20100512

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയില്‍ 7 മെത്രാന്മാര്‍ അഭിഷിക്‌തരായി




കോട്ടയം, മെയ് 12: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാന്‍‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത ഏഴുപേരെ മെത്രാന്മാരായി അഭിഷേകം ചെയ്തു. കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായാണ്‌ മെത്രാഭിഷേകത്തിന്‌ മുഖ്യകാര്‍മികത്വം വഹിച്ചത്‌.


മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ മദ്ബഹായിലാണ് മെത്രാഭിഷേക ശുശ്രൂഷ നടന്നത് . യൂഹാനോന്‍ മാര്‍ ദിമെത്രയോസ്‌ (മുന്‍പ്‌ ഫാ ജോണ്‍ മാത്യൂസ്‌ - യൂഹാനോന്‍ റമ്പാന്‍), യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ (നഥനയേല്‍ റമ്പാന്‍), യാക്കോബ്‌ മാര്‍ ഏലിയാസ്‌ (ഫാ.വി എം ജയിംസ്‌ - യാക്കോബ്‌ റമ്പാന്‍), ജോഷ്വാ മാര്‍ നിക്കോദീമോസ്‌ (യൂഹാനോന്‍ റമ്പാന്‍), സഖറിയാസ്‌ മാര്‍ അപ്രേം (ഫാ. സാബു കുര്യാക്കോസ്‌ - സഖറിയാ റമ്പാന്‍), ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ (ഫാ. ജോര്‍ജ്‌ പുലിക്കോട്ടില്‍ - ഗീവര്‍ഗീസ്‌ റമ്പാന്‍), എബ്രഹാം മാര്‍ സെറാഫിം (ഫാ. വി.എം എബ്രഹാം - എബ്രഹാം റമ്പാന്‍) എന്നിവരാണ്‌ അഭിഷിക്‌തരായത്‌.

രാവിലെ ആറിന് പ്രഭാത പ്രാര്‍ഥനയോടെ മെത്രാഭിഷേക ശുശ്രൂഷ ആരംഭിച്ചു. പ്രഭാത നമസ്‌കാരം നടക്കുമ്പോള്‍ കാതോലിക്കാ ബാവയ്‌ക്കൊപ്പമാണ്‌ മെത്രാന്‍‍സ്ഥാനാര്‍‍ത്ഥികളായ റമ്പാന്‍മാര്‍ മദ്‌ബഹയിലേക്ക്‌ പ്രവേശിച്ചത്‌. സഭയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ശുശ്രൂഷയാണിത്. 7 മണിക്കൂര്‍ നീണ്ടു നിന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ, ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് എന്നിവരടക്കം സഭയിലെ 26 മെത്രാപ്പോലീത്താമാരും ശുശ്രൂഷയ്ക്ക് കാര്‍മ്മീകത്വം വഹിച്ചു. ഉച്ചക്ക് ഒന്നര മണിയോടെ സമാപിച്ചു.


കുര്‍ബാനമധ്യേയാണു സ്‌ഥാനാഭിഷേക ശുശ്രൂഷകള്‍ നടന്നത്‌. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ നിയുക്‌ത മെത്രാന്മാരായ റമ്പാന്‍മാരെ ആഘോഷപൂര്‍വം ത്രോണോസിനു മുമ്പിലേക്ക്‌ ആനയിച്ചു. കിഴക്കോട്ട്‌ അഭിമുഖമായി ഏഴുപേരും മുട്ടില്‍ നിന്നു. തുടര്‍ന്ന്‌ ഒന്നാം ശുശ്രൂഷ ആരംഭിച്ചു. ഒന്നാം ശുശ്രൂഷയില്‍ ഓര്‍ത്തഡോക്‌സ്‌ സെമിനാരി വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ്‌ കുര്യന്‍ ഇടയ ശ്രേഷ്‌ഠന്മാരുടെ ദൗത്യത്തെപ്പറ്റിയും ശുശ്രൂഷകളെപ്പറ്റിയും പ്രസംഗിച്ചു. രണ്ടാംഘട്ട ശുശ്രൂഷയില്‍ സ്‌ഥാനാര്‍ഥികള്‍ ഏഴുപേരും സത്യവിശ്വാസം ഏറ്റുപറയുകയും വേദവിപരീതങ്ങള്‍ നിരാകരിയ്ക്കുകയും സഭയോടും സിംഹാസനത്തോടും വിധേയത്വം പ്രഖ്യാപിക്കുന്ന വിശ്വാസപ്രഖ്യാപനം (ശല്‍മൂസാ) വായിച്ച്‌ ഒപ്പിട്ട്‌ പൗരസ്ത്യ കാതോലിക്കയ്‌ക്ക്‌ സമര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ മെത്രാഭിഷേക ശുശ്രൂഷയുടെ ഏറ്റവും പ്രധാന ഭാഗമായ പരിശുദ്ധാത്മാ കരഘോഷം നടന്നത്‌.


പരിശുദ്ധാത്മനിറവിനായുള്ള ഈ ശുശ്രൂഷക്കുശേഷം പന്ത്രണ്ടേകാലോടെപരിശുദ്ധ കാതോലിക്കാ ബാവാ പരസ്യപ്രാര്‍ഥന നടത്തി മെത്രാന്‍സ്‌ഥാനാര്‍ഥികളുടെ തലയില്‍ സ്ലീബ കൂട്ടി കൈവച്ചു് പുതിയ പേരു് നല്‍കി പട്ടാഭിഷേക പ്രഖ്യാപനം നടത്തി. നവാഭിഷിക്‌തരില്‍ സീനിയറായ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസിന്റെ പേരാണ്‌ ആദ്യം പ്രഖ്യാപിച്ചത്‌. തുടര്‍ന്നു് യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, യാക്കോബ്‌ മാര്‍ ഏലിയാസ്‌, ജോഷ്വ മാര്‍ നിക്കോദീമോസ്‌, സഖറിയാസ്‌ മാര്‍ അപ്രേം, ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌, ഏബ്രഹാം മാര്‍ സെറാഫിം എന്നീ ക്രമത്തില്‍ പേരുകള്‍ പ്രഖ്യാപിച്ചു.


പട്ടാഭിഷേകപ്രഖ്യാപനത്തിനുശേഷം നിയുക്ത മെത്രാന്‍മാരെ സ്ഥാനവസ്‌ത്രങ്ങള്‍ (അംശവസ്‌ത്രങ്ങള്‍) ധരിപ്പിച്ച്‌ സിംഹാസനത്തിലിരുത്തി വൈദികര്‍ മൂന്നുതവണ ഉയര്‍ത്തി യോഗ്യന്‍ എന്നര്‍ഥമുള്ള ഓക്‌സിയോസ്‌ ചൊല്ലി. വിശ്വാസികള്‍ അത്‌ ഏറ്റുചൊല്ലി.

തുടര്‍ന്ന്‌ കാതോലിക്കാബാവായും മറ്റു് മെത്രാപ്പോലീത്താമാരും ചേര്‍ന്ന്‌ നവാഭിഷിക്തര്‍ക്ക്‌ അധികാരത്തിന്റെ പ്രതീകമായ അംശവടി നല്‌കി അനുഗ്രഹിച്ചു. സെഹിയോനില്‍നിന്നു കര്‍ത്താവ്‌ അങ്ങേയ്‌ക്ക് ബലമുള്ള ചെങ്കോല്‍ അയച്ചുതരികയും അങ്ങയുടെ ശത്രുക്കളുടെമേല്‍ അധികാരം നടത്തുകയും ചെയ്യട്ടെ എന്ന പ്രാര്‍ഥനയോടെയാണ്‌ പരിശുദ്ധ കാതോലിക്കാ ബാവ നവാഭിഷിക്‌തര്‍ക്ക്‌ അംശവടി കൈമാറിയത്‌.


തുടര്‍ന്ന്‌ സമാധാനത്തിന്റെ മാനീസ ചൊല്ലുന്നതിനിടയില്‍ നവാഭിഷിക്‌തരായ മെത്രാന്‍‍മാര്‍ കാതോലിക്കാ ബാവായുടെ കൈമുത്തി. പിന്നീട്‌ നവാഭിഷിക്‌തര്‍ അംശവടിയുയര്‍ത്തി ജനങ്ങളെ ആശീര്‍വദിച്ചതോടെ സ്‌ഥാനാരോഹണച്ചടങ്ങു്സമാപിച്ചു. കുര്‍ബാനയുടെ ബാക്കി ഭാഗം പുതിയ മെത്രാന്മാരില്‍ മുതിര്‍ന്നയാളായ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്‌ പൂര്‍ത്തിയാക്കിയതോടെഏഴുമണിക്കൂര്‍ നീണ്ട മെത്രാഭിഷേക ശുശ്രൂഷയ്‌ക്കു പരിസമാപ്‌തിയായി.

അഭിഷേകച്ചടങ്ങുകളുടെ സവിശേഷതകള്‍ ഫാ. ടി. ജെ ജോഷ്വ ഓരോഘട്ടത്തിലും വിവരിച്ചു. ഫാ. എം. പി. ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ശ്രുതി ഗായകസംഘം ശുശ്രൂഷ ഗാനാലാപനത്തിന് നേതൃത്വം നല്‍കി.


ഏഴ്‌ മെത്രാന്മാര്‍ കൂടി വാഴിക്കപ്പെട്ടതോടെ പരിശുദ്ധബാവായും 26 മെത്രാപ്പോലീത്താമാരുമടക്കം ഓര്‍ത്തഡോക്സ് സഭയ്ക്ക് 33 മെത്രാന്‍മാരായി.കൊട്ടാരക്കര, അടൂര്‍, നിലയ്‌ക്കല്‍, കര്‍ണാടകയിലെ ബ്രഹ്‌മവാര്‍ എന്നിവിടങ്ങള്‍ ആസ്‌ഥാനമാക്കി സഭയ്‌ക്കു നാലു പുതിയ ഭദ്രാസനങ്ങള്‍കൂടി രൂപീകരിക്കാന്‍ ആലോചനയുണ്ട്‌.

മാര്‍ ഏലിയാ കത്തീഡ്രലിന് മുന്‍പിലും ഇരുവശങ്ങളിലുമായി തയ്യാറാക്കിയ വിശാലമായ പന്തലിലും ബസേലിയസ് കോളജ് ഗ്രൌണ്ടിലെ പ്രത്യേക പന്തലിലും സൌകര്യ പ്രദമായി ഇരുന്ന് ആളുകള്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. 25000 വിശ്വാസികള്‍ സംബന്ധിച്ചു. മെത്രാഭിഷേക ശുശ്രൂഷയ്‌ക്കു പതിനായിരക്കണക്കിനു വിശ്വാസികള്‍ സാക്ഷ്യം വഹിച്ചു.

"കാതോലിക്കേറ്റ് ന്യൂസ്‌" (http://www.orthodoxchurch.in/) എന്ന പേരില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക വാര്‍ത്താ വെബ്സൈറ്റ് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മെത്രാഭിഷേക സ്മരണിക പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

മാര്‍ ഏലിയാ കത്തീഡ്രലിന്റെ ഉപഹാരം നവാഭിഷിക്തര്‍ക്ക് സമ്മാനിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. ടി. ജെ. ജോഷ്വാ, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. മോഹന്‍ ജോസഫ്, ജോസ് കെ. മാണി എം. പി., വി. എന്‍. വാസവന്‍ എം. എല്‍. എ. എന്നിവര്‍ പ്രസംഗിച്ചു. സംബന്ധിച്ച സര്‍വ്വര്‍ക്കും ഉച്ചഭക്ഷണം നല്‍കി. ബസേലിയോസ് കോളജ് ഗ്രൌണ്ടില്‍ തയ്യാറാക്കിയ 100 കൌണ്ടറുകളില്‍ നിന്ന് ഭക്ഷണം വിളമ്പി.

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.