20101210

കുറിഞ്ഞി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയെ തടയാന്‍ വിമത ശ്രമം;നേരീയ സംഘര്‍ഷം


കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത പള്ളിയില്‍ എഴുന്നള്ളി വിശുദ്ധ കര്‍‍ബാനയ്ക്ക് നേതൃത്വം നല്‍കിയതിനെച്ചൊല്ലി വിമത അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷവും ഔദ്യോഗിക മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപക്ഷവും തമ്മിലുണ്ടായ തര്‍‍ക്കം നേരീയ സംഘര്‍ഷത്തിനിടയാക്കി.

പള്ളിയിലെ പെരുന്നാളിനു് തുടക്കം കുറിച്ചുകൊണ്ടു് നവം 8ബുധനാഴ്ച രാവിലെ 7 മണിക്കുള്ള കുര്‍ബാന അര്‍പ്പിക്കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ)സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയെ തടയാന്‍ പള്ളിയിലുണ്ടായിരുന്ന അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷക്കാര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു് കുര്‍‍ബാനയര്‍‍പ്പിച്ചു. കുര്‍‍ബാനയ്ക്കു് ശേഷം മെത്രാപ്പോലീത്ത പള്ളിയകത്തും അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷക്കാര്‍ പള്ളിയുടെ കവാടത്തിലും നിലകൊണ്ടു.

ഇതിനിടെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷമെത്രാന്‍മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ എന്നിവര്‍‍ പള്ളിമുറിയിലെത്തി. ഈ ആഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ തവണയാണെന്നും ആ സമയത്ത് അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷത്തെ മെത്രാന്‍മാര്‍‍ വന്നതു് ശരിയല്ലെന്നും മാത്യൂസ് മാര്‍ ഈവാനിയോസ് പോകാതെ പള്ളിയില്‍‍ നിന്നു് പോകില്ലെന്നും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. തുടര്‍‍ന്നു് അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷമെത്രാന്‍മാരെയും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയെയും പുത്തന്‍കുരിശ്, മൂവാറ്റുപുഴ സിഐമാര്‍ അനുനയിപ്പിച്ചു് മടക്കിയയച്ചു.

അന്ത്യോക്യാ പക്ഷം അവരുടെ പെരുന്നാള്‍ തവണകളില്‍ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തവണയിലുള്ള സമയത്ത് പെരുന്നാള്‍ വന്നപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ആരാധനാക്രമങ്ങള്‍ ആകാമെന്നും അതിന് പുത്തന്‍കുരിശ് പോലീസ്‌സംരക്ഷണം നല്‍കണമെന്നും നവംബര്‍‍ ആറിനുകോടതി ഉത്തരവായിരുന്നു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തവണയിലുള്ള സമയത്ത് പെരുന്നാള്‍ വന്നതോടെ പള്ളിയില്‍ കോടതി നിയോഗിക്കപ്പെട്ട വൈദികര്‍ക്കുമാത്രമേ ആരാധന അര്‍പ്പിക്കുവാന്‍ അവകാശമുള്ളു എന്ന് പറഞ്ഞാണ് അന്ത്യോക്യാ പക്ഷം ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയെ തടയാന്‍ ശ്രമിച്ചത്. എന്നാല്‍ യാക്കോബായ പക്ഷം അവരുടെ പെരുന്നാള്‍ തവണകളില്‍ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി കണ്ടനാട് കിഴക്കു് ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകയാണു്. ഭദ്രാസനാധിപന്‍ ഡോ തോമസ് മാര്‍‍ അത്താനാസിയോസ് നാട്ടിലില്ലാത്തതുകൊണ്ടാണു് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത ചുമതലയേല്‍ക്കേണ്ടിവന്നതു്.

ആലുവ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്, പിറവം, മൂവാറ്റുപുഴ സിഐമാരും വന്‍ പോലീസ്‌ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
ഓര്‍ത്തഡോക്‌സ് വിഭാഗം വി. അഞ്ചിന്‍മേല്‍ കുര്‍ബാന നടത്തുന്നതുസംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ ബുധനാഴ്ച പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നതിനിടയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്ത പള്ളിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

10 മണിയോടെ മൂവാറ്റുപുഴ ആര്‍ഡിഒ മുഹമ്മദ് ബഷീര്‍ എത്തി ഇരുവിഭാഗത്തെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി.കോടതി തല്‍സ്ഥിതി തുടരാന്‍ മാത്രം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധിയനുസരിച്ച് മുന്നോട്ടുപോകുവാന്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും തീരുമാനിച്ച് 11.30 ഓടെ പിരിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി നാലുപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഓര്‍ത്തഡോക്‌സ് പക്ഷത്തെ പരിയാരം പൊട്ടക്കല്‍ പി.എ. റെജി (38), തിരുവാണിയൂര്‍ കാരിവേലില്‍ കെ.പി. യോഹന്നാന്‍ (55) കോലഞ്ചേരി മെഡിക്കല്‍ കോളേജിലും അന്ത്യോക്യാ പക്ഷത്തെ തേനുംകുറ്റിയില്‍ ടി.കെ. ബിജു (35), ഇടപ്പുംപുറത്ത് ജോഷി ജോസഫ് (39) എന്നിവര്‍ വടവുകോട് ഗവ.ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

എം റ്റി വി ചിത്രങ്ങള്‍ ഇവിടെ

ഇവിടെയും

അന്ത്യോക്യാ പക്ഷ ചിത്രങ്ങള്‍‍

എതിര്‍‍ വാര്‍‍ത്ത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.