20111122

ഡല്ഹി ഭദ്രാസനാധിപന്‍ ഇയ്യോബ്‌ മാര്‍ പീലക്‌സീനോസ്‌ കാലം ചെയ്‌തു



കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ (73) കാലംചെയ്‌തു. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച് ‍(എം ഒ എസ്‌ സി) മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നവംബര്‍ 20 രാവിലെ 7.30 നായിരുന്നു ദേഹവിയോഗം.

22 ചൊവ്വാഴ്ച രണ്ടുമണിക്ക്‌ ദയറായില്‍ നടന്നകബറടക്ക ശുശ്രൂഷയ്‌ക്ക്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായും മുഖ്യകാര്‍മികത്വം വഹിച്ചു

മാര്‍ പീലക്‌സീനോസ്‌ വൃക്കരോഗത്തിന്‌ ദീര്‍ഘകാലമായി കോലഞ്ചേരി എം ഒ എസ്‌ സി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍‍ന്നു് സപ്തംബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുവര്‍‍ഷത്തോളം ഡല്‍‍ഹിയില്‍ ചികിത്സ തേടിയ ശേഷമാണ് കോലഞ്ചേരി ആശുപത്രിയില്‍ എത്തിയത്. ശ്വാസകോശ സംബന്ധമായ രോഗവും വാര്‍ദ്ധനക്യസഹജമായ രോഗങ്ങളും മെത്രാപ്പോലീത്തയെ ബുദ്ധിമുട്ടിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നവംബര്‍ 20 രാവിലെ അഞ്ചരയോടെ ഹൃദയാഘാതമുണ്ടായി. ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 7.30 നായിരുന്നു ദേഹവിയോഗം.

നവംബര്‍ 20-നു് ഞായറാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ചാപ്പലില്‍ വിശുദ്ധ കുര്‍‍ബാനയ്ക്കുശേഷം പതിനൊന്നരയോടെ ഭൗതികശരീരം പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ ആശുപത്രി ചാപ്പലില്‍ എത്തി ധൂപപ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്കുശേഷം 2.30ന് പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ ദ്വിതീയന്‍ ബാവയെത്തി മെത്രാപ്പോലീത്തയുടെ ഭൗതികശരീരം സന്ദര്ശിച്ച് ധൂപപ്രാര്‍ഥന നടത്തി. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോലഞ്ചേരി ആശുപത്രി ചാപ്പലില്‍ അന്തിമോപചാരമര്‍പ്പിച്ചു. വി.പി. സജീന്ദ്രന്‍ എംഎല്‍എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

3.30-ഓടെ ഭൗതികശരീരം കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററിലേക്ക് കൊണ്ടുപോയി. കാതോലിക്കേറ്റ്‌ സെന്ററില്‍ പൊതുദര്‍ശനത്തിന്‌ വച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സുനഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി.

രാത്രി കോട്ടയം പഴയ സെമിനാരിയിലെത്തിച്ച ഭൗതികശരീരം 21നു് രാവിലെ 10 മണിവരെ സെമിനാരി ചാപ്പലില്‍ പൊതുദര്‍ശനത്തിനു് വച്ചതിനു് ശേഷം വിലാപയാത്രയായി പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായിലേയ്ക്കു് കൊണ്ടുപോയി.

22 ചൊവ്വാഴ്ചരാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. വി.കുര്‍ബ്ബാനയ്ക്കുശേഷം ധൂപപ്രാര്‍ത്ഥന നടത്തി.

അഭിവന്ദ്യ പിതാവിന്റെ ഭൌതികശരീരം ദര്‍ശിക്കുവാനായി കേരളത്തിനകത്തും പുറത്തും നിന്നും നിരവധി വിശ്വാസികളാണ് പത്തനാപുരം ദയറായിലേക്ക് എത്തിയത്. വിദേശത്തുനിന്നും ഇടവകകളെ പ്രതിനിധീകരിച്ച് ധാരാളം വിശ്വാസികള്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തി. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തുനിന്നും നിരവധി പ്രമുഖര്‍ അഭി. പിതാവിന് ആദരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും 21നും 22നും അവധി കൊടുത്തു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും 22നും അവധി പ്രഖ്യാപിച്ചു. കബറടക്കശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് പത്താനാപുരം മൌണ്ട് താബോര്‍ ദയറായില്‍ ആരംഭിച്ചു.

ന്യൂഡല്‍ഹി ഓര്‍ത്തഡോക്സ് സെന്ററിലും വിവിധ ദേവാലയലങ്ങളിലും വലിയ സ്ക്രീനുകളിലൂടെ തിരുമേനിയുടെ സംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ തത്സയമയം കാണിച്ചു. സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വി.യിലൂടെയാണ് (www.orthodoxchurch.tv, www.orthodoxchurch.in) തല്‍സമയ സംപ്രേഷണം ഒരുക്കിയിരുന്നത്

ജീവിതരേഖ

മാര്‍ പീലക്‌സീനോസ്‌ തിരുവല്ലാ മേപ്രാല്‍ കണിയാന്തറ കെ.സി. തോമസിന്റെയും അച്ചാമ്മയുടെയും മകനാണ്‌. 1939 മേയ്‌ എട്ടിന്‌ ജനിച്ചു. പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനന്തരവളുടെ മകനാണ്‌. മേപ്രാല്‍ സ്‌കൂളില്‍ വിദ്യാഭ്യാസത്തിനുശേഷം പതിനാറാം വയസ്സില്‍ വയസ്സില്‍ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായില്‍ അംഗമായി. ബസ്സേലിയോസ് ഗീവര്ഗീ്സ് രണ്ടാമന്‍ ബാവയോട് സ്‌കൂള്‍ പഠന സമയങ്ങളിലുണ്ടായ താല്പര്യവും അഭിനിവേശവുമാണ് ദയറായില്‍ ചേരാന്‍ പ്രേരണയായത്. ആശ്രമ സ്‌ഥാപകന്‍ തോമ്മാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്യാസവ്രതം സ്വീകരിച്ചു. കുട്ടിക്കാലം മുതല്‍ക്കെ പഠനത്തിലും കലാരംഗത്തും ഏറെ മികവു പുലര്‍ത്തിയിരുന്ന ജോബിനോട്‌ കാലം ചെയ്‌ത മാര്‍ത്തോമ്മാ ദിവന്നാസിയോസിനു് പ്രത്യേക വാത്സല്യവും സ്‌നേഹവുമായിരുന്നു. സെമിനാരി പഠനത്തിനൊപ്പം പല സ്‌ഥലങ്ങളിലായി ഉന്നത വിദ്യാഭ്യാസവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. ഇതിനിടെ 1956 മെയ് 26ന് ഗീവര്ഗീസ് ദ്വിതീയന്‍ ബാവയില്‍ നിന്ന് ശെമ്മാശ പട്ടവും പൂര്‍ണശെമ്മാശ പട്ടവും സ്വീകരിച്ചു.

തിരുച്ചിറപ്പള്ളി സെന്റ്‌ ജോസഫ്‌സ്‌ കോളജില്‍നിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനെത്തുടര്‍ന്ന്‌ 1969ല്‍ പത്തനാപുരം സെന്റ്‌ സ്‌റ്റീഫന്‍സ്‌ കോളജില്‍ അധ്യാപകനായി. അദ്ദേഹത്തിന്‌ 1972 മെയ് 11ന് വൈദിക പട്ടവും ലഭിച്ചു. സൗമ്യനും സരസനുമായിരുന്ന അദ്ദേഹം ഈ കോളജില്‍ 1990 വരെ അതായതു് 21 വര്‍ഷം ഇംഗ്ലിഷ്‌ അധ്യാപകനായിരുന്നു. ഇംഗ്ലിഷ്‌ ഭാഷയിലും സുറിയാനിയിലും അഗാധജ്‌ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്‌ വലിയ ശിഷ്യസമ്പത്താണുള്ളത്‌. ഏറെനാള്‍ കോളജിന്റെ വൈസ്‌ പ്രിന്‍സിപ്പല്‍ സ്‌ഥാനവും വഹിച്ചു.

കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ജോബ്‌ അച്ചന്‍ നല്ലൊരു ഇംഗ്ലിഷ്‌ അധ്യാപകനായിരുന്നെങ്കില്‍ മൗണ്ട്‌ താബോറിലെ ആശ്രമവാസികള്‍ക്ക്‌ അദ്ദേഹം നല്ലൊരു പാട്ട്‌ അധ്യാപകനായിരുന്നു. നല്ലൊരു ഗായകനായിരുന്ന അദ്ദേഹം അവധി ദിനങ്ങളിലും കോളജിലെ ക്ലാസ്‌ കഴിഞ്ഞു മടങ്ങിയെത്തിയ ശേഷവും ആശ്രമവാസികളെ പാട്ട്‌ പഠിപ്പിക്കുന്നതിനു സമയം കണ്ടെത്തിയിരുന്നു.

പത്തനാപുരം സെന്റ് സ്റ്റീഫന്സ് കോളേജില്‍ ഇംഗ്ലിഷ്‌ വകുപ്പ്‌ മേധാവിയും വൈസ്‌ പ്രിന്‍സിപ്പലുമായിരിക്കെ മേല്‍പ്പട്ട സ്‌ഥാനത്തേക്ക്‌ 1989-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1990 മാര്‍ച്ചില്‍ റമ്പാനായതോടെ അധ്യാപന ജീവിതത്തില്‍ നിന്നു് വിരമിച്ചു. 1991 ഏപ്രില്‍ 30നു മെത്രാനായി. ജൂലൈ 17ന്‌ ഡല്‍ഹി ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി സ്‌ഥാനമേറ്റു. പിന്നീട്‌ ഡല്‍ഹിയായിരുന്നു പ്രവര്‍ത്തന മേഖല. 1996ല്‍ ഡോ. പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ കാലംചെയ്‌തതോടെ ഡല്‍ഹി ഭദ്രാസനാധിപനായി മെത്രാപ്പൊലീത്തായായി. വിവിധ സാമൂഹിക സേവന പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ നേതൃത്വം നല്‍കി. 2002 ആഗസ്ത് 27ന് മെത്രാപ്പോലീത്തയായി.

സഹോദരങ്ങള്‍ തോമസ്‌ കെ. ഉമ്മന്‍, പരേതരായ കെ.ജെ. ജോസഫ്‌, കെ.ജെ. ഫിലിപ്പ്‌, തങ്കമ്മ, കോശി ഫിലിപ്പ് എന്നിവരാണു്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.