20101211

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ ക്രിസ്തുമസ് സന്ദേശം

.

നമ്പര്‍ 71/2010

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ
ത്രിയേക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്‌തുതി)
വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍
ആരൂഢനായിരിക്കുന്ന
പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, സഹവികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളി കൈക്കാരന്മാരും, ശേഷം ജനങ്ങളും കൂടികണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!

കര്‍ത്താവില്‍ പ്രിയരേ,

നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരമായ ജനനപ്പെരുന്നാളിലേക്കും, നന്മനിറഞ്ഞ സ്വപ്‌നങ്ങ ളുമായി ഒരു പുതുവര്‍ഷത്തിലേക്കും നാം അടുത്തുവരികയാണല്ലോ. മശിഹാതമ്പുരാന്റെ തിരുജനനം ശാന്തിയുടേയും സമാധാനത്തിന്റെയും പെരുന്നാളായി നാം ആചരിക്കുന്നു. സ്വര്‍ഗ്ഗം ഭൂമിയോട്‌ നിരപ്പാവുകയും, സര്‍വ്വ സൃഷ്‌ടിയേയും രക്ഷയുടെ അനുഭവത്തിലേക്ക്‌ കൊണ്ടുവരികയും ചെയ്‌ത മഹത്വകരമായ പെരുന്നാളാണ്‌ യെല്‍ദോ പെരുന്നാള്‍. അസമാധാനത്തിന്റെയും അസംതൃപ്‌തിയുടെയും ആസക്തികളുടെയും ചൂഷണങ്ങ ളുടെയും ലോകത്ത്‌ ക്രിസ്‌തുമസ്‌ നല്‍കുന്ന സന്ദേശം നമുക്ക്‌ പ്രത്യാശ പകരുന്നു. സര്‍വ്വചരാ ചരങ്ങള്‍ക്കും ക്രിസ്‌തുവിന്റെ ഹൃദയത്തില്‍ ഇടമുണ്ടെന്ന്‌ വെളിപ്പെടുത്തിയ ഈ പെരുന്നാള്‍ നമ്മെ കൂടുതല്‍ ആത്മീയരാക്കട്ടെ. കര്‍ത്താവിന്റെ തിരുജനനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവര്‍ക്കെ ന്നപോലെ ഈ പെരുന്നാള്‍ ആചരണം നമുക്കും ദൈവീക സന്തോഷവും ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌വാഗ്‌ദാനം ചെയ്‌തിട്ടുള്ള സമാധാനവും കൈവരുത്തുവാന്‍ മുഖാന്തിരമായിത്തീരട്ടെ എന്ന്‌ നാം പ്രാര്‍ത്ഥിക്കുന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ ദൈവാത്മ നിറവോടെ നേരിടുവാനായി ക്രിസ്‌തുവിന്‌ നമ്മുടെഹൃദയങ്ങ ളില്‍ പുല്‍ക്കൂട്‌ ഒരുക്കുവാന്‍ നമുക്ക്‌ നമ്മെത്തന്നെ ദൈവസന്നിധിയില്‍ വിശുദ്ധിയോടെ പരിപൂര്‍ണ്ണ മായി സമര്‍പ്പിക്കാം.


സമൂഹത്തില്‍ മദ്യത്തിന്റെയും മറ്റ്‌ ലഹരി വസ്‌തുക്കളുടെയും സ്വാധീനം ഏറിവരികയും അക്രമവാസന പെരുകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. നമ്മുടെ ദൈവവും രക്ഷകനുമായ മശിഹാതമ്പുരാനിലുള്ള നിത്യജീവന്‌ ഓഹരിക്കാരായി വിളിക്കപ്പെട്ടിരിക്കുന്ന സഭാമക്കള്‍ എല്ലാവരും ഇപ്രകാരമുള്ള ദു:സ്വാധീനങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായും അകന്നു നില്‍ക്കുകയും തങ്ങളെത്തന്നെ വിശു
ദ്ധീകരിച്ച്‌ ഈ ജനനപ്പെരുന്നാള്‍ ആചരിക്കുകയും ചെയ്യണമെന്ന്‌ നാം നിങ്ങളോട്‌ സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു. പരിശുദ്ധാത്മ പുതുക്കത്തിന്റെയും ആത്മീയ സന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്‌തുമസും,അനുഗ്രഹപ്രദമായ ഒരു പുതുവത്സരവും ദൈവംതമ്പുരാന്‍ നിങ്ങ ള്‍ക്ക്‌ നല്‍കട്ടെ എന്ന്‌ നിറഞ്ഞ ഹൃദയത്തോടെ നാം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................

ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

2010 ഡിസംബര്‍ മാസം 01 -ആം തീയതി
കോട്ടയം കാതോലിക്കേറ്റ്‌
അരമനയില്‍നിന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.