20101210

പള്ളിയും സെമിത്തേരിയും പങ്കിടാന്‍ ഓര്‍ത്തഡോക്‌സ്‌- കത്തോലിക്കാ ധാരണ

കടപ്പാടു് മലയാള മനോരമ 2010 ഡിസംബര്‍ 10

കോട്ടയം: അത്യാവശ്യ സാഹചര്യങ്ങളില്‍ പള്ളിയും സെമിത്തേരിയും പങ്കുവച്ച്‌ ഉപയോഗിക്കാനും മൃതസംസ്‌കാര ശുശ്രൂഷാ കര്‍മത്തിന്‌ വൈദികരെ പങ്കുവയ്‌ക്കാനും റോമന്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും തമ്മിലുള്ള സഭൈക്യത്തിനായുള്ള രാജ്യാന്തര സമിതിയുടെ സമ്മേളനം തീരുമാനിച്ചു. നിബന്ധനകള്‍ക്കു വിധേയമായാണിത്‌.ഇരുസഭകളിലുംപെട്ടവര്‍ തമ്മിലുള്ള വിവാഹം സംബന്ധിച്ച്‌ സമാഹരിച്ച പൊതുധാരണകള്‍ കത്തോലിക്കാ സഭയുടെ മെത്രാന്‍ സംഘത്തിനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സുന്നഹദോസിനും സമര്‍പ്പിക്കും. കൂടുതല്‍ പഠനത്തിനു ശേഷം പൊതു അംഗീകാരത്തിനു നല്‍കാനും സമിതി തീരുമാനിച്ചു.

രോഗികളുടെ തൈലാഭിഷേക കൂദാശ, രോഗീലേപനം എന്നിവ പ്രത്യേക സാഹചര്യങ്ങളിലും ആശുപത്രിയിലെ സാഹചര്യങ്ങളിലും ഇതരസഭയിലെ വൈദികരില്‍ നിന്നു സ്വീകരിക്കുന്നതു സംബന്ധിച്ചും ധാരണയായി. ഇരുസഭകളുടെയും പ്രധാന സമിതികള്‍ ചര്‍ച്ച ചെയ്‌ത്‌ അവസാന തീരുമാനത്തിലെത്തും.സഭൈക്യത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ആര്‍ച്ച്‌ ബിഷപ്‌ ബ്രിയാന്‍ ഫാറല്ലും ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും സഹ അധ്യക്ഷരായിരുന്നു.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്‌ സില്‍വസ്‌റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ്‌ നെല്‍പുരയില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ റവ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, റവ. ഡോ. ബേബി വര്‍ഗീസ്‌, റവ. ഡോ. ഒ. തോമസ്‌, റവ. ഡോ. റെജി മാത്യു, റവ. ഡോ. ജോസ്‌ ജോണ്‍, റവ. ഡോ. ടി.ഐ. വര്‍ഗീസ്‌, റവ. ഫാ. ഏബ്രഹാം തോമസ്‌ എന്നിവരും പങ്കെടുത്തു.

രാജ്യാന്തര സമിതി അംഗങ്ങള്‍ക്കു് ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായും ചങ്ങനാശേരി അതിരൂപതയില്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും സ്വീകരണം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.