20141221

മുളന്തുരുത്തി മാര്‍ത്തോമ്മൻ പള്ളിയില്‍ മലങ്കര – അന്ത്യോക്യന്‍ സഭകള്‍ തമ്മില്‍ വന്‍ സംഘര്‍ഷം; ഏതാനും പേര്‍ക്ക് പരിക്ക്‌

മുളന്തുരുത്തി, ഡിസംബര്‍ 20 – സഭാ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമ്മൻ പള്ളിയില്‍  വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാളുമായി ബന്ധപ്പെട്ട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും തമ്മില്‍ ഡിസംബര്‍ 20 ശനിയാഴ്ച രാത്രി വലിയ സംഘര്‍ഷമുണ്ടായി. പള്ളിക്കകത്ത് ഉന്തും തള്ളും, ചെറിയ തോതില്‍ അടിപിടിയും ഉണ്ടായി. രാത്രി വൈകിയും സംഘര്‍ഷാവസ്ഥയായിരുന്നു. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.

ക്രമം അനുസരിച്ചു് മാര്‍ത്തോമ്മൻ പള്ളിയിലെ ആരാധന ഡിസംബര്‍ 20 ശനിയാഴ്ച വൈകീട്ട് 6 മണി മുതൽ 21 ഞായറാഴ്ച വൈകീട്ട് 6 മണി വരെ ഓർത്തഡോക്സ് സഭയുടെ വീതത്തിലാണ്. ഓർത്തഡോക്സ് സഭയുടെ പ്രദക്ഷിണം (റാസ) ശനിയാഴ്ച രാത്രി പള്ളിയിൽ കയറുന്നതിനു് മുമ്പു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം പള്ളിക്കകത്ത് ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ജോണ്‍ എ. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. രാത്രി 7 മണിയോടെ എത്തിയ പ്രദക്ഷിണം (റാസ) പള്ളിയിൽ പ്രവേശിപ്പിയ്ക്കാതെ പള്ളിക്ക് മുൻപിൽ പോലീസ് തടഞ്ഞു. അവകാശപ്പെട്ട നീതി സംജാതമാവുന്ന വരെയെന്നു് പ്രഖ്യാപിച്ചു് ഓർത്തഡോക്സ് സഭക്കാര്‍ പള്ളിക്ക് മുൻപിൽ കുത്തിയിരിന്നു് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചു. ഗതാഗതം താറുമാറായി.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പെരുന്നാളിന്റെ ഭാഗമായ പ്രദക്ഷിണം വരും മുമ്പേ ഓർത്തഡോക്സ് സഭക്കാര്‍ പള്ളിക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു് ഗതാഗതം താറുമാറാക്കിയതുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പ്രദക്ഷിണവും ചിതറി. അവസാനം പോലീസിന്റെ അനുമതിയോടെ ഓർത്തഡോക്സ് സഭയുടെ പെരുന്നാൾ റാസ കൊച്ചി ഭദ്രാസന അധിപന്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ,അങ്കമാലി ഭദ്രാസന അധിപന്‍ പോളികാർപ്പോസ് മെത്രാപ്പോലീത്ത എന്നിവരുടെയും നൂറുകണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ മുളന്തുരുത്തി പള്ളിയിൽ പ്രവേശിച്ചു് പ്രാര്‍ത്ഥന നടത്തി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പ്രദക്ഷിണം മുളന്തുരുത്തി പള്ളിയുടെ അടുത്തുള്ള അവരുടെ ചാപ്പലിലും പ്രവേശിച്ചു.

പരിക്കേറ്റ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ജോണ്‍ എ. ജോര്‍ജിനെ ആരക്കുന്നം എ.പി. വര്‍ക്കി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി. ആന്റണി തോമസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് സ്ഥലത്തുള്ളത്. മുളന്തുരുത്തി പോലീസ് കേസ്സെടുത്തിട്ടുണ്ട്.
ചിത്രം കാണുക 

അഭിപ്രായങ്ങളൊന്നുമില്ല: