തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടന്ന കണ്ടനാടു് (പടിഞ്ഞാറു്) മെത്രാപ്പാലിത്തന്‍ ഭദ്രാസനത്തിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി 2010 ഡിസംബര്‍ 3 വെള്ളിയാഴ്ച തുറന്ന് വിശ്വാസികള്‍ ആരാധന നടത്തി. പള്ളി തുറന്ന് ആരാധന നടത്തുന്നതിനായി മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭയുടെ വികാരി ഫാ. ജേക്കബ് കുര്യന് ജില്ലാക്കോടതി താക്കോല്‍ കൈമാറിയതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്.
ആദ്യ ആരാധനയ്ക്കുശേഷം മണിക്കൂറുകള്‍ നീണ്ട ശുചീകരണം വിശ്വാസികള്‍ക്ക് ആവേശമായി. 1934ലെ സഭാ ഭരണഘടന പള്ളിയില്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന വിഘടിത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിന്റെ ആവശ്യം തള്ളി.
സഭാ തര്‍ക്കത്തെ തുടര്‍ന്ന് 1998 ഏപ്രില്‍ 18-നാണ് കോലഞ്ചേരി പള്ളി ആദ്യം അടച്ചുപൂട്ടിയത്. വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന പള്ളിക്കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഇതോടെ വിശ്വാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2005ല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പള്ളി തുറന്നെങ്കിലും അധികംവൈകാതെ അടച്ചു. ഒരുവര്‍ഷത്തിനുശേഷം ഇരുവിഭാഗത്തിലെയും വിശ്വാസികള്‍ സംയുക്തമായി നടത്തിയ നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ 2006ല്‍ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വീണ്ടും പള്ളി തുറന്നു. പിന്നീട് പള്ളിയുടെ താക്കോല്‍ അന്നത്തെ വികാരി ഫാ. എബ്രഹാം പൂവത്തുംവീട്ടില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യ്ക്ക് കൈമാറിയതോടെ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിനായി. ഇതിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ 2007 ആഗസ്തില്‍ വീണ്ടും പള്ളി പൂട്ടി താക്കോല്‍ ഹൈക്കോടതി ജില്ലാക്കോടതിക്ക് കൈമാറി.
മൂന്നുവര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പള്ളി വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് തുറന്നുനല്‍കാന്‍ ഉത്തരവായത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.എം.സാബു മാത്യു, സി.ഐ.മാരായ പി.പി.ഷംസ്, കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.