20110220

വലിയ നോമ്പുവേളയില്‍‍ പരിശുദ്ധ ബാവാ പുറപ്പെടുവിച്ച കല്പന



നമ്പര്‍ 98/2011

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ
ത്രിയേക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്‌തുതി)
വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍
ആരൂഢനായിരിക്കുന്ന
പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍


നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, സഹവികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളികൈക്കാരന്‍‍മാരും, ശേഷം ജനങ്ങളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!

പ്രിയരേ,
ആദ്ധ്യാത്മീക ജീവിതത്തിന്റെ ഉച്ചസ്ഥായിയിലേക്ക്‌ നമ്മെ കൈപിടിച്ചുയര്‍ത്തുന്ന വലിയനോമ്പ്‌ സമാഗതമാവുകയാണല്ലോ. മനുഷ്യാവതാര സംഭവങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഉയിര്‍പ്പ്‌ പെരുന്നാള്‍, ദ്രവത്വത്തില്‍നിന്നും, നാശത്തില്‍നിന്നും നമ്മുടെ കര്‍ത്താവിന്റെ കൃപയാല്‍ സൃഷ്‌ടി നേടിയ വിജയത്തിന്റെ ആഘോഷമാണ്‌. മരണത്തിന്റെയും സാത്താന്റെയും മേലുള്ള ഈ വിജയമാണ്‌ മാനവകുലത്തിന്‌ പ്രതീക്ഷയുടെ പുതിയ വാതായനങ്ങള്‍ തുറന്നുതന്നത്‌. ഉയിര്‍പ്പുപെരുന്നാളിലേക്കുള്ള അര്‍ത്ഥപൂര്‍ണ്ണമായ ഒരുക്കത്തിന്റെ ഭാഗമായി അമ്പതുദിവസം നീണ്ടുനില്‍ക്കുന്ന നോമ്പനുഷ്‌ഠാനം ക്രമീകരിക്കപ്പെട്ടിരിക്കുന്നു.


ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി പാപത്തെ സമൂലം ഉപേക്ഷിച്ച്‌ തികഞ്ഞ ആത്മീയ ജീവിതം നയിക്കേണ്ട സമയമാണ്‌ നോമ്പുദിനങ്ങള്‍. പ്രാര്‍ത്ഥനയും ഉപവാസവും പൈശാചിക ശക്തിയെ വിജയിക്കുന്നതിനുള്ള മാര്‍ഗ്ഗമായി നമ്മുടെ കര്‍ത്താവ്‌ നമ്മെ പഠിപ്പിച്ചു. വിശുദ്ധവും ശക്തവുമായ വ്രതാനുഷ്‌ഠാനങ്ങള്‍ ദൈവത്തില്‍ നിന്ന്‌ അനുഗ്രഹങ്ങള്‍ പിടിച്ചുവാങ്ങുന്നതിന്‌ സഹായകമാകും. മോശ കല്‍പ്പനകള്‍ സമ്പാദിച്ചതും, ഏലിയാ ഉയരത്തിലേക്ക്‌ കരേറിയതും, നിനുവ രക്ഷപെടുന്നതുമെല്ലാം ഈ സത്യമാണ്‌ സാക്ഷിക്കുന്നത്‌. പ്രലോഭനങ്ങള്‍ മുന്‍കാലങ്ങളേക്കാള്‍ കൂടുതലായി നമ്മെ സ്വാധീനിക്കുന്ന ഇക്കാലത്ത്‌ സ്വയം നിയന്ത്രണത്തിനുള്ള അവസരമായി നോമ്പിനെ കാണണം. ദൈവംതമ്പുരാന്‍ നമുക്ക്‌ നല്‍കിയ സമ്പത്തും, സൗകര്യങ്ങളും ആഡംബരങ്ങള്‍ക്കുള്ള അവസരമാക്കാതെ, പരിമിതികളെ സ്വയം സ്വീകരിച്ചുകൊണ്ട്‌ ദാനധര്‍മ്മങ്ങള്‍ക്കും മറ്റ്‌ സത്‌കര്‍മ്മങ്ങള്‍ക്കുമുള്ള പ്രചോദനം നോമ്പില്‍ നിന്നും നാം ഉള്‍ക്കൊള്ളണം. ജീവിത ശൈലിയിലെ ഗുണപരമായ മാറ്റങ്ങള്‍ക്കും, ജീവിതകാലം മുഴുവനും തുടരുന്ന ദൈവീകരണ പ്രക്രിയയുടെ പുരോഗതിക്കും നോമ്പ്‌ നമ്മെ സഹായിക്കണം.


വാത്സല്യ മക്കളേ, ദൈവസന്നിധിയില്‍ നിന്നും നമ്മെ അകറ്റിക്കളയുന്ന അനേക സാഹചര്യങ്ങള്‍ നമുക്ക്‌ ചുറ്റിലുമുണ്ട്‌. കുടുംബസമാധാനവും വ്യക്തിത്വത്തിന്റെ മാന്യതയും നഷ്‌ടപ്പെടുത്തുന്ന പെരുമാറ്റം നമ്മില്‍ നിന്ന്‌ ഉണ്ടാകരുത്‌. ക്രൈസ്‌തവ സാക്ഷ്യം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക്‌ കഴിയണം. ഈ നോമ്പ്‌ നിരപ്പിന്റെയും സ്‌നേഹത്തിന്റെയും ഔന്നത്യത്തിലേക്ക്‌ നമ്മെ നയിക്കണം. നോമ്പിന്റെ പ്രാരംഭത്തില്‍ നടത്തുന്ന നിരപ്പിന്റെ ശുശ്രൂഷയില്‍ (ശുബ്‌ക്കോനോ) എല്ലാവരും പങ്കുചേരണം. പരസ്‌പര വിട്ടുവീഴ്‌ചയിലൂടെയും, ക്ഷമയിലൂടെയും ബന്ധങ്ങള്‍ ഈടുറ്റതാക്കണം. സമസൃഷ്‌ടികളോടുള്ള കരുതലിന്റെ ഭാഗമായി ഉപവസിച്ചും സാധുക്കള്‍ക്ക്‌ നല്‍കണം. ഈ വര്‍ഷത്തെ വലിയനോമ്പാചരണം അനുഗ്രഹത്തിന്‌ മുഖാന്തിരമായിത്തീരുവാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്‍മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................


ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

2011 ഫെബ്രുവരി മാസം 19 -ആം തീയതി
കോട്ടയം കാതോലിക്കാസന
അരമനയില്‍നിന്നും.

20101229

ദൈവവിശ്വാസത്തിന്റെ മൂല്യങ്ങള്‍ ചോരാതെ കാത്തുസൂക്ഷിക്കണം: പരിശുദ്ധ ബാവ

കോലഞ്ചേരി, ഡി 28: ദൈവവിശ്വാസത്തിന്റെ മൂല്യങ്ങള്‍ ചോര്‍ന്നു് പോകാതെ പുതുതലമുറ കാത്തുസൂക്ഷിക്കണമെന്നു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ ഉദ്ബോധിപ്പിച്ചു. മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ സ്റ്റുഡന്റ്‌ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ 102-ആം അഖില മലങ്കര വാര്‍ഷിക സമ്മേളനം കടയിരിപ്പ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ. ചടങ്ങില്‍ എം ജി ഒ സി എസ്‌ എം പ്രസിഡന്റ്‌ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

സൂന്നഹദോസ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ മെത്രാപ്പോലീത്ത, സക്കറിയ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി, സിന്തൈറ്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സി.വി. ജേക്കബ്‌, കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ സെക്രട്ടറി ജോയി പി. ജേക്കബ്‌, ഫാ.ജേക്കബ്‌ കുര്യന്‍, ഡോ.സോജന്‍ ഐപ്പ്‌, ഗോള്‍ഡിന്‍ ആന്‍ ബേബി, ജനറല്‍ സെക്രട്ടറി ഫാ.വര്‍ഗീസ്‌ വര്‍ഗീസ്‌, ജോമിത്‌ ടി. മാത്യു, കൃപാമേരി ജേക്കബ്‌, ക്രിസ്‌, സോണിയ സൂസന്‍ ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ. ജേക്കബ്‌ കുര്യന്‍ ക്ലാസെടുത്തു. ഇന്നു രാവിലെ ഏഴിന്‌ ഏബ്രഹാം മാര്‍ സെറാഫിം മെത്രപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്നു ക്ലാസുകളും സെമിനാറുകളും നടക്കും.

20101222

സുസ്ഥിര സമാധാനത്തിനുള്ള സമവായം വേണം :ഓര്‍ത്തഡോക്സ് സഭ

കോട്ടയം: സഭയില്‍ സുസ്ഥിര സമാധാനം സാധ്യമാക്കുന്ന വിധത്തിലുള്ള സമവായത്തിനു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സന്നദ്ധമാണെന്നും കോടതി വിധികളും മധ്യസ്ഥ തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതു് യാക്കോബായ നേതാക്കളാണെന്നും ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടു് കത്തനാര്‍.

1995-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണു് സഭാ ഭരണഘടന അംഗീകരിച്ചു് സമാധാനത്തിനു് സന്നദ്ധത അറിയിച്ചവര്‍ തന്നെ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് മളീമഠിന്റെ നിരീക്ഷണത്തില്‍ സഭയില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതിനായി പരുമലയില്‍ നടത്തിയ മലങ്കര അസോസിയേഷന്‍ ബഹിഷ്കരിച്ചു്, പുത്തന്‍കുരിശില്‍ ബദല്‍ യോഗം ചേര്‍ന്നു് 2002ല്‍ പുതിയ സഭ സ്ഥാപിച്ചു. ഇപ്പോള്‍ പുതിയൊരു കാര്യം എന്നതുപോലെ കോടതിക്കു് പുറത്തുള്ള സമവായത്തെക്കുറിച്ചു് സംസാരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു.

ആലുവ തൃക്കുന്നത്തു് സെമിനാരി, കോലഞ്ചേരി പള്ളി, പിറവം പള്ളി എന്നിവിടങ്ങളിലെ തര്‍ക്കം സംബന്ധിച്ചു് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജില്ലാ ഭരണാധികാരികള്‍, പൊലീസ് മേധാവികള്‍ എന്നിവരുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ ഏകപക്ഷീയമായി ലംഘിയ്ക്കുകയും നീതി-നിയമ നിഷേധങ്ങള്‍ക്കു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നേതൃത്വം നല്‍കുകയും ചെയ്തതായി ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാര്‍‍ കുറ്റപ്പെടുത്തി.സുപ്രീംകോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയുടെയും 1995-ലെ സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ശാശ്വത സമാധാനത്തിനായി എന്ത് ഒത്തുതീര്‍പ്പിനും സഭ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാളമനോരമ 2010 ഡിസംബര്‍‍ 22

20101216

സഭാതര്‍ക്കം: ഇടവക പള്ളി അവകാശവാദം വിടണമെന്ന്‌ മലങ്കര സഭ; മധ്യസ്ഥതക്ക് തയാറെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

കൊച്ചി, ഡിസം 15: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഇടവക പള്ളികളിലുള്ള അവകാശവാദം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഉപേക്ഷിച്ചാല്‍ മാത്രമേ സഭയില്‍ സമാധാനവും സൗഹാര്‍ദ്ദവും പുലരുകയുള്ളൂ എന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, സഭാതര്‍ക്കം പരിഹരിക്കാന്‍ കോടതിക്ക്‌ പുറത്ത്‌ മധ്യസ്ഥ ചര്‍ച്ചക്ക് തയാറാണെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അറിയിച്ചു.


സഭാ കേസുകള്‍ ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങളിലൂടെ ഒത്തു തീര്‍ക്കാനാകുമോ എന്നു ജസ്‌റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായം തേടിയ സാഹചര്യത്തിലാണ്‌ ഇരുകൂട്ടരും നിലപാടറിയിച്ചത്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ 2002ല്‍ മലങ്കര സഭയില്‍ നിന്നു സ്വയം വിട്ടുപോയതാണെന്നും, മലങ്കര സഭയുടെ ഇടവക പള്ളികള്‍ പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചതാണ്‌ പല കേസുകള്‍ക്കും കാരണമെന്നും അതിനാല്‍, മലങ്കര സഭയുടെ ഇടവക പള്ളികളിലുള്ള അവകാശവാദം ഉപേക്ഷിച്ച്‌ അവരുടേതായ ദേവാലയങ്ങളുണ്ടാക്കി ഭരിക്കുന്നതാണ്‌ പരിഹാരമെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്കു വേണ്ടി എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. നൂറുകണക്കിനുളള സിവില്‍ വ്യവഹാരങ്ങള്‍ക്കും മലങ്കര സഭയിലെ കുഴപ്പങ്ങള്‍ക്കും കാരണക്കാര്‍ അവരാണ്‌.

1958-ലെ സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം പാത്രിയര്‍ക്കീസിന്റെ കീഴിലുണ്ടായിരുന്ന വിഭാഗവും 1934-ലെ മലങ്കര സഭാ ഭരണഘടന അംഗീകരിച്ചതാണു്. 1974-ല്‍ പാത്രിയര്‍ക്കീസ് ബാവയാണു് വിഭജനത്തിന്റെ വിത്തു് പാകിയതു്. എല്ലാ ഇടവക പള്ളികള്‍‍ക്കും 1934-ലെ മലങ്കര സഭാ ഭരണഘടന ബാധകമാണെന്നു് 1995 ലെ സുപ്രീം കോടതിയുടെ വിധിയില്‍‍ വ്യക്തമാക്കിയിരുന്നു. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ആവശ്യപ്രകാരം 1934-ലെ മലങ്കര സഭാ ഭരണഘടനയുടെ രണ്ടു് അനുഛേദങ്ങള്‍ ‍ഭേദഗതി ചെയ്തു.

മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടിയാല്‍ വ്യവഹാരങ്ങള്‍ അവസാനിക്കുമെന്നാണു് പാത്രിയര്‍ക്കീസ് വിഭാഗം സൂപ്രീം കോടതിയെ ധരിപ്പിച്ചത്‌. ബസേലിയോസ്‌ മാത്യൂസ്‌ ദ്വിതീയന്‍ ബാവ, മലങ്കര മെത്രാപ്പൊലീത്തയാണോ എന്നു നിശ്‌ചയിക്കാനായി മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടാന്‍ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ഉഭയകക്ഷി സമ്മതപ്രകാരം തീരുമാനിച്ചു.
ബസേലിയോസ്‌ മാത്യൂസ്‌ ദ്വിതീയന്‍ ബാവ മലങ്കര മെത്രാപ്പൊലീത്തയല്ലെന്നു യോഗത്തില്‍ തീരുമാനിച്ചാല്‍ സ്‌ഥാനം ത്യജിച്ച്‌ പുതിയ തിരഞ്ഞെടുപ്പു നടത്താന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയും സമ്മതിച്ചിരുന്നു. ഈ ധാരണ പ്രകാരമാണ്‌ ജസ്‌റ്റിസ്‌ മളീമഠിനെ നിരീക്ഷകനാക്കിയത്‌.

പരുമലയില്‍ 2002 മാര്‍ച്ച്‌ 20 നു യോഗം നടത്താനായി നിരീക്ഷകന്‍ പ്രതിനിധികളുടെ കരടുപട്ടിക തയാറാക്കി. എതിര്‍വാദങ്ങള്‍ പരിഗണിച്ച ശേഷം ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ അന്തിമപട്ടിക തയാറാക്കി. പക്ഷേ നിര്‍ഭാഗ്യവശാല്‍ പാത്രിയര്‍ക്കീസ് വിഭാഗം 2002 മാര്‍ച്ച്‌ 20 നു് പുത്തന്‍കുരിശില്‍ യോഗം ചേര്‍ന്ന്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭ രൂപീകരിച്ചു, 2002 ലെ ഭരണഘടനയും രജിസ്‌റ്റര്‍ ചെയ്‌തു. പാത്രിയര്‍ക്കീസിന്റെ പിന്തുണയുണ്ടായിരുന്ന ഈ സഭ കാതോലിക്കായെയും ബിഷപ്പുമാരെയും വൈദികരെയും വാഴിച്ച്‌, വിട്ടുപോയതാണു് - ഓര്‍ത്തഡോക്‌സ്‌ സഭയുടെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.

അതേസമയം, തര്‍ക്ക പരിഹാരത്തിന്‌ മധ്യസ്‌ഥ, അനുരഞ്‌ജന ശ്രമങ്ങള്‍ നടത്താനായി മുന്‍ജഡ്‌ജിമാരും മതമേലധ്യക്ഷന്മാരുമുള്‍പ്പെട്ട 10 പേരുടെ പാനലിനെ നിര്‍ദ്ദേശിച്ചുകൊണ്ടാണ്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയ്‌ക്കു വേണ്ടി അഡ്വ. കെ. ജെ. കുര്യാച്ചന്‍ വിശദീകരണ പത്രിക നല്‍കിയിട്ടുള്ളത്‌. ജസ്‌റ്റിസുമാരായ കെ.എസ്‌. പരിപൂര്‍ണന്‍, കെ ടി തോമസ്‌, പി.കെ. ഷംസുദ്ദീന്‍, പി. കൃഷ്‌ണമൂര്‍ത്തി, ടി. വി. രാമകൃഷ്‌ണന്‍, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌, സിഎസ്‌ഐ ബിഷപ്‌ തോമസ്‌ സാമുവല്‍ എന്നിവരില്‍ നിന്ന്‌ ഇരുകൂട്ടര്‍ക്കും സ്വീകാര്യരായ മധ്യസ്‌ഥരെ കോടതിക്കു തിരഞ്ഞെടുക്കാമെന്നു പത്രികയില്‍ പറയുന്നു.

ഇതിനിടെ, സഭാകേസുമായി ബന്ധപ്പെട്ടു ജഡ്‌ജിമാര്‍ക്ക്‌ ഊമക്കത്തയച്ചതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു കോടതി വാക്കാല്‍ മുന്നറിയിപ്പു നല്‍കി. ജഡ്‌ജിമാര്‍ക്കു കത്തയയ്‌ക്കുന്ന പ്രവണത അലോസരമുണ്ടാക്കുന്നതാണെന്നു് കോടതി പറഞ്ഞു.
ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണു് കോടതി പരിഗണിക്കുന്നത്‌.

ഓര്‍ത്തഡോക്‌സ്‌ സഭാ വികാരി ഫാ. മാത്യൂസ്‌ കാഞ്ഞിരപ്പാറയില്‍ ചികില്‍സയ്‌ക്കായി പോകുന്നതിനാല്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ പകരക്കാരനായി ഫാ. ബോബി വര്‍ഗീസിനു മൂന്നു മാസത്തേക്ക്‌ അനുമതി നല്‍കി കോടതി ഉത്തരവിട്ടു. കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയ്‌ക്കു പോകുന്നതിനാല്‍ പകരക്കാരനെ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഫാ. മാത്യൂസ്‌ കാഞ്ഞിരപ്പാറയില്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജിയിലാണു നടപടി. കേസ്‌ 21 നു വീണ്ടും പരിഗണിക്കും.

20101211

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ ക്രിസ്തുമസ് സന്ദേശം

.

നമ്പര്‍ 71/2010

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ
ത്രിയേക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്‌തുതി)
വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍
ആരൂഢനായിരിക്കുന്ന
പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, സഹവികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളി കൈക്കാരന്മാരും, ശേഷം ജനങ്ങളും കൂടികണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!

കര്‍ത്താവില്‍ പ്രിയരേ,

നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരമായ ജനനപ്പെരുന്നാളിലേക്കും, നന്മനിറഞ്ഞ സ്വപ്‌നങ്ങ ളുമായി ഒരു പുതുവര്‍ഷത്തിലേക്കും നാം അടുത്തുവരികയാണല്ലോ. മശിഹാതമ്പുരാന്റെ തിരുജനനം ശാന്തിയുടേയും സമാധാനത്തിന്റെയും പെരുന്നാളായി നാം ആചരിക്കുന്നു. സ്വര്‍ഗ്ഗം ഭൂമിയോട്‌ നിരപ്പാവുകയും, സര്‍വ്വ സൃഷ്‌ടിയേയും രക്ഷയുടെ അനുഭവത്തിലേക്ക്‌ കൊണ്ടുവരികയും ചെയ്‌ത മഹത്വകരമായ പെരുന്നാളാണ്‌ യെല്‍ദോ പെരുന്നാള്‍. അസമാധാനത്തിന്റെയും അസംതൃപ്‌തിയുടെയും ആസക്തികളുടെയും ചൂഷണങ്ങ ളുടെയും ലോകത്ത്‌ ക്രിസ്‌തുമസ്‌ നല്‍കുന്ന സന്ദേശം നമുക്ക്‌ പ്രത്യാശ പകരുന്നു. സര്‍വ്വചരാ ചരങ്ങള്‍ക്കും ക്രിസ്‌തുവിന്റെ ഹൃദയത്തില്‍ ഇടമുണ്ടെന്ന്‌ വെളിപ്പെടുത്തിയ ഈ പെരുന്നാള്‍ നമ്മെ കൂടുതല്‍ ആത്മീയരാക്കട്ടെ. കര്‍ത്താവിന്റെ തിരുജനനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവര്‍ക്കെ ന്നപോലെ ഈ പെരുന്നാള്‍ ആചരണം നമുക്കും ദൈവീക സന്തോഷവും ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌വാഗ്‌ദാനം ചെയ്‌തിട്ടുള്ള സമാധാനവും കൈവരുത്തുവാന്‍ മുഖാന്തിരമായിത്തീരട്ടെ എന്ന്‌ നാം പ്രാര്‍ത്ഥിക്കുന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ ദൈവാത്മ നിറവോടെ നേരിടുവാനായി ക്രിസ്‌തുവിന്‌ നമ്മുടെഹൃദയങ്ങ ളില്‍ പുല്‍ക്കൂട്‌ ഒരുക്കുവാന്‍ നമുക്ക്‌ നമ്മെത്തന്നെ ദൈവസന്നിധിയില്‍ വിശുദ്ധിയോടെ പരിപൂര്‍ണ്ണ മായി സമര്‍പ്പിക്കാം.


സമൂഹത്തില്‍ മദ്യത്തിന്റെയും മറ്റ്‌ ലഹരി വസ്‌തുക്കളുടെയും സ്വാധീനം ഏറിവരികയും അക്രമവാസന പെരുകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. നമ്മുടെ ദൈവവും രക്ഷകനുമായ മശിഹാതമ്പുരാനിലുള്ള നിത്യജീവന്‌ ഓഹരിക്കാരായി വിളിക്കപ്പെട്ടിരിക്കുന്ന സഭാമക്കള്‍ എല്ലാവരും ഇപ്രകാരമുള്ള ദു:സ്വാധീനങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായും അകന്നു നില്‍ക്കുകയും തങ്ങളെത്തന്നെ വിശു
ദ്ധീകരിച്ച്‌ ഈ ജനനപ്പെരുന്നാള്‍ ആചരിക്കുകയും ചെയ്യണമെന്ന്‌ നാം നിങ്ങളോട്‌ സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു. പരിശുദ്ധാത്മ പുതുക്കത്തിന്റെയും ആത്മീയ സന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്‌തുമസും,അനുഗ്രഹപ്രദമായ ഒരു പുതുവത്സരവും ദൈവംതമ്പുരാന്‍ നിങ്ങ ള്‍ക്ക്‌ നല്‍കട്ടെ എന്ന്‌ നിറഞ്ഞ ഹൃദയത്തോടെ നാം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................

ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

2010 ഡിസംബര്‍ മാസം 01 -ആം തീയതി
കോട്ടയം കാതോലിക്കേറ്റ്‌
അരമനയില്‍നിന്നും.

ക്രിസ്തുമസ് വെളിച്ചത്തിന്റെ ഉത്സവം : പരിശുദ്ധ ബാവ

.
ക്രിസ്തുമസ് സന്ദേശം

ദേവലോകം, ഡിസം 11: ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുവാനാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്. ആ നിലയ്ക്ക് ക്രിസ്തുമസ് വെളിച്ചത്തിന്റെ ഉത്സവമാണെന്ന് പൗരസ്ത്യ കാതോലിക്കോസ്-പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ബി.സി. എട്ടാം നൂറ്റാണ്ടില്‍ യെശയ്യാ പ്രവാചകന്റെ വചനങ്ങള്‍ പ്രകാരം മനുഷ്യന്റെ ഹൃദയത്തിലും മനുഷ്യന്റെ മനസ്സിലും ക്രിസ്തുവാകുന്ന പ്രകാശം ഉദിക്കേണ്ടതുണ്ട്. നമ്മുടെ ഹൃദയത്തിലും ഒരു ക്രിസ്തു ജനിക്കണമെന്നും പരിശുദ്ധ ബാവാ പറഞ്ഞു.

20101210

പള്ളിയും സെമിത്തേരിയും പങ്കിടാന്‍ ഓര്‍ത്തഡോക്‌സ്‌- കത്തോലിക്കാ ധാരണ

കടപ്പാടു് മലയാള മനോരമ 2010 ഡിസംബര്‍ 10

കോട്ടയം: അത്യാവശ്യ സാഹചര്യങ്ങളില്‍ പള്ളിയും സെമിത്തേരിയും പങ്കുവച്ച്‌ ഉപയോഗിക്കാനും മൃതസംസ്‌കാര ശുശ്രൂഷാ കര്‍മത്തിന്‌ വൈദികരെ പങ്കുവയ്‌ക്കാനും റോമന്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും തമ്മിലുള്ള സഭൈക്യത്തിനായുള്ള രാജ്യാന്തര സമിതിയുടെ സമ്മേളനം തീരുമാനിച്ചു. നിബന്ധനകള്‍ക്കു വിധേയമായാണിത്‌.ഇരുസഭകളിലുംപെട്ടവര്‍ തമ്മിലുള്ള വിവാഹം സംബന്ധിച്ച്‌ സമാഹരിച്ച പൊതുധാരണകള്‍ കത്തോലിക്കാ സഭയുടെ മെത്രാന്‍ സംഘത്തിനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സുന്നഹദോസിനും സമര്‍പ്പിക്കും. കൂടുതല്‍ പഠനത്തിനു ശേഷം പൊതു അംഗീകാരത്തിനു നല്‍കാനും സമിതി തീരുമാനിച്ചു.

രോഗികളുടെ തൈലാഭിഷേക കൂദാശ, രോഗീലേപനം എന്നിവ പ്രത്യേക സാഹചര്യങ്ങളിലും ആശുപത്രിയിലെ സാഹചര്യങ്ങളിലും ഇതരസഭയിലെ വൈദികരില്‍ നിന്നു സ്വീകരിക്കുന്നതു സംബന്ധിച്ചും ധാരണയായി. ഇരുസഭകളുടെയും പ്രധാന സമിതികള്‍ ചര്‍ച്ച ചെയ്‌ത്‌ അവസാന തീരുമാനത്തിലെത്തും.സഭൈക്യത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ആര്‍ച്ച്‌ ബിഷപ്‌ ബ്രിയാന്‍ ഫാറല്ലും ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും സഹ അധ്യക്ഷരായിരുന്നു.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്‌ സില്‍വസ്‌റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ്‌ നെല്‍പുരയില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ റവ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, റവ. ഡോ. ബേബി വര്‍ഗീസ്‌, റവ. ഡോ. ഒ. തോമസ്‌, റവ. ഡോ. റെജി മാത്യു, റവ. ഡോ. ജോസ്‌ ജോണ്‍, റവ. ഡോ. ടി.ഐ. വര്‍ഗീസ്‌, റവ. ഫാ. ഏബ്രഹാം തോമസ്‌ എന്നിവരും പങ്കെടുത്തു.

രാജ്യാന്തര സമിതി അംഗങ്ങള്‍ക്കു് ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായും ചങ്ങനാശേരി അതിരൂപതയില്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും സ്വീകരണം നല്‍കി.