20100321

നിയുക്ത മെത്രാന്മാര്‍ക്ക് റമ്പാന്‍ സ്ഥാനം

പരുമല, മാര്‍‍ച്ച് 21: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ മേല്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴുപേരില്‍ ഫാ. ഡോ. ജോണ്‍ മാത്യൂസ്, ഫാ. വി. എം. ജെയിംസ്, ഫാ. ഡോ. സാബുകുര്യാക്കോസ്, ഫാ. ഡോ. ജോര്‍ജ്ജ് പുലിക്കോട്ടില്‍, ഫാ. വി. എം. എബ്രഹാം എന്നിവരെ യഥാക്രമം യൂഹാനോന്‍ റമ്പാന്‍, യാക്കൂബ് റമ്പാന്‍, സഖറിയ റമ്പാന്‍, ഗീവറുഗ്ഗീസ് റമ്പാന്‍, അബ്രഹാം റമ്പാന്‍ എന്നീ പേരുകളില്‍ റമ്പാന്‍ സ്ഥാനം നല്‍കി.
റവ. ഫാ. ഡോ. നഥാനിയേല്‍ റമ്പാന്‍, റവ. ഫാ. യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ക്ക് നേരത്തെ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഏഴുപേരുടെയും മെത്രാഭിഷേക ശുശ്രൂഷ മെയ് 12 - ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തിലും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തോയസ്, ഗീവര്‍ഗ്ഗീസ് മാര്‍ ഇവാനിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ അന്തോണിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, കുര്യാക്കോസ് മാര്‍ ക്ളീമ്മിസ്, എബ്രഹാം മാര്‍ എപ്പിപ്പാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മീകരായിരുന്നു. അത്മായ ട്രസ്റി എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവരും വൈദീകരും, കന്യാസ്ത്രീകളും, വിശ്വാസികളും സംബന്ധിച്ചു. രാവിലെ 7 മണിക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച റമ്പാന്‍ സ്ഥാനം നല്‍കല്‍ ശുശ്രൂഷ 1 മണിയോടെ അവസാനിച്ചു ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് റമ്പാന്‍ സ്ഥാനത്തിന്റെ അര്‍ത്ഥവും പ്രസക്തിയും വ്യക്തമാക്കി പ്രസംഗിച്ചു. റമ്പാന്‍ സ്ഥാന സ്വീകരണ സമ്മത പത്രം ഒപ്പിടുന്നതിന് മുന്‍പ് സ്ഥാനികളോടായി ചോദ്യോത്തര ചടങ്ങ് നടന്നു. ബ്രഹ്മചര്യം, അനുസരണം, ദാരിദ്രം എന്നീ സന്യാസ വ്രതങ്ങള്‍ പാലിച്ചു കൊള്ളാമെന്ന് സ്ഥാനികള്‍ പ്രതിജ്ഞയെടുത്തു. ശുശ്രൂഷയുടെ ഭാഗമായി തലമുടി കത്രിക്കല്‍, സന്യാസ വസ്ത്രം ധരിപ്പിക്കല്‍, വിമലീകരണ പ്രതീകമായ കാലുകള്‍ കഴുകല്‍, ചെരുപ്പ് ധരിപ്പിക്കല്‍, കുരിശ് ഏല്പിക്കല്‍ എന്നിവയും നടന്നു. നവ റമ്പാന്മാര്‍ വിശ്വാസികള്‍ക്ക് സമാധാനം ആശംസിക്കുകയും പ. ബാവാ ആശീര്‍ വാദം നല്‍കുകയും ചെയ്തതോടെ ശുശ്രൂഷ സമാപിച്ചു.

ഫോട്ടോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.