കൊച്ചി, മെയ് 11: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അറസ്‌റ്റ് ചെയ്യുംവരെ ആക്‌ഷന്‍ കൗണ്‍സില്‍ ശക്‌തമായ പ്രക്ഷോഭം നടത്തുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ജോര്‍ജ് ജോസഫുംഅങ്കമാലി ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പയും അറിയിച്ചു. യാക്കോബായ സഭയിലെ ഉന്നതരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ഇവര്‍ ആരോപിച്ചു.
കേസിലെ ഒന്നാം പ്രതിയും യാക്കോബായ സഭ അങ്കമാലി ഭദ്രാസന മുന്‍ മാനേജരും ബിഷപ്പിന്റെ മുന്‍ സെക്രട്ടറിയും സീനിയര്‍ വൈദികനുമായ ഫാ. വര്‍ഗീസ് തെക്കേക്കരയെയും മറ്റ് 18 പേരെയും ചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ചതിനെ ആക്‌ഷന്‍കൗണ്‍സില്‍ സ്വാഗതം ചെയ്‌തു. എന്നാല്‍ ഇതുകൊണ്ട് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്മാര്‍ രക്ഷപ്പെടാന്‍ പാടില്ല; ഇവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് ഹീനമായ കൊലപാതകം ചെയ്യിച്ചവരെ മുഴുവന്‍ പിടികൂടണം. വര്‍ഗീസ് വധക്കേസിലെ ഒന്നാം പ്രതി യാക്കോബായസഭ അങ്കമാലി ഭദ്രാസന മുന്‍ മാനേജരായിരിക്കെ, കൊലപാതകത്തിന് അദ്ദേഹത്തിന് നേതൃത്വം നല്‍കിയത് ഉന്നതരാണെന്ന് വ്യക്തമാണ്. അവരെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയമായ ഇടപെടലാണ് നടക്കുന്നത് -ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
യാക്കോബായ സഭയുടെ ഉന്നതന്മാരുടെ പൂര്‍ണ അറിവോടെയാണ് ഗുണ്ടാത്തലവന് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
വര്‍ഗീസ് വധക്കേസ് പ്രതികള്‍ എല്ലാവരും ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ സംസ്‌ഥാനത്തു ദൂരവ്യാപക ദോഷഫലങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയുടെ നിഷ്‌പക്ഷതയില്‍ സംശയമില്ല. പക്ഷേ, സിബിഐയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി അവര്‍ സംശയം പ്രകടിപ്പിച്ചു. ഫാ. തെക്കേക്കരയെ അറസ്‌റ്റ് ചെയ്യാന്‍ മടിക്കുകയാണെന്നും മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പയും ജോര്‍ജ് ജോസഫും ആരോപിച്ചു.
,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.