തിരുവനന്തപുരം: ഇന്ത്യന്‍ സഭയുടെ പിതാവായ മാര്‍ത്തോമ പ്രചരിപ്പിച്ച മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ക്കു് ബാധ്യതയുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ക്ഷണപ്രകാരം ഇന്ത്യസന്ദര്‍ശിക്കുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ കാതോലിക്കാ പരിശുദ്ധ അരാം പ്രഥമന്‍ കെഷീഷിയാന്‍ ബാവാ ഫെ 28നു് രാത്രി പറഞ്ഞു. തിരുവനന്തപുരത്തു മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ആരാം ഒന്നാമന്‍. മെത്രാപ്പൊലീത്തമാരും സഭാ സ്‌ഥാനികളും വൈദികരും കന്യാസ്‌ത്രീകളും വിശ്വാസികളും പങ്കെടുത്തു.
ക്രൈസ്‌തവ സഭകള്‍ ഒരുമയോടെയും സാഹോദര്യത്തോടെയും മാര്‍ത്തോമ്മാ ശ്ലീഹായുടെ സന്ദേശം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നു വേള്‍ഡ് റിലിജിയന്‍സ് ഫോര്‍ പീസ് പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക പ്രസിഡന്റുകൂടിയായ അരാം പ്രഥമന്‍ കാതോലിക്ക പറഞ്ഞു. അദ്ദേഹത്തെ അനുഗമിക്കുന്ന അര്‍മീനിയന്‍ സഭയുടെ ടെഹ്‌റാന്‍ ആര്‍ച്ച് ബിഷപ് സെബൗ സര്‍ക്കിസിയാന്‍, ബിഷപ് നരേഗ് അല്‍ എമിസിയാന്‍, ഫാ. മെസറൂബ് സര്‍ക്കിസിയാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. എല്ലാ മതങ്ങളും സമാധാനത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണു നിലകൊള്ളേണ്ടത്.
എക്യുമെനിക്കല്‍ പ്രസ്‌ഥാനത്തിന്റെ ഉല്‍ഭവത്തിനും വളര്‍ച്ചയ്‌ക്കും ഇന്ത്യയിലെ വിവിധ ക്രൈസ്‌തവ സഭകള്‍ നല്‍കിയ സംഭാവനകള്‍ നിര്‍ണായകമാണ്- കാതോലിക്ക പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് സ്വീകരണത്തിനു നേതൃത്വം നല്‍കി.
നിയുക്തകത്തോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് ചടങ്ങില്‍ സംബന്ധിച്ചു. സ്വീകരണച്ചടങ്ങിനുശേഷം ആരാം ഒന്നാമന് വിരുന്നുസല്‍ക്കാരം നല്‍കി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി എം.എ.ബേബി, മോന്‍സ് ജോസഫ് എം.എല്‍.എ., മുന്‍മന്ത്രി പന്തളം സുധാകരന്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാര്‍ച്ച് 1നു് അരാം പ്രഥമന്‍ കാതോലിക്കാ ബാവാ ബെയ്‌റൂട്ടിനു മടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.