കോനാട്ട് ഏബ്രഹാം മല്‍പാന്‍ |
പാമ്പാക്കുട: മലങ്കര മല്‍പാനും മലങ്കര സഭയുടെ മുന്‍ വൈദിക ട്രസ്റ്റിയുമായ ഫാ. ഏബ്രഹാം കോനാട്ടിന്റെ 25-ആം വാര്‍ഷികം മാര്‍ച്ച് മൂന്നിന് അദ്ദേഹം കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട വലിയ പള്ളിയില്‍ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാനയും അനുസ്മരണ സമ്മേളനവും നടക്കും. സമ്മേളനം പരിശുദ്ധ ബാവ ഉദ്ഘാടനം ചെയ്യും. സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും.
മലങ്കര സുറിയാനി ക്രിസ്ത്യാനികള്‍ ചൊല്ലിവരുന്ന പ്രാര്‍ത്ഥനാക്രമമായ പാമ്പാക്കുട നമസ്ക്കാരം തയാറാക്കിയ കോനാട്ട് മാത്തന്‍ മല്‍പാന്റെ മകനാണ് ഏബ്രഹാം മല്‍പാന്‍. പിതാവ് തുടങ്ങിവച്ച ദൌത്യം പിന്തുടര്‍ന്ന് ആരാധനാക്രമത്തിന്റെ തര്‍ജമയിലും പ്രസാധനത്തിലും വലിയ സംഭാവനകള്‍ നല്‍കി. നാലു സുവിശേഷങ്ങളുടെ വ്യാഖ്യാനം, സുറിയാനി സഭാ പ്രവേശിക, മാര്‍ത്തോമ്മാ ശ്ളീഹായുടെ സിംഹാസനം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു. നോമ്പിലെ നമസ്കാരം, കൂദാശ ക്രമം, സംസ്കാര പ്രാര്‍ത്ഥനാ ക്രമം, കന്തീലാ ക്രമം തുടങ്ങിയവ സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു.
ദീര്‍ഘകാലം പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സഭാ മാനേജിംങ് കമ്മിറ്റിയിലും പ്ളാനിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി എന്ന ആശയം പ്രായോഗികമാവുന്നത് പ്ളാനിംഗ് കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ്.
ഇപ്പോഴത്തെ സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് മകനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.