കൊച്ചി, ഡിസം 15: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഇടവക പള്ളികളിലുള്ള അവകാശവാദം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഉപേക്ഷിച്ചാല്‍ മാത്രമേ സഭയില്‍ സമാധാനവും സൗഹാര്‍ദ്ദവും പുലരുകയുള്ളൂ എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, സഭാതര്‍ക്കം പരിഹരിക്കാന്‍ കോടതിക്ക് പുറത്ത് മധ്യസ്ഥ ചര്‍ച്ചക്ക് തയാറാണെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അറിയിച്ചു.
സഭാ കേസുകള്‍ ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങളിലൂടെ ഒത്തു തീര്‍ക്കാനാകുമോ എന്നു ജസ്‌റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായം തേടിയ സാഹചര്യത്തിലാണ് ഇരുകൂട്ടരും നിലപാടറിയിച്ചത്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ 2002ല്‍ മലങ്കര സഭയില്‍ നിന്നു സ്വയം വിട്ടുപോയതാണെന്നും, മലങ്കര സഭയുടെ ഇടവക പള്ളികള്‍ പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചതാണ് പല കേസുകള്‍ക്കും കാരണമെന്നും അതിനാല്‍, മലങ്കര സഭയുടെ ഇടവക പള്ളികളിലുള്ള അവകാശവാദം ഉപേക്ഷിച്ച് അവരുടേതായ ദേവാലയങ്ങളുണ്ടാക്കി ഭരിക്കുന്നതാണ് പരിഹാരമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്‌ക്കു വേണ്ടി എപ്പിസ്‌കോപ്പല്‍ സിനഡ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. നൂറുകണക്കിനുളള സിവില്‍ വ്യവഹാരങ്ങള്‍ക്കും മലങ്കര സഭയിലെ കുഴപ്പങ്ങള്‍ക്കും കാരണക്കാര്‍ അവരാണ്.
1958-ലെ സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം പാത്രിയര്‍ക്കീസിന്റെ കീഴിലുണ്ടായിരുന്ന വിഭാഗവും 1934-ലെ മലങ്കര സഭാ ഭരണഘടന അംഗീകരിച്ചതാണു്. 1974-ല്‍ പാത്രിയര്‍ക്കീസ് ബാവയാണു് വിഭജനത്തിന്റെ വിത്തു് പാകിയതു്. എല്ലാ ഇടവക പള്ളികള്‍ക്കും 1934-ലെ മലങ്കര സഭാ ഭരണഘടന ബാധകമാണെന്നു് 1995 ലെ സുപ്രീം കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിരുന്നു. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ആവശ്യപ്രകാരം 1934-ലെ മലങ്കര സഭാ ഭരണഘടനയുടെ രണ്ടു് അനുഛേദങ്ങള്‍ ഭേദഗതി ചെയ്തു.
മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടിയാല്‍ വ്യവഹാരങ്ങള്‍ അവസാനിക്കുമെന്നാണു് പാത്രിയര്‍ക്കീസ് വിഭാഗം സൂപ്രീം കോടതിയെ ധരിപ്പിച്ചത്. ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവ, മലങ്കര മെത്രാപ്പൊലീത്തയാണോ എന്നു നിശ്‌ചയിക്കാനായി മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടാന്‍ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരം തീരുമാനിച്ചു.
ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവ മലങ്കര മെത്രാപ്പൊലീത്തയല്ലെന്നു യോഗത്തില്‍ തീരുമാനിച്ചാല്‍ സ്‌ഥാനം ത്യജിച്ച് പുതിയ തിരഞ്ഞെടുപ്പു നടത്താന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും സമ്മതിച്ചിരുന്നു. ഈ ധാരണ പ്രകാരമാണ് ജസ്‌റ്റിസ് മളീമഠിനെ നിരീക്ഷകനാക്കിയത്.
പരുമലയില്‍ 2002 മാര്‍ച്ച് 20 നു യോഗം നടത്താനായി നിരീക്ഷകന്‍ പ്രതിനിധികളുടെ കരടുപട്ടിക തയാറാക്കി. എതിര്‍വാദങ്ങള്‍ പരിഗണിച്ച ശേഷം ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ അന്തിമപട്ടിക തയാറാക്കി. പക്ഷേ നിര്‍ഭാഗ്യവശാല്‍ പാത്രിയര്‍ക്കീസ് വിഭാഗം 2002 മാര്‍ച്ച് 20 നു് പുത്തന്‍കുരിശില്‍ യോഗം ചേര്‍ന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപീകരിച്ചു, 2002 ലെ ഭരണഘടനയും രജിസ്‌റ്റര്‍ ചെയ്‌തു. പാത്രിയര്‍ക്കീസിന്റെ പിന്തുണയുണ്ടായിരുന്ന ഈ സഭ കാതോലിക്കായെയും ബിഷപ്പുമാരെയും വൈദികരെയും വാഴിച്ച്, വിട്ടുപോയതാണു് - ഓര്‍ത്തഡോക്‌സ് സഭയുടെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
അതേസമയം, തര്‍ക്ക പരിഹാരത്തിന് മധ്യസ്‌ഥ, അനുരഞ്‌ജന ശ്രമങ്ങള്‍ നടത്താനായി മുന്‍ജഡ്‌ജിമാരും മതമേലധ്യക്ഷന്മാരുമുള്‍പ്പെട്ട 10 പേരുടെ പാനലിനെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയ്‌ക്കു വേണ്ടി അഡ്വ. കെ. ജെ. കുര്യാച്ചന്‍ വിശദീകരണ പത്രിക നല്‍കിയിട്ടുള്ളത്. ജസ്‌റ്റിസുമാരായ കെ.എസ്. പരിപൂര്‍ണന്‍, കെ ടി തോമസ്, പി.കെ. ഷംസുദ്ദീന്‍, പി. കൃഷ്‌ണമൂര്‍ത്തി, ടി. വി. രാമകൃഷ്‌ണന്‍, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്‌ക്കല്‍, എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, സിഎസ്‌ഐ ബിഷപ് തോമസ് സാമുവല്‍ എന്നിവരില്‍ നിന്ന് ഇരുകൂട്ടര്‍ക്കും സ്വീകാര്യരായ മധ്യസ്‌ഥരെ കോടതിക്കു തിരഞ്ഞെടുക്കാമെന്നു പത്രികയില്‍ പറയുന്നു.
ഇതിനിടെ, സഭാകേസുമായി ബന്ധപ്പെട്ടു ജഡ്‌ജിമാര്‍ക്ക് ഊമക്കത്തയച്ചതിനെക്കുറിച്ച് അന്വേഷിച്ച് കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു കോടതി വാക്കാല്‍ മുന്നറിയിപ്പു നല്‍കി. ജഡ്‌ജിമാര്‍ക്കു കത്തയയ്‌ക്കുന്ന പ്രവണത അലോസരമുണ്ടാക്കുന്നതാണെന്നു് കോടതി പറഞ്ഞു.
ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണു് കോടതി പരിഗണിക്കുന്നത്.
ഓര്‍ത്തഡോക്‌സ് സഭാ വികാരി ഫാ. മാത്യൂസ് കാഞ്ഞിരപ്പാറയില്‍ ചികില്‍സയ്‌ക്കായി പോകുന്നതിനാല്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ പകരക്കാരനായി ഫാ. ബോബി വര്‍ഗീസിനു മൂന്നു മാസത്തേക്ക് അനുമതി നല്‍കി കോടതി ഉത്തരവിട്ടു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്‌ക്കു പോകുന്നതിനാല്‍ പകരക്കാരനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാ. മാത്യൂസ് കാഞ്ഞിരപ്പാറയില്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജിയിലാണു നടപടി. കേസ് 21 നു വീണ്ടും പരിഗണിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.