20100522

മലങ്കര വര്‍ഗീസ്‌ വധം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസന മാനേജരച്ചനെതിരെ ജാമ്യമില്ലാ വാറന്റ്‌


കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസിലെ ഒന്നാം പ്രതിയും സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസന മാനേജരുമായിരുന്ന ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കെതിരെ കോടതി മെയ് 20നു് ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു. കേസിലെ മറ്റു 18 പ്രതികളും പലപ്പോഴായി കോടതിയില്‍ കീഴടങ്ങുകയും, അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു. ഒടുവില്‍ അറസ്‌റ്റിലായ രണ്ടാംപ്രതി ജോയ്‌ വര്‍ഗീസിനു് മെയ് 20നു് തന്നെ ഹൈക്കോടതി ജസ്‌റ്റിസ്‌ കെ. ഹേമ ജാമ്യം അനുവദിയ്ക്കുകയും ചെയ്തു.

എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എന്‍. ലീലാമണി കേസിലെ ഒന്നാംപ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ടു് പുറപ്പെടുവിച്ചതോടെ ഇനി കേസ്‌ പരിഗണിക്കുന്ന ജൂണ്‍ മൂന്നിനു മുന്‍പ്‌ ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ സിബിഐ അറസ്‌റ്റുചെയ്യണം. മൂന്നു മുതല്‍ 19 വരെയുള്ള എല്ലാ പ്രതികള്‍ക്കും ജൂണ്‍ മൂന്നിനു് ഹാജരാവാന്‍ കോടതി മെയ് 20നു് സമന്‍സ്‌ അയച്ചു. കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഗുരുതരമായ ഒന്‍പതു വകുപ്പുകളാണു് ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്‌.


രണ്ടാംപ്രതി സിമന്റ് ജോയിക്ക്‌ ജാമ്യം

കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ രണ്ടാംപ്രതി ആലുവ മൂഴയില്‍ വീട്ടില്‍ ജോയ്‌ വര്‍ഗീസ്‌ (51)നു് ഹൈക്കോടതി മെയ് 20നു് ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്‌ക്കുള്ള രണ്ടാള്‍ജാമ്യവും നല്‍കണമെന്നു തുടങ്ങി വ്യവസ്‌ഥകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണു ജസ്‌റ്റിസ്‌ കെ. ഹേമയുടെ ഉത്തരവ്‌. പാസ്‌പോര്‍ട്ട്‌ ഉണ്ടെങ്കില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സറണ്ടര്‍ ചെയ്യണം. ഇല്ലെങ്കില്‍ അക്കാര്യം വ്യക്‌തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നു് നിര്‍ദേശമുണ്ട്‌.

ചിത്രങ്ങള്‍: മലങ്കര വര്‍ഗീസ് വധം: ഇതു് നിങ്ങള്‍ക്കു് ഏതുമല്ലയോ? കടപ്പാട്:malankaraorthodox.tv
.

3 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.