കൂത്താട്ടുകുളം, മാര്‍ച്ച് 14 : പ്രതിസന്ധിയുടെയും പ്രശ്നങ്ങളുടെയും നടുവില്‍ നിവര്‍ന്നുനിന്നു് ജീവിയ്ക്കുവാനുള്ള സ്വാതന്ത്ര്യവും ആനന്ദവും ലഭിയ്ക്കുന്നതു് നിത്യതയുടേതായ വരുംലോകത്തേപ്പറ്റിയുള്ള പ്രതീക്ഷയാണെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അറുപത്തിരണ്ടാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം ) ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
സുഖലോലുപതയോടുള്ള ഹരം ആഗോളവല്‍ക്കരണത്തിന്റെ കൂടി ഫലമായി അടുത്തകാലത്തു് വര്‍ദ്ധിച്ചിരിയ്ക്കുന്നു. സുഖസൗകര്യങ്ങള്‍ നേടുകയെന്നതു് ജീവിതത്തിന്റെ കേന്ദ്രലക്ഷ്യവും ഉള്ളടക്കവുമായി മാറിയിരിയ്ക്കുന്നു. സുഖാനുഭവങ്ങള്‍ക്കു് വേണ്ടിയാണു് ജീവിക്കുന്നതെങ്കില്‍ ദൈവം നല്കുന്ന ആത്മീയ ആനന്ദവും സുഖവും ലഭിയ്ക്കുകയില്ല. ഭൗതീകമായ സുഖാനുഭവങ്ങള്‍ക്കു് സമയത്തിന്റെ പരിധിയുണ്ടു്. കാലാതീതമായ വേദപുസ്തക സന്ദേശങ്ങളെ കാലാനുസൃതമായി അവതരിപ്പിയ്ക്കുകയാണു് സുവിശേഷ പ്രഘോഷണത്തിലൂടെ സഭ ഐറ്റെടുക്കുന്നതെന്നു് അദ്ദേഹം വ്യക്തമാക്കി.
ഫാ ഫിലിപ്പ് തരകന്‍ |
വ്യാഴാഴ്ച ഫാ.വറുഗീസ് വറുഗീസ് വചനശുശ്രൂഷ നടത്തും. വെള്ളിയാഴ്ച ഫാ. സജി അമയിലും ശനിയാഴ്ച ബിജു വി പന്തപ്ലാവും ഞായറാഴ്ച ഫാ മോഹന്‍ ജോസഫും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതു്.
ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍ വറുഗീസ്, ജോസഫ് ജോര്‍ജ് കളത്തില്‍, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.