20120302

മലങ്കര അസോസിയേഷന്‍ പത്തനംതിട്ടയില്‍



പത്തനംതിട്ട, ഫെ 27: അഖില മലങ്കര പള്ളിപ്രതിപുരുഷയോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ച്ച് ഏഴിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കും. മലങ്കര സഭയുടെ 1960-ആം വര്‍ഷം, പൌരസ്ത്യ കാതോലിക്കാസന പുനഃസ്ഥാപനത്തിന്റെ 100-ആം വാര്‍ഷികം, മലയാളം ബൈബിള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ 200-ആം വാര്‍ഷികം എന്നിവ ആചരിക്കുമ്പോള്‍ നടക്കുന്ന അസോസിയേഷന് ചരിത്രപ്രാധാന്യമുണ്ടെന്ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ളീമീസ് പറഞ്ഞു.

അസോസിയേഷന്റെ വിളംബര ഘോഷയാത്ര മാര്‍ച്ച് അഞ്ചിന് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് ആരംഭിക്കും. മാര്‍ച്ച് ആറിന് മാര്‍ ഒസ്താത്തിയോസ് ദീപശിഖാപ്രയാണം മാവേലിക്കരയില്‍ നിന്ന് തുടങ്ങും. പൗരസ്ത്യ കാതോലിക്കാസന പതാകാ പ്രയാണം പരുമലയില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് ഏഴിന് സമ്മേളന നഗരിയില്‍ എത്തും. ഉച്ചയ്ക്ക് ഒന്നിന് സമ്മേളനം ആരംഭിക്കും.

ഇടവക പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയശേഷമുള്ള ആദ്യത്തെ അസോസിയേഷന്‍ സമ്മേളനമാണ് ഇക്കുറി. പട്ടക്കാരും അയ്മേനികളും ഉള്‍പ്പെടെ 129 പേരുടെ അസോസിയേഷന്‍ വൈദിക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി തിരഞ്ഞെടുപ്പുകള്‍, നിലവിലുള്ള മാനേജിങ് കമ്മിറ്റി അംഗസംഖ്യ വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് അസോസിയേഷന്റെ ആലോചനാവിഷയങ്ങളെന്ന് ഫാ. ടൈറ്റസ് ജോര്‍ജ്, ഫാ. വര്‍ഗീസ് മാത്യു, ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, പ്രഫ. ജി. ജോണ്‍, കെ.വി. ജേക്കബ് എന്നിവര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.