20100529

സിബിഐ പ്രതിയുമായി ഒത്തുകളിക്കുകയാണെന്ന്‌ ആരോപിച്ചു് മലങ്കര വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയില്‍‍ വാദത്തിന്‌ അവസരം തേടി

കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ ഒന്നാം പ്രതിയായ ഫാ. വര്‍ഗീസ്‌ തെക്കേക്കരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തനിക്കും വാദത്തിന്‌ അവസരം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ്‌ മെയ് 28നു് ഹൈക്കോടതിയിലെത്തി. സിബിഐ പ്രതിയുമായി ഒത്തുകളിക്കുകയാണെന്ന്‌ ആരോപിച്ചാണു് ഹര്‍ജി. ജാമ്യാപേക്ഷയ്‌ക്കൊപ്പം ഈ ഹര്‍ജിയും തിങ്കളാഴ്‌ച പരിഗണിച്ചേക്കും.


കുറ്റപത്രം സമര്‍പ്പിക്കുംമുന്‍പ്‌ ഒന്നാംപ്രതിയെ അറസ്‌റ്റ്‌ ചെയ്‌തില്ല എന്നതു സംശയകരമാണ്‌. അറസ്‌റ്റ്‌ ഒഴിവാക്കിയത്‌ ഏതു നിയമത്തിന്റെ അടിസ്‌ഥാനത്തിലാണെന്നറിയില്ല. ഉന്നതരുള്‍പ്പെടെ കേസിലുള്‍പ്പെട്ടവരുടെ പങ്കു വ്യക്‌തമായി അറിയാന്‍ ഒന്നാംപ്രതിയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത്‌ ആവശ്യമായിരുന്നു. അറസ്‌റ്റിന്റെ കാര്യത്തില്‍ പ്രതികള്‍ക്കിടയില്‍ വിവേചനപരമായ നിലപാടാണു സ്വീകരിച്ചത്‌. മറ്റൊരു പ്രതിയായ ജോയ്‌ വര്‍ഗീസിനെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തു. എന്നാല്‍ ഒന്നാംപ്രതിയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്നു ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.


ഏഴു വര്‍ഷത്തിനുള്ളില്‍ സിബിഐ അറസ്‌റ്റ്‌ ചെയ്‌ത ഏക പ്രതിയായ ജോയ്‌ വര്‍ഗീസിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലൊ മറ്റു രേഖകളിലൊ സംശയകരമായി സൂചന പോലുമുണ്ടായിരുന്നില്ലെന്നും തനിക്കെതിരെ ആദ്യമായി ആക്ഷേപമുന്നയിക്കുന്നത്‌ അന്തിമ റിപ്പോര്‍ട്ടിലാണെന്നും ചൂണ്ടിക്കാട്ടിയാണു ഫാ. വര്‍ഗീസ്‌ തെക്കേക്കരയുടെ ജാമ്യഹര്‍ജി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.