20100116

തൃക്കുന്നത്ത്‌ പളളി: മാര്‍ പോളിക്കാര്‍പ്പസിനെ കക്ഷി ചേരാന്‍ അനുവദിച്ചു

അങ്കമാലി ഭദ്രാസനാധിപന്റെ പിന്‍ഗാമി യൂഹാനോന്‍‍‍‍‍ മാര്‍‍ പോളിക്കാര്‍പ്പസ് തന്നെ

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പളളി ഇടവകപ്പളളിയാണോ എന്നത്‌ സംബന്ധിച്ച അപ്പീലില്‍ കക്ഷി ചേരുന്നതിന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത എന്ന നിലയില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിനെയും സെമിനാരി മാനേജര്‍ എന്നനിലയില്‍ ഫാ. യാക്കോബ്‌ തോമസിനെയും വികാരി എന്ന നിലയില്‍ ഫാ. മത്തായി എടയനാലിനെയും ഹൈക്കോടതി അനുവദിച്ചു. കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു മൂവരും സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചാണ് ജസ്റ്റിസ് ഹാറുണ്‍-അല്‍ റഷീദിന്റെ ഉത്തരവ്.

അപ്പീല്‍ വാദത്തിനിടെയാണു ഡോ. ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസിന്റെ പിന്‍ഗാമിയാണ്‌ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസെന്നും ഫാ. ജേക്കബ്‌ മണ്ണാറപ്രായിലിന്റെ പിന്‍ഗാമിയാണ്‌ ഫാ. യാക്കോബ്‌ തോമസെന്നും നിരീക്ഷിച്ചുകൊണ്ട്‌ കോടതി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിനെ കക്ഷി ചേരാന്‍ അനുവദിച്ചത്‌.

അപ്പീല്‍ നല്‍കിയ തൃക്കുന്നത്ത് സ്വദേശി ഏലിയാസ് തുടങ്ങിയവര്‍ ഈയാവശ്യം ശക്തമായി എതിര്‍ത്തു.

കേസ്‌ തുടരുന്നതിനു കക്ഷി ചേരേണ്ടത്‌ ആവശ്യമായതിനാലാണ്‌ ഇവരെ കക്ഷി ചേരാന്‍ അനുവദിച്ചത്‌. അപേക്ഷകരെ കേസില്‍ കക്ഷി ചേര്‍ക്കുന്നതിനു മാത്രം ആവശ്യമായ നിരീക്ഷണങ്ങളാണ് ഉത്തരവില്‍ ഉള്ളതെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ കേസില്‍ ഉന്നയിച്ചിട്ടുളള വസ്‌തുതകളുമായോ ആവലാതികളുമായോ ഇതിനു ബന്ധമില്ല.

വികാരി എന്ന നിലയില്‍ ഫാ. മത്തായി ഇടയനാലിനെ കേസില്‍ കക്ഷിചേരാന്‍ നേരത്തെ കോടതി അനുവദിച്ചിരുന്നു. അങ്കമാലി ഭദ്രാസനാധിപന്റെ പിന്‍ഗാമി എന്ന നിലയ്ക്കാണ് യൂഹാനോന്‍ മാര്‍‍ പോളിക്കാര്‍പ്പസിനെ കക്ഷി ചേര്‍ത്തിട്ടുള്ളത്. നേരത്തെ കേസില്‍ കക്ഷിയായിരുന്ന വികാരിയും മാനേജരുമായ വ്യക്തി സ്ഥലം മാറിപോയതിനാല്‍ വികാരി എന്ന നിലയ്ക്ക് മത്തായി എടയനാലിനും സെമിനാരി മാനേജരായ ഫാ. യാക്കോബ് തോമസിനും കക്ഷി ചേരാന്‍
കോടതി അനുമതി നല്‍കിയിരിക്കുകയാണു്.


കോടതിയുത്തരവു്: 1 2 3 4 5 6

മലയാള മനോരമ

എം റ്റി വി വാര്‍ത്ത ജനുവരി 13

.

20100113

വ്യാജ പ്രചാരണം നടത്തി ഭീഷണി മുഴക്കുന്നത്‌ നീതിന്യായവ്യവസ്‌ഥയോടുള്ള വെല്ലുവിളി - നിയുക്‌ത കാതോലിക്കോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷം വ്യാജ പ്രചാരണം നടത്തി ഭീഷണി മുഴക്കുന്നത്‌ നീതിന്യായവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ വ്യക്തമാക്കി.

സെമിനാരി സംബന്ധിച്ച്‌ വ്യവഹാരം നടക്കുമ്പോള്‍ ഇരുവിഭാഗത്തിനും ബോധിപ്പിക്കാനുള്ളവയും ഹാജരാക്കാനുള്ള രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതാണ്‌.
അന്തിമവിധിയില്‍ സെമിനാരി ഓര്‍ത്തഡോക്‌സ് സഭയുടേതാണെന്ന്‌ കോടതി പ്രസ്‌താവിച്ചിട്ടുള്ളതുമാണ്‌. ഇപ്പോള്‍ സഭയുടെ പൂര്‍ണ ഉടമസ്‌ഥതയിലും നിയന്ത്രണത്തിലുമുള്ള സെമിനാരി അങ്കമാലി ഭദ്രാസന ആസ്‌ഥാന കേന്ദ്രമാണ്‌. ഈ വിധത്തില്‍ സഭയ്‌ക്ക് പൂര്‍ണ അധികാരമുള്ള തൃക്കുന്നത്ത്‌ സെമിനാരി വ്യാജരേഖകള്‍ ചമച്ചും ബലംപ്രയോഗിച്ചും കൈയേറാന്‍ ശ്രമിക്കുന്നത്‌ ഓര്‍ത്തഡോക്‌സ് സഭ സര്‍വശക്‌തിയും ഉപയോഗിച്ച്‌ ചെറുക്കും. നിയുക്‌ത കാതോലിക്കാ പറഞ്ഞു.

തൃക്കുന്നത്ത് സെമിനാരി: കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി തുടരാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ആലുവ, ജനുവരി 10: തൃക്കുന്നത്ത് സെമിനാരിയില്‍ ജനുവരി 23-24ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള ചടങ്ങുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെയും അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ അഞ്ചുമണി വരെ തൃക്കുന്നത്ത് പള്ളിക്കു സമീപമുള്ള വിശുദ്ധരുടെ കബറുകള്‍ തുറന്നു കൊടുക്കും. കൂട്ടമായെത്താതെ അഞ്ചോ, പത്തോ പേരടങ്ങുന്ന സംഘമായെത്തി വേണം പ്രാര്‍ത്ഥന നടത്താന്‍. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകന്മാര്‍ക്കും കബറില്‍ എത്തി ധൂപപ്രാര്‍ത്ഥന നടത്താം. ഇതു കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെങ്കിലും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും സമാധാന അന്തരീക്ഷം നിലനിറുത്താനും വേണ്ടിയാണു് അനുമതി നല്കുന്നതെന്നും യോഗത്തിലെ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടു് മലങ്കര ഓര്‍ത്തഡോക്‌സ്‌ പക്ഷം അറിയിക്കുകയായിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍‍ മാര്‍‍ പോളികോര്‍പ്പസും ഫാ.മത്തായി ഇടയനാലും ഫാ. യുഹാനോന്‍ തോമസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുത്തു.


ധൂപപ്രാര്‍ത്ഥന നടത്താന്‍ പുരോഹിതന്മാര്‍ക്ക് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടും തൃക്കുന്നത്ത് പള്ളി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ടും ഓര്‍മ്മപ്പെരുന്നാള്‍ ദിനങ്ങള്‍ അടുക്കുമ്പോഴേക്കും ഇരുവിഭാഗങ്ങളും തമ്മില്‍ പ്രസ്താവനാ യുദ്ധം നടത്തുന്നതും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതും വര്‍ഷങ്ങളായി തുടരുന്ന രീതിയായിരുന്നു. ഇതു മുന്നില്‍ കണ്ടാണ് കളക്ടര്‍ മുന്‍കൂട്ടി യോഗം വിളിച്ചത്. റൂറല്‍ എസ്​പി, എ എസ്​പി, ഡി വൈ എസ് പിഎന്നിവരും ഇരുവിഭാഗത്തിന്റെയും പ്രാതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം തൃക്കുന്നത്ത് സെമിനാരി തര്‍ക്കത്തെ തുടര്‍ന്ന് 20 ലക്ഷത്തോളം രൂപയാണ് സംഘര്‍ഷമൊഴിവാക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാരിന് ചെലവായത്.
.

ഉടമസ്‌ഥാവകാശ രേഖകള്‍ സര്‍ക്കാരിനെ കാണിച്ചുവെന്ന് അന്ത്യോക്യന്‍ യാക്കോബായ പക്ഷം:വ്യാജരേഖകള്‍ കാട്ടി ഭീഷണി വേണ്ടെന്നു് മലങ്കര ഓര്‍ത്തഡോക്‌സ്‌ പക്ഷം

കൊച്ചി, ജനുവരി 10: ആലുവ തൃക്കുന്നത്ത്‌ സെമിനാരിയും സെന്റ്‌ മേരീസ്‌ പളളിയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടേതാണെന്ന്‌ വ്യക്‌തമാക്കുന്ന രേഖകള്‍ സര്‍ക്കാര്‍ അധികാരികള്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മേലദ്ധ്യക്ഷനായ പ്രാദേശിക കാതോലിക്ക ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ വീണ്ടും അവകാശപ്പെട്ടു.

കാതോലിക്കാ വിഭാഗം (മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ) അനധികൃതമായി സെമിനാരിയില്‍ താമസിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. കാതോലിക്കാ വിഭാഗത്തിന്റെ കൈവശം സെമിനാരിയുടേയും സെന്റ്‌ മേരീസ്‌ പളളിയുടേയും അവകാശം തെളിയിക്കുന്നതായ രേഖകളുണ്ടെങ്കില്‍ സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിക്കാന്‍ അവര്‍ തയാറാവണം.

സഭയുടെ മൂന്നു പിതാക്കന്മാര്‍ കബറടങ്ങിയിട്ടുളള തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പളളിയെ നാശോന്മുഖമായ അവസ്‌ഥയില്‍ നിന്നും സംരക്ഷിക്കേണ്ടത്‌ വിശ്വാസികളുടെ അവകാശമാണ്‌. ഇനിയും ഈ അവസ്‌ഥ തുടരുവാന്‍ ഇടയാകാതെ അവകാശികളായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്‌ക്ക് തൃക്കുന്നത്ത്‌ സെമിനാരിയും പളളിയും വിട്ടു കിട്ടാന്‍ ആവശ്യമായ നടപടി കൈക്കൊളളണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

._. XXXXXXX XXXXXXX ._

വ്യാജരേഖകള്‍ കാട്ടി ഭീഷണി വേണ്ട: ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക

കോട്ടയം, ജനുവരി 11: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷം വ്യാജ പ്രചാരണം നടത്തി ഭീഷണി മുഴക്കുന്നത്‌ നീതിന്യായവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലദ്ധ്യക്ഷന്‍മാരില്‍ രണ്ടാമനായ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ വ്യക്തമാക്കി.

സെമിനാരി സംബന്ധിച്ച്‌ വ്യവഹാരം നടക്കുമ്പോള്‍ ഇരുവിഭാഗത്തിനും ബോധിപ്പിക്കാനുള്ളവയും ഹാജരാക്കാനുള്ള രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതാണ്‌ ശ്രേഷ്‌ഠ ബാവ ചൂണ്ടിക്കാട്ടി.

20100109

തൃക്കുന്നത്ത് സെമിനാരി കയ്യേറ്റശ്രമം ചെറുക്കും -ഓര്‍ത്തഡോക്‌സ് സഭ

ആലുവ, 2010 ജനുവരി 08: തൃക്കുന്നത്ത് സെമിനാരിയില്‍ അതിക്രമിച്ച് കടക്കാനും ക്രമസമാധാനനില തകരാറിലാക്കാനുമുള്ള ശ്രമം ചെറുക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന പള്ളി പ്രതി പുരുഷയോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ പ്രതിനിധികളുടെ മാദ്ധ്യസ്ഥതയില്‍ എടുത്ത തീരുമാനങ്ങള്‍ ഒരുവിഭാഗം നിരന്തരമായി ലംഘിക്കുകയാണെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് പറഞ്ഞു.

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ നടന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്കോപ്പ, സി.കെ. ഐസക് കോര്‍ എപ്പിസ്കോപ്പ, തോമസ് വര്‍ഗീസ്, ഏലിയാസ് കണ്ടനാടന്‍ എന്നിവര്‍ സംസാരിച്ചു.

20100104

മത്തായി ഇടയനാല്‍‍കോര്‍ എപ്പിസസ്കോപ്പ, സ്ഥാനാരോഹണവും അനുമോദന സമ്മേളനവും നടത്തി

കോലഞ്ചേരി, 2010 ജനുവരി 4: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികനും അങ്കമാലി ഭദ്രാസന സെക്രട്ടറിയും ആലുവ തൃക്കുന്നത്ത് സെമിനാരി മാനേജരുമായ ഫാ. മത്തായി ഇടയനാലിന്റെ സപ്തതിയാഘോഷവും കോര്‍ എപ്പിസ്കോപ്പാ സ്ഥാനാരോഹണവും നടത്തി. പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മുഖ്യകാര്‍മികനായി.

തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ യൂഹാനോന് മാര് പോളിക്കാര്‍പ്പസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. ജോണ്‍ എബ്രഹാം കോനാട്ട്, സിസ്റ്റര്‍ ദീന, ഫാ. ഒ.വി.ഏലിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സി.പി. ജോയി എന്നിവര്‍ പ്രസംഗിച്ചു.

20091204

നെച്ചൂര്‍ പള്ളി: നിലവിലുള്ള ആരാധനാസമയക്രമങ്ങള്‍ തുടരാന്‍ ആര്‍‍‍ ഡി ഒയുടെതീരുമാനം



പിറവം, ഡിസം 3:
സഭാ തര്‍ക്കം നിലനില്‍ക്കുന്ന നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ആരാധനാസമയക്രമങ്ങള്‍ തുടരാന്‍ ആര്‍.ഡി.ഒ. ആയ പി.കെ. നളന്‍ ഉത്തരവായി. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കും അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കും വെവ്വേറെ സമയക്രമം അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ഇതിനു പുറമെ ഇടദിവസങ്ങളിലും ആരാധനയ്ക്ക് പള്ളി തുറന്നുകൊടുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആവശ്യപ്പെട്ടതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ ആവശ്യമുന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ വികാരി ഫാ. ജോസഫ് മങ്കിടിയുടെ നേതൃത്വത്തില്‍ നവം 27 വെള്ളിയാഴ്ച വൈകുന്നേരം പള്ളിയില്‍ ആരംഭിച്ച ഉപവാസം പിറ്റേന്നു് അവസാനിപ്പിച്ചതു് ഡി മൂന്നാം തീയതി ആര്‍.ഡി.ഒയുടെ അദ്ധ്യക്ഷതയില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനിയ്ക്കാമെന്ന ധാരണയിലായിരുന്നു.

ഞായറാഴ്ചയിലെ കുര്‍ബാനയ്ക്കല്ലാതെ മറ്റ് ദിവസങ്ങളില്‍ കുര്‍ബാനയ്ക്കു് പള്ളി തുറന്നുകൊടുക്കാന്‍ പള്ളിയുടെ താക്കോല്‍ നിയന്ത്രണത്തിലാക്കിയിരിയ്ക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തയ്യാറായില്ല. അതുകൊണ്ടു് രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് ആര്‍.ഡി.ഒ. നിര്‍ദ്ദേശിച്ചു. ആര്‍ ഡി ഒ ഏകപക്ഷീയമായിനീങ്ങുന്നുവെന്നു് പറഞ്ഞ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍ തുടര്‍ന്നു് ചര്‍ച്ച ബഹിഷ്‌കരിച്ചതുകൊണ്ടു് ചര്‍ച്ച വിജയിച്ചില്ല.

ഞായറാഴ്ചകള്‍ക്ക് പുറമെ വിവാഹം, മാമോദീസ, മരണം, പെരുന്നാള്‍, നാല്പതാം ചരമദിനാചരണം തുടങ്ങിയവയ്ക്ക് മാത്രം പള്ളി തുറന്നുകൊടുക്കുന്ന രീതി മേലില്‍ തുടരാന്‍ നിര്‍ദ്ദേശിച്ച് ആര്‍.ഡി.ഒ. പിന്നീടു് ഉത്തരവിറക്കുകയാണുണ്ടായത്. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് ഇരുസഭകള്‍ക്കും വെവ്വേറെ സമയക്രമം അനുവദിച്ചു നല്‍കി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആര്‍.ഡി.ഒ.യുടെ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടു്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രതിനിധീകരിച്ച് അവരുടെ വികാരി മൂലാമറ്റത്തില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‍‍കോപ്പ, സോജന്‍ പി. എബ്രഹാം, രാജു ജോണ്‍, എല്‍ദോ പീറ്റര്‍, ഐസക് തറയില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് അവരുടെ വികാരി ഫാ. ജോസഫ് മങ്കിടി, പോള്‍ കോഴിക്കോട്ടുതറ, ബാബു ഐക്കനംപുറത്ത്, യോഹന്നാന്‍ കയ്യാലപ്പറമ്പില്‍ എന്നിവരുമാണു് ആര്‍.ഡി.ഒ. വിളിച്ചുകൂട്ടിയ അനുരഞ്ജനചര്‍ച്ചയില്‍ പങ്കെടുത്തതു്.

*