20100512

മെത്രാന്‍, മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍

.

എപ്പിസ്കോപ്പാ

‘എപ്പിസ്കോപ്പാ’ (മെത്രാന്‍) എന്ന വാക്കിന്റെ അര്‍ത്ഥം ‘മേല്‍നോട്ടക്കാരന്‍’(Overseer) എന്നാണ്. ഭൂമിയിലെ ആദ്ധ്യാത്മിക കാര്യങ്ങളുടെ മേല്‍നോട്ടക്കാരനും, ദൈവിക രഹസ്യങ്ങളുടെ ഗൃഹവിചാരകനുമാണ് എപ്പിസ്കോപ്പാ. യേശു ക്രിസ്തുവിന്റെ കൌദാശിക സാന്നിദ്ധ്യമാണ് എപ്പിസ്കോപ്പാ എന്ന് ഓര്‍ത്തഡോക്സ് പാരമ്പര്യം പഠിപ്പിക്കുന്നു. The sacramental presence of Jesus Christ indwelled in Episcopa. അതുകൊണ്ടാണ് ജനം എപ്പിസ്കോപ്പാമാരുടെ കൈകള്‍ മുത്തുന്നത്. അപ്പോസ്തോലിക കൈവയ്പ്പിന്റെ പിന്‍തുടര്‍ച്ചക്കാരാണ് എപ്പിസ്കോപ്പാമാര്‍.

മെത്രാപ്പോലീത്ത

‘Metro’, ‘Polis’ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ‘മെത്രാപ്പോലീത്ത’ എന്ന പദം ഉണ്ടായിരിക്കുന്നത്. ‘Polis’എന്നാല്‍ പട്ടണം എന്നാണ് ‘Metro’ എന്നാല്‍ വലിയ. ആദിമകാലത്ത് സുവിശേഷം പ്രചരിച്ചിരുന്ന റോമാ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളെല്ലാം മെത്രാപ്പോലീത്തന്‍ സിറ്റികളായിരുന്നു. അവിടുത്തെ എപ്പിസ്കോപ്പാമാര്‍ മെത്രാപ്പോലീത്ത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ആത്മീയ അധികാരത്തോടൊപ്പം ഭൌതിക അധികാരവും അവര്‍ക്കുണ്ടായിരുന്നു. മെത്രാപ്പോലീത്തന്‍മാര്‍ക്ക് ആത്മീയ അധികാരത്തോടു കൂടി സഭയുടെ ഭൌതികമായ കാര്യങ്ങളുടെ മേല്‍നോട്ടവും ചേര്‍ന്നു വരുന്നു.
വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ സ്വതന്ത്ര ചുമതലയോടെ ഭരിക്കുവാനായി സ്ഥാനാരോഹണം ചെയ്യപ്പെട്ട എപ്പിസ്കോപ്പായാണ് മെത്രാപ്പോലീത്ത. സ്വതന്ത്ര ചുമതലയില്ലാത്ത എപ്പിസ്കോപ്പ (മെത്രാന്‍) ഏതെങ്കിലും മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായിരിക്കും.



1934 - ലെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ ഭരണഘടന 113 - ാം വകുപ്പനുസരിച്ച് നടത്തുന്നതാണ് മെത്രാന്‍ തെരഞ്ഞെടുപ്പ്. മെത്രാനായി ആയി പട്ടം കൊടുക്കണമെങ്കില്‍ ആ വ്യക്തിയെ പള്ളി പ്രതിപുരുഷന്മാര്‍ (4000) അംഗങ്ങളായുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ തെരഞ്ഞെടുക്കുകയും, ആ തെരഞ്ഞെടുപ്പ് എപ്പിസ്ക്കോപ്പല്‍ സിനഡ് (Bishops Council) അംഗീകരിക്കുകയും വേണം. ഡെമോക്രസിയുടെയും എപ്പിസ്ക്കോപ്പസിയുടെയും സമജ്ഞസ സമ്മേളനമാണ് ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം.

ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകതയുണ്ട്. അസ്സോസിയേഷനില്‍ ഹാജരുള്ള വൈദീകരുടെയും അത്മായരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം നേടിയെങ്കില്‍ മാത്രമെ ഒരാള്‍ മെത്രാന്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയുള്ളു. തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങളനുസരിച്ച് അര്‍ഹരായ സ്ഥാനാര്‍ത്ഥികളെ സിനഡ് പ്രതിനിധികളും സഭാ സ്ഥാനികളും മാനേജിംഗ് കമ്മറ്റിയുടെ പ്രതിനിധികളടങ്ങുന്ന സ്ക്രീനിംഗ് കമ്മറ്റി വിലയിരുത്തിക്കഴിഞ്ഞ് ലിസ്റ് സഭാ മാനേജിംഗ് കമ്മറ്റിക്ക് സമര്‍പ്പിച്ചു. സഭാ മാനേജിംഗ് കമ്മറ്റി പരിഗണിച്ച് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടിക മലങ്കര അസ്സോസിയേഷന് സമര്‍പ്പിച്ചു. ആ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെ അസ്സോസിയേഷന്‍ തെരഞ്ഞെടുത്തതാണ് 2010 മെയ് 12നു് അഭിഷേകം ചെയ്യപ്പെട്ട 7 വൈദിക ശ്രേഷ്ഠര്‍. 7 പേര്‍ക്കൂടി വാഴിക്കപ്പെട്ടതോടെ ഓര്‍ത്തഡോക്സ് സഭയ്ക്ക് പരിശുദ്ധ ബാവായടക്കം 33 മെത്രാന്‍മാരായി. 7 പേരൊഴിച്ചുള്ളവരെല്ലാം മെത്രാപ്പോലീത്തമാരാണിപ്പോള്‍.

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.