സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്ത, ഫാ. കുര്യന്‍ ചേലാട്, ജോര്‍ജ് ജോസഫ് എന്നിവരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാന്‍, ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാന്‍, ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍, തമ്പു ജോര്‍ജ്, കെ.ജെ വര്‍ക്കി തുടങ്ങിയവരും പങ്കെടുത്തു.

20111012

കോലഞ്ചേരി പള്ളിത്തര്‍ക്കം: മന്ത്രി സഭാ ഉപസമിതി ചര്‍ച്ച ഇനി 17നു്



തിരുവനന്തപുരം,ഒക്ടോ.12: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയെ സംബന്ധിച്ചു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിയ്ക്കാന്‍ ഇരുസഭകളുടെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഇന്നലെ (ഒക്ടോ.11നു്) രാത്രി 8 മണി മുതല്‍ 3മണി വരെ തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ മൂന്നാം വട്ട ചര്‍ച്ചനടത്തി. ഇരുപക്ഷവും മുന്‍ നിലപാടുകളില്‍ ഉറച്ചുനില്ക്കുകയാണെങ്കിലും നേരിയ വിട്ടുവീഴ്‌ചക്കു് തയാറാകുമെന്ന സൂചനയുണ്ട്‌. കോടതിവിധി നടപ്പാക്കുന്നതിനു് കോടതിവിധിയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിട്ടുവീഴ്ചകള്‍ ചെയ്യാമെന്നു് ഓര്‍ത്തഡോക്‌സ്‌ സഭ വ്യക്തമാക്കിയിട്ടുണ്ടു്.

മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.കെ.മുനീര്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ ചര്‍ച്ചാ നടത്തുന്നത്‌. ഇന്നലെ രാത്രി എട്ടുമണിയോടെ തുടങ്ങിയ ചര്‍ച്ച പുലര്‍ച്ചെ 3 മണിവരെ നീണ്ടു.

പുത്തന്‍കുരിശ്‌ പള്ളി:ഓര്‍ത്തഡോക്‌സ് സഭയുടെ അപ്പീല്‍ തള്ളി


സിവില്‍ നടപടി ചട്ട (സിപിസി) ത്തിലെ 92-ആം വ്യവസ്‌ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ട അന്യായം സാങ്കേതികമായി നിലനില്ക്കില്ലെന്നു്; പുത്തന്‍കുരിശ്‌ പളളി 1934 ലെ സഭാഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ടതുണ്ടോയെന്ന കാര്യമല്ല കോടതി പരിശോധിച്ചതു്

കൊച്ചി, ഒക്ടോ. 11: കണ്ടനാട്‌ വെസ്റ്റ് ഭദ്രാസനത്തിലെ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് പള്ളിത്തര്‍ക്കത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അന്യായം തള്ളിയ ഒന്നാം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) ഉത്തരവു് ജസ്‌റ്റിസ്‌ വി. രാംകുമാര്‍, ജസ്‌റ്റിസ്‌ പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെ‌ട്ട ഡിവിഷന്‍ ബെഞ്ച്‌ ശരിവച്ചു..

പുത്തന്‍കുരിശ്‌ പള്ളി 1934-ലെ ഭരണഘടനയനുസരിച്ചു് ഭരിക്കപ്പെടേണ്ടതാണെന്നും എതിര്‍ വിഭാഗത്തിനു വിലക്ക്‌ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന അന്യായം എറണാകുളം ഒന്നാം അഡീ. ജില്ലാ കോടതി തള്ളിയതിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു് വേണ്ടി പള്ളി വികാരി, ഇട്ടന്‍പിള്ള, കുര്യാക്കോസ്‌, ഏബ്രഹാം കത്തനാര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലാണു് തള്ളിയതു്.

സിവില്‍ നടപടി ചട്ട (സിപിസി) ത്തിലെ 92-ആം വ്യവസ്‌ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ട അന്യായം സാങ്കേതികമായി നിലനില്ക്കില്ലെന്ന കീഴ്‌ക്കോടതി വിധിയില്‍ അപാകതയില്ലെന്നു് ഹൈക്കോടതി വിലയിരുത്തി. പള്ളിയ്ക്ക്‌ 1934-ലെ ഭരണഘടന ബാധകമാണോ എന്ന വിഷയം ഇവിടെ പരിഗണിക്കുന്നില്ലെന്നും പറഞ്ഞു. പൊതു ട്രസ്‌റ്റിന്റെ പരിധിയില്‍ വരുന്ന ഇടവക പള്ളികള്‍ക്കെതിരേ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും അനുമതി തേടാതെയുള്ള ഹര്‍ജി നിലനില്ക്കില്ലെന്നുമുള്ള കീഴ്‌കോടതി ഉത്തരവ്‌ ജസ്‌റ്റിസുമാരായ വി. രാംകുമാറും പി.ക്യു. ബര്‍ക്ക്ത്തലിയും ഉള്‍പ്പെട്ട ബെഞ്ച്‌ ശരിവച്ചു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു് കീഴിലുള്ള ഈ ഇടവക പള്ളി, സിവില്‍ നടപടി ചട്ടത്തിലെ 92ആം വകുപ്പില്‍ വിഭാവനം ചെയ്യുന്ന പ്രകാരം മത, ജീവകാരുണ്യപരമായ പൊതുട്രസ്‌റ്റാണ്‌. മതപരമോ ജീവകാരുണ്യപരമോ ആയ ട്രസ്‌റ്റുകളെയും ക്ഷേത്രം, മഠം, വഖഫ്‌, പള്ളി, സിനഗോഗ്‌ ഉള്‍പ്പെടെ ആരാധനാലയങ്ങളെയും പൊതുട്രസ്‌റ്റായി കണക്കാക്കാം. ഇടവക അസംബ്ലിയില്‍ അംഗമല്ലാത്തവരും ഇടവകക്കാരാണ്‌. വ്യവസ്‌ഥകള്‍ക്കു് വിധേയമായി പുരുഷന്മാര്‍ക്കായി ഇടവക അസംബ്ലിയിലെ അംഗത്വം പരിമിതപ്പെടുത്തിയിട്ടുള്ളപ്പോഴും ആരാധനാ സ്വാതന്ത്ര്യത്തിന്‌ ഈ നിയന്ത്രണം ഇല്ലെന്നു് കോടതി പറഞ്ഞു. 1934-ലെ ഭരണഘടന സ്‌ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ഇടവകകളില്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനല്കുന്നുണ്ട്‌. എന്നാല്‍ ഇടവക പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ പുരുഷന്മാര്‍ക്കു് മാത്രമേ അവകാശമുള്ളൂവെന്നും പള്ളി രജിസ്‌റ്ററില്‍ കുട്ടികളുടെയും വിവാഹങ്ങളിലൂടെ ഇടവകയില്‍ അംഗത്വം നേടുന്നവരുടെയും പേരു വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വ്യവസ്‌ഥയിലെന്നും കോടതി പറഞ്ഞു. അതിനാല്‍ എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന്‌ കോടതി വിലയിരുത്തി. മതസ്‌ഥാപനങ്ങളിലെ ദുര്‍ഭരണമാണ്‌ ആരാധനാ കാര്യങ്ങളില്‍ കോടതി ഇടപെടലുകള്‍ക്ക് ‌ കാരണം. പള്ളികള്‍ ദൈവത്തിന്റെയാണ്‌. അളവറ്റ സമ്പത്ത്‌ കുമിഞ്ഞുകൂടുമ്പോഴാണ്‌ തര്‍ക്കയമുണ്ടാകുന്നത്‌. പുത്തന്‍കുരിശ്‌ പളളി 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ടതുണ്ടോയെന്ന കാര്യമല്ല തങ്ങള്‍ പരിശോധിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

ജനാധിപത്യവിരുദ്ധവും ക്രൈസ്‌തവ വിരുദ്ധവുമായ നടപടികള്‍ മൂലം കോടതിയെ പ്രകോപിപ്പിക്കുന്നവര്‍ മത, ആരാധനാ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുമെന്നും കോടതി ഓര്‍മപ്പെടുത്തി:- ആരാധനാസ്വാതന്ത്രൃം ഇന്ന്‌ എവിടെയെത്തി നില്ക്കുന്നു? ആത്മീക, ലൗകിക കാര്യങ്ങളില്‍ ആധിപത്യം സ്‌ഥാപിക്കാനുള്ള പോരാട്ടമാണു് നടക്കുന്നത്‌. ഒരേ വളപ്പില്‍ തന്നെ ഇരുകൂട്ടര്‍ക്കും പള്ളി സ്‌ഥാപിക്കുന്നതുവഴി ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന ആലോചന ചില കേസുകളിലുണ്ടായി. വിശ്വാസികളെ കൂടുതല്‍ ധ്രുവീകരിക്കാനേ ഇതുപകരിക്കൂ. അഭിപ്രായവ്യത്യാസം ആശയ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അംഗീകരിച്ചാല്‍ പോലും ദൈവസന്നിധിയില്‍ പരസ്‌പരം പോരടിക്കുന്നതിനു ന്യായീകരണമില്ല. സ്വത്തു് കൂടുമ്പോള്‍ പിടിവലി കൂടുമെന്നതാണ്‌ അനുഭവം. കെടുകാര്യസ്‌ഥത മൂലമാണ്‌ ആരാധനാ കാര്യങ്ങളില്‍ ഉള്‍പ്പെടെ കോടതി ഇടപെടല്‍ വേണ്ടിവരുന്നത്‌.
ഇതിനകം കോടതി നല്കിയ ഉത്തരവുകള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ കടുത്ത നടപടി വേണ്ടിവരും. പരസ്‌പരം പോരടിക്കുന്ന മതവിഭാഗങ്ങള്‍ ഓര്‍ക്കേജണ്ട ഒരു കാര്യമുണ്ട്‌- ആരാധനാസ്വാതന്ത്രൃത്തിന്റെ വ്യാപ്‌തി എത്ര വലുതായാലും അക്രമമാര്‍ഗം വെടിഞ്ഞ്‌ സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്താന്‍ ഭരണഘടനയനുസരിച്ച്‌ ഓരോ പൗരനും ബാധ്യതയുണ്ട്‌.- കോടതി ഉത്തരവില്‍ പറഞ്ഞു.

മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ കയറി ധൂപപ്രാര്‍ഥപനയര്‍പ്പിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാവിശ്വാസികളുടെ അപ്പീല്‍ തള്ളിയതോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ മെത്രാന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് ഒക്ടോ. 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍‍ കയറി ധൂപപ്രാര്‍ഥന നടത്തി.

20 വര്‍ഷത്തോളമായി (1990മുതല്‍) ഇരുവിഭാഗ മെത്രാന്മാരും പള്ളിയില്‍ കയറിയിരുന്നില്ല. വൈകിട്ട് ഏഴുമണിയോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ പുത്തന്‍കുരിശില്‍ പടക്കം പൊട്ടിച്ചു് ആഹ്ലാദപ്രകടനം നടത്തി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയെന്നു് വ്യക്തമാക്കുന്ന മാര്‍‍ബിള്‍ ഫലകം പള്ളിയില്‍‍ നിന്നു് നീക്കം ചെയ്തു.
പിന്നീട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗ പ്രാദേശിക കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും നടത്തി.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ കയ്യേറ്റത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാവിശ്വാസികള്‍ക്കു് പ്രതിഷേധവും ദുഃഖവുമുണ്ടു്. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണു് നീക്കം.


പള്ളിത്തര്ക്കം: അക്രമം ഒഴിവാക്കാന്‍ എല്ലാവരും ബാധ്യസ്ഥരെന്ന് ഹൈക്കോടതി

20111011

പള്ളിത്തര്‍ക്കം: ഇരുവിഭാഗവും വിട്ടുവീഴ്‌ചയ്‌ക്കില്ല, ഇന്നു് മൂന്നാംവട്ട ചര്‍ച്ച





കോട്ടയം: കോലഞ്ചേരി പള്ളി പ്രശ്‌നം നീളുന്നത്‌ സര്ക്കാരിന്‌ തലവേദനയാകുന്നു. പ്രശ്‌നപരിഹാരത്തിനായി മന്ത്രിസഭാ ഉപസമിതി രണ്ട്‌ തവണ ചര്ച്ച് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്നു് രാത്രി 8ന്‌ തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ മന്ത്രിസഭാ ഉപസമിതി ഇരുകൂട്ടരുമായി മൂന്നാംവട്ട ചര്‍ച്ച നടത്തും. ഇതില്‍ ഇരുകൂട്ടരും മുന്‍നിലപാടില്‍ ഉറച്ചുനിന്നാല്‍ കോടതിവിധി നടപ്പിലാക്കാന്‍ സര്ക്കാര്‍ നിര്‍ബന്‌ധിതമാകും.

കോട്ടയത്തു് നടന്ന കഴിഞ്ഞചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എം. മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും കോടതിവിധി നടപ്പാക്കണമെന്നാണ്‌ അഡ്വ. ജനറലിന്റെ നിയമോപദേശമെന്ന്‌ യാക്കോബായ വിഭാഗത്തെ അറിയിച്ചിരുന്നു. എന്നാലിത്‌ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. പള്ളിയില്‍ പൊതുയോഗം വിളിച്ചുകൂട്ടി ഹിതപരിശോധന നടത്തണമെന്നാണ്‌ അവരുടെ ആവശ്യം. കോടതിവിധി നടപ്പിലാക്കിയ ശേഷം മതി ഹിതപരിശോധന എന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിലപാട്‌.

1934-ലെ ഭരണഘടനപ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന്‌ കോടതിവിധിയില്‍ പറയുന്നതാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭ ചൂണ്ടിക്കാട്ടിയത്‌. യാക്കോബായ വിഭാഗം നല്കിയ കേസിലാണ്‌ ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്‌. തുടര്‍ന്ന് ‌ യാക്കോബായ വിഭാഗം വീണ്ടും കോടതിയില്‍ പോയെങ്കിലും ഹിതപരിശോധന നടത്തണമെന്നും വിധി സ്‌റ്റേ ചെയ്യണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ മദ്ധ്യസ്‌ഥ ശ്രമത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ്‌ ആവശ്യപ്പെട്ടത്‌. ഇല്ലാത്തപക്ഷം നവംബര്‍ രണ്ടിന്‌ കേസ്‌ പരിഗണിക്കുമ്പോള്‍ ഇരുകൂട്ടരുടെയും വാദം വിശദമായി കേട്ട്‌ അന്തിമവിധി പുറപ്പെടുവിക്കും

അവലംബം-ദീപു മറ്റപ്പള്ളി,കേരളകൗമുദി

മലങ്കര വര്ഗീസ്‌ വധം: തോമസ്‌ പ്രഥമന്‍ ബാവായെ സിബിഐ ചോദ്യം ചെയ്യും


കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായില്‍ നിന്നു് സിബിഐമൊഴിയെടുക്കും. ഇതു സംബന്ധിച്ച്‌ ഉടന്‍ ബാവായ്‌ക്കു് സിബിഐ നോട്ടിസ്‌ നല്കും

തോമസ്‌ ബാവായില്‍ നിന്നു മൊഴിയെടുക്കാന്‍ സിബിഐ ശ്രമിച്ചിരുന്നുവെന്നും അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം മൊഴിയെടുപ്പില്‍ നിന്നു വിട്ടു നില്ക്കുകയായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ്‌ നോട്ടീസ്‌ നല്കിയശേഷം മൊഴിയെടുക്കാന്‍ തീരുമാനിച്ചതെന്നും സിബിഐ കോടതിയെ അറിയിച്ചു.

മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ ഫാദര്‍ ഐസക്‌ മട്ടുമ്മേല്‍ കോര്‍-എപ്പിസ്കോപ്പാ സമര്‍പ്പിച്ച ഹര്‍ജി ഒക്ടോ.10നു് എറണാകുളം സിജെഎം കോടതി പരിഗണിച്ചപ്പോഴാണു് സിബിഐ ഇതു് അറിയിച്ചതു് . ഹര്‍ജിയില്‍ എതിര്‍ സത്യവാങ്‌ മൂലം സമര്‍പ്പിക്കാന്‍ സിബിഐയോടു കോടതി നിര്‍ദേശിച്ചിരുന്നു. രാഷ്‌ട്രീയ ഇടപെടല്‍ അന്വേഷണത്തെ സ്വാധീനിക്കുന്നു, കേസില്‍ ഉന്നതര്‍ക്ക്‌ പങ്കുണ്ടോയെന്നറിയാന്‍ ഇപ്പോഴത്തെ അന്വേഷണം പര്യാപ്‌തമല്ല, സാക്ഷിമൊഴികള്‍ പൂര്‍ണമായും പരിശോധിക്കാതെയാണു സി ബി ഐ അന്വേഷണം നടത്തിയത്‌ തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു, ഓര്‍ത്തഡോക്‌സ്‌ സഭാംഗമായ ഫാദര്‍ ഐസക്‌ മട്ടുമ്മേല്‍ കോര്‍-എപ്പിസ്കോപ്പാ ആണ്‌ ഹര്‍ജി നല്‍കിയത്‌.

മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തിയ പ്രതികള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ഫാ. ജോര്‍ജ് മട്ടുമ്മേലിനേയും ലക്ഷ്യമിട്ടിരുന്നതായുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കേസിനു വഴിയൊരുക്കിയ സംഭവങ്ങള്ക്കു ശേഷം ഫാ. ജോര്‍ജ് മട്ടുമ്മേല്‍ രോഗത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിന്റെ മേല്നോട്ട കോടതിയായ എറണാകുളം സി.ജെ.എം. കോടതി മുമ്പാകെ ഫാ. ജോര്‍ജ് മട്ടുമ്മേലിന്റെ ബന്ധുവായ ഫാ.ഐസക്ക് കോര്‍-എപ്പിസ്കോപ്പാ സമര്‍പ്പിച്ചിട്ടുള്ള ഈ ഹര്‍ജിയുടെ കാര്യത്തില്‍ സി.ബി.ഐ.യുടെ നിലപാടറിയാന്‍ സെപ്തം. 26നു് കേസ് ഒക്ടോബര്‍ മൂന്നിലേയ്ക്കും മൂന്നിനു് ഒക്ടോ.10ലേയ്ക്കും പരിഗണയ്ക്കു വച്ചിരുന്നു.

തുടരന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും

മലങ്കര വര്‍ഗീസ്‌ വധക്കേസിന്റെ തുടരന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നു സിബിഐയുടെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡപ്യൂട്ടി സൂപ്രണ്ട്‌ എന്‍.ആര്‍. നായര്‍ ഒക്ടോ.10നു് കോടതിയെ ബോധിപ്പിച്ചു. തുടരന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്നു കാണിച്ചു കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണു് സിബിഐ എറണാകുളം സിജെഎം കോടതി മുന്‍പാകെ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌.

അന്വേഷണ പുരോഗതി മേല്‍നോട്ട കോടതിയെ അറിയിക്കാന്‍ തയാറാണെന്നും എന്നാല്‍ ഹര്‍ജിക്കാരിയെ ഇക്കാര്യങ്ങള്‍ അറിയിക്കേണ്ട ബാധ്യത നിയമപരമായി അന്വേഷണ ഏജന്‍സിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ സിബിഐ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്‌.

മലങ്കര വര്ഗീസ് കൊലക്കേസിന്റെ തുടരന്വേഷണ പുരോഗതി ഇപ്പോഴത്തെ സാഹചര്യത്തില്‍ വെളിപ്പെടുത്തുന്നത് എരിതീയില്‍ എണ്ണയൊഴിക്കും പോലെയാവുമെന്നും കൂടുതല്‍ സമയം വേണമെന്നും നേരത്തെ സെപ്തം. 19നു് സി.ബി.ഐ. കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ അഡ്വ. സി.പി. ഉദയഭാനു മുഖേനയാണ് സാറാമ്മ ഹര്ജി സമര്പ്പിച്ചത്.







20111007

വിമത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തി



കൊച്ചി: യൂറോപ്പിലെ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നു് വിമത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ മാര്‍ സേവേറിയോസ്‌ മോശ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാര്‍ സേവേറിയോസ്‌ മോശയെ യൂറോപ്യന്‍ ആര്‍ച്ച് ബിഷപ്പായി മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരാണു് വാഴിച്ചയച്ചതു്. ഇതു് അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍ മാത്രമല്ല മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലും ചില പ്രശ്‌നത്തിനിടയാക്കി.

ജര്‍മനിയിലെ തുര്‍‍ക്കി വംശജനായ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് റമ്പാനെ മാര്‍ സേവേറിയോസ്‌ മോശ ഗൊര്‍ഗുന്‍ എന്ന പേരില്‍ വാഴിച്ചയച്ചതു് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സിനഡിന്റെ സമ്മതത്തോടെയാണെന്നും അല്ലെന്നുമുള്ള തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കവുമായി ബന്ധപ്പെട്ടു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി തെറ്റിയ മാര്‍ സേവേറിയോസ്‌ മോശ ഗൊര്‍ഗാന്‍ മെത്രാപ്പോലീത്ത കേരളത്തില്‍ ഭദ്രാസനങ്ങള്‍ സ്ഥാപിയ്ക്കുകയും കക്ഷിഭേദമെന്യേ മലങ്കരയിലെ വിമതരെ അടര്‍ത്തിയെടുത്ത്‌ തന്‍റെ അന്ത്യോഖ്യന്‍ സിറിയക്‌ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ക്കുകയും കേരളത്തിലെ സഭാതര്‍ക്കത്തില്‍ ഇടപെടാന്‍ തുടങ്ങുകയും ചെയ്തു. ഇതു് മലങ്കര സഭാനേതൃത്വത്തെ ചൊടിപ്പിച്ചു. മാര്‍ സേവേറിയോസ്‌ മൂസാ ഗുര്‍ഗാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുകൊണ്ട്‌ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കാ ബാവ കല്പ്പന പുറപ്പെടുവിക്കുകയും ചെയ്തു.

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി സാഹോദര്യ ബന്ധം പുനഃസ്ഥാപിയ്ക്കാനുള്ള ആഗ്രഹം കൊണ്ടു് വിമത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസ് ഫ്രാന്‍സില്‍ കൂടിയാണു് കേരളത്തിലെ അന്ത്യോക്യന്‍ സുറിയാനി സഭാപ്രവര്‍ത്തനം അവസാനിപ്പിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടതെന്നു് മാര്‍ സേവേറിയോസ്‌ മോശ വ്യക്‌തമാക്കി. കേരളത്തിലെ ഭദ്രാസനങ്ങള്‍ നിര്‍ത്തലാക്കുന്നതായും താന്‍ വാഴിച്ച രണ്ടു മലയാളി മെത്രാന്മാരെ തിരിച്ചുവിളിക്കുന്നതായും 'കല്പ്പന'യില്‍ പറയുന്നു. ഇവരിനി യൂറോപ്പില്‍ പ്രവര്‍ത്തിയ്ക്കും. കോലഞ്ചേരി പള്ളിപ്രശ്നത്തില്‍ ഉപവാസമനുഷ്ഠിച്ച പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസ്സേലിയോസ് പൗലോസ് മര്തോീമ ബാവയ്ക്കു് പിന്തുണയും നല്കി

കേരളത്തില്‍ സഭാതര്‍ക്കം രൂക്ഷമായ വേളയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായി മൂസാ ഗുര്‍ഗാന്‍ അടുക്കാന്‍ ശ്രമിക്കുന്നതിനു് പ്രാധാന്യം കാണുന്നവരുമുണ്ട്‌.

പള്ളിത്തര്‍ക്കം: മന്ത്രി സഭാ ഉപസമിതി ചര്‍ച്ച പരാജയം




മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.എം. മാണിയും
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ഓര്‍ത്തഡോക്‌സ്‌,
യാക്കോബായ നേതാക്കളുമായി ചര്‍ച്ച
നടത്തിയപ്പോള്‍.- മനോരമ


കോട്ടയം: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയെ സംബന്ധിച്ചു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിയ്ക്കാന്‍ ഇരുസഭകളുടെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി നാട്ടകം ഗസ്‌റ്റ്‌ ഹൗസില്‍ ഒക്ടോ.6നു് രാത്രി 8.45 മുതല്‍ 11.30 വരെ ചര്‍ച്ച നടത്തി. കോടതിവിധി നടപ്പാക്കിയശേഷം വിട്ടുവീഴ്ച ചെയ്യാമെന്നു് ഓര്‍ത്തഡോക്‌സ്‌ സഭ വ്യക്തമാക്കി. കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം വേണമെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും വാദിച്ചു.

മന്ത്രിസഭാ ഉപസമിതിയംഗങ്ങളായ മന്ത്രി കെ. എം. മാണി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരും ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധാനം ചെയ്തു് ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌, ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഡോ. ജോര്‍ജ്‌ ജോസഫ്‌, ഫാ. ജേക്കബ് കുര്യന്‍, ഫാ.പോള്‍ മത്തായി തുടങ്ങിയവരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ പ്രതിനിധാനം ചെയ്തു് ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്‌, മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, തമ്പു ജോര്‍ജ്‌ തുടങ്ങിയവരുമാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.ആദ്യം ഒരുമിച്ചും പിന്നെ വെവ്വേറെയുമാണു് ചര്‍ച്ച നടന്നതു്.

മന്ത്രിസഭ ഉപസമിതിയില്‍ മന്ത്രി എം. കെ. മുനീറും ഉണ്ടെങ്കിലും ഇന്നലത്തെ ചര്‍ച്ചയ്‌ക്ക്‌ മുനീര്‍ എത്തിയിരുന്നില്ല. ഒക്ടോ.11നു് തിരുവനന്തപുരത്തു് ചര്‍ച്ച തുടരും


20111006

മാതാപിതാക്കള്‍ ആത്മീയ പരിശീലകരുമാകണം: പരിശുദ്ധ ബാവ




കോട്ടയം,ഒക്ടോ.6: മക്കള്‍ക്ക് ജന്മം നല്‍കി അവര്‍ക്ക് ഭൌതീക സുഖസൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ബദ്ധപ്പെടുന്ന മാതാപിതാക്കള്‍ ആത്മീയ പരിശീലകര്‍ ആയികൂടി പ്രവര്‍ത്തിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ നിര്‍‍ദേശിച്ചു.

ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ “മക്കള്‍ മഹാദാനം” എന്ന ആശയത്തില്‍ അധിഷ്ഠിതമായി ആരംഭിച്ച “പതിരാവരുത് ഈ കതിരുകള്‍”എന്ന ക്രിസ്തീയ രക്ഷാകര്‍ത്തൃദൌത്യ പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ ആത്മീയ പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും, ഇടവകകളും സഹകരിക്കണമെന്ന് അദ്ദേഹം പ്രത്യേക കല്പനയിലൂടെ ആഹ്വാനം ചെയ്തു.

പെരുനാളുകളിലും വിശേഷാവസരങ്ങളിലും ധൂര്‍ത്തും, ആര്‍ഭാടവും ഒഴിവാക്കണം, കുട്ടികളെ ലളിത ജീവിതം പരിശീലിപ്പിക്കണം. യുവാക്കള്‍ ലഹരി ആസക്തി, സത്താന്‍ ആരാധന, കുത്തഴിഞ്ഞ ജീവിതം എന്നിവയിലേക്ക് വഴുതി പോകുന്ന ഇന്നത്തെ അവസ്ഥ തുടരുന്നത് ആപല്‍ക്കരമാണ്. ഈ ദുഷിച്ച പ്രവണത തടയുന്നതിന് ശക്തമായ ബോധവത്ക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

20111004

കോലഞ്ചേരി പള്ളിത്തര്‍ക്കം: ഒക്ടോ.6നും 11 നും വീണ്ടും ചര്‍ച്ച





തിരുവനന്തപുരം: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിനു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഒക്ടോ.3നു് വൈകിട്ടു് പ്രാഥമിക ചര്‍ച്ച നടത്തി. ഒക്ടോ.6നു് കോട്ടയത്തും 11നു് തിരുവനന്തപുരത്തും വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയിലാണു് പിരിഞ്ഞത്‌. ആദ്യം ഇരു കൂട്ടരുമായും ഒന്നിച്ചും പിന്നീടു് പ്രത്യേകമായും മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി.

മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.കെ. മുനീര്‍ എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതിണു് ചര്‍ച്ചയ്‌ക്കു നേതൃത്വം നല്‍കിയത്‌. ഇരു കൂട്ടരും സ്വന്തം നിലപാട്‌ മന്ത്രിസഭാ ഉപസമിതി മുന്‍പാകെ വിശദീകരിച്ചു. എന്നാല്‍ നിയമം വ്യാഖ്യാനിച്ചു വാദിക്കുന്നതിനു് പകരം ഇരുകൂട്ടര്‍ക്കും യോജിക്കാവുന്ന മേലകള്‍ കണ്ടെത്താനാണു് തങ്ങള്‍ ശ്രമിക്കുന്നതെന്നു് മന്ത്രിമാര്‍ അറിയിച്ചു. ഇത്തരമൊരു ചര്‍ച്ച തന്നെ സൗഹാര്‍ദത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്നു് മണിക്കൂറോളം നീണ്ട ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് വേണ്ടി ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. ജോര്‍ജ്‌ ജോസഫ്‌, ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. സി.എം. കുര്യാക്കോസ്‌, ഫാ. റോബിന്‍ മര്‍ക്കോസ്‌ തുടങ്ങിയവരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിനുവേണ്ടി ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, തമ്പു ജോര്‍ജ്‌, ജീമോന്‍ തെക്കേത്തലയ്‌ക്കല്‍, കെ.ജെ. വര്‍ക്കി, സ്ലീബാ ഐക്കരക്കുന്നത്ത്‌ തുടങ്ങിയവരുമാണു് ചര്‍ച്ചയില്‍ പങ്കെടുത്തത്‌.