20100324

സത്യവേദ പുസ്‌തകത്തിന്‌ 100 വയസ്സ്‌

മലയാളം ബൈബിളിനു 2010 ല്‍ 100 വയസ്സ്‌ തികയും. ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ 1910 ലാണ്‌ മലയാളം പരിഭാഷ പ്രസിദ്ധീകരിച്ചത്‌. 1871 ല്‍ ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ നിയമിച്ച കമ്മിറ്റിയാണ്‌ പഠനം നടത്തിയത്‌.

താഴത്തങ്ങാടി ദുരന്തം :പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു


കോട്ടയം, മാര്‍‍ച്ച് 23: താഴത്തങ്ങാടി ദുരന്തത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ അത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്ന് ബാവാ ആഹ്വാനം ചെയതു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ അപകട സ്ഥലം സന്ദര്‍ശിക്കുകയും താഴത്തങ്ങാടി മാര്‍ ബസേലിയോസ് ഇടവകാംഗങ്ങളോട് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്കുകയും, പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
.

20100322

ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു ത്രിവത്സര പഠന-കര്‍മ പദ്ധതി

കാതോലിക്കാ ദിന സന്ദേശം

പരുമല, മാര്‍‍ച്ച് 21: മനുഷ്യരാശിയുടെ അതിജീവനത്തെ ബാധിക്കുന്ന കാലാവസ്‌ഥ വ്യതിയാനം, പരിസ്‌ഥിതി മലിനീകരണം, ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബ ശിഥിലീകരണം, വിശ്വാസ അപഭ്രംശം, തീവ്രവാദം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി അഭിമുഖീകരിച്ച്‌ അതിജീവിക്കുന്നതിനു ജനങ്ങളെ പ്രാപ്‌തരാക്കുന്നതിനായി 2010, 2011, 2012 എന്നീ വര്‍ഷങ്ങളിലേക്ക് ത്രിവത്സര പഠന-പ്രാര്‍ഥന-കര്‍മ പരിപാടി ആവിഷ്‌കരിക്കുന്നതാണെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

മാര്‍‍ച്ച് 21നു് ഈ വര്‍ഷത്തെ കാതോലിക്കാ ദിന സന്ദേശം നല്‍കി പരുമല സെമിനാരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കരസഭയുടെ 1960-ാം വാര്‍ഷികവും പൗരസ്ത്യ കാതോലിക്കാസനം മലങ്കരയിലേക്ക് മാറ്റിയതിന്റെ ശതാബ്‌ദിയും ആഘോഷിക്കുന്ന വേളയില്‍ ദേശീയ സ്വതന്ത്രസഭ എന്ന നിലയില്‍ പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തയാറാകണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.

20100321

നിയുക്ത മെത്രാന്മാര്‍ക്ക് റമ്പാന്‍ സ്ഥാനം

പരുമല, മാര്‍‍ച്ച് 21: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ മേല്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴുപേരില്‍ ഫാ. ഡോ. ജോണ്‍ മാത്യൂസ്, ഫാ. വി. എം. ജെയിംസ്, ഫാ. ഡോ. സാബുകുര്യാക്കോസ്, ഫാ. ഡോ. ജോര്‍ജ്ജ് പുലിക്കോട്ടില്‍, ഫാ. വി. എം. എബ്രഹാം എന്നിവരെ യഥാക്രമം യൂഹാനോന്‍ റമ്പാന്‍, യാക്കൂബ് റമ്പാന്‍, സഖറിയ റമ്പാന്‍, ഗീവറുഗ്ഗീസ് റമ്പാന്‍, അബ്രഹാം റമ്പാന്‍ എന്നീ പേരുകളില്‍ റമ്പാന്‍ സ്ഥാനം നല്‍കി.
റവ. ഫാ. ഡോ. നഥാനിയേല്‍ റമ്പാന്‍, റവ. ഫാ. യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ക്ക് നേരത്തെ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഏഴുപേരുടെയും മെത്രാഭിഷേക ശുശ്രൂഷ മെയ് 12 - ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തിലും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തോയസ്, ഗീവര്‍ഗ്ഗീസ് മാര്‍ ഇവാനിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാ മാര്‍ അന്തോണിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, കുര്യാക്കോസ് മാര്‍ ക്ളീമ്മിസ്, എബ്രഹാം മാര്‍ എപ്പിപ്പാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മീകരായിരുന്നു. അത്മായ ട്രസ്റി എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവരും വൈദീകരും, കന്യാസ്ത്രീകളും, വിശ്വാസികളും സംബന്ധിച്ചു. രാവിലെ 7 മണിക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച റമ്പാന്‍ സ്ഥാനം നല്‍കല്‍ ശുശ്രൂഷ 1 മണിയോടെ അവസാനിച്ചു ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് റമ്പാന്‍ സ്ഥാനത്തിന്റെ അര്‍ത്ഥവും പ്രസക്തിയും വ്യക്തമാക്കി പ്രസംഗിച്ചു. റമ്പാന്‍ സ്ഥാന സ്വീകരണ സമ്മത പത്രം ഒപ്പിടുന്നതിന് മുന്‍പ് സ്ഥാനികളോടായി ചോദ്യോത്തര ചടങ്ങ് നടന്നു. ബ്രഹ്മചര്യം, അനുസരണം, ദാരിദ്രം എന്നീ സന്യാസ വ്രതങ്ങള്‍ പാലിച്ചു കൊള്ളാമെന്ന് സ്ഥാനികള്‍ പ്രതിജ്ഞയെടുത്തു. ശുശ്രൂഷയുടെ ഭാഗമായി തലമുടി കത്രിക്കല്‍, സന്യാസ വസ്ത്രം ധരിപ്പിക്കല്‍, വിമലീകരണ പ്രതീകമായ കാലുകള്‍ കഴുകല്‍, ചെരുപ്പ് ധരിപ്പിക്കല്‍, കുരിശ് ഏല്പിക്കല്‍ എന്നിവയും നടന്നു. നവ റമ്പാന്മാര്‍ വിശ്വാസികള്‍ക്ക് സമാധാനം ആശംസിക്കുകയും പ. ബാവാ ആശീര്‍ വാദം നല്‍കുകയും ചെയ്തതോടെ ശുശ്രൂഷ സമാപിച്ചു.

ഫോട്ടോ

20100316

മലങ്കര സഭയുടെ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി സെന്ററും എംപ്ളോയ്മെന്റ് പോര്‍ട്ടലും ആരംഭിക്കും

കോട്ടയം, 2010മാര്‍‍ച്ച് 05: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഹ്യൂമന്‍ റിസോഴ്സ് മാനെജ്മെന്റ് വിഭാഗം ഇനി മുതല്‍ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപൌവര്‍മെന്റ് Ministry Of Human Empowerment (MOHE)പേരില്‍ അറിയപ്പെടേണ്ടതാണെന്നും ഈ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി സെന്ററും എംപ്ളോയ്മെന്റ് പോര്‍ട്ടലും ആരംഭിക്കണമെന്നും പരിശുദ്ധ സുന്നഹദോസില്‍ തീരുമാനിച്ചു.

പൗരസ്ത്യ കാതോലിക്കാ ദിനം ഉദ്ഘാടനം പരുമലയില്‍

കോട്ടയം, 2010 മാര്‍‍ച്ച് 15:മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനാചരണത്തിന്റെ സഭാതല ഉദ്ഘാടനം മാര്‍ച്ച് 21 ഞായറാഴ്ച രാവിലെ 8 മണിക്ക് പരുമല സെമിനാരിയില്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ നിര്‍വ്വഹിക്കും.

മലങ്കര സഭയുടെ 1960 - ാം വാര്‍ഷീകവും പൗരസ്ത്യകാതോലിക്കാസനം മലങ്കരയിലേക്കു മാറ്റിയതിന്റെ ശതാബ്ദിയും ആഘോഷിക്കാനായുള്ള ഒരുക്കങ്ങളുടെ ഈ വര്‍ഷം കാതോലിക്കാ ദിനം സഭയുടെ 26 ഭദ്രാസനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, പ്രത്യേക പ്രാര്‍ത്ഥന, സഭാ ദിന പ്രതിജ്ഞ എന്നീ പരിപാടികളോടെയാണ് സഭാദിനാചരണം നടക്കുന്നത്.
.

ആര്‍ദ്രതയുള്ള സമൂഹമായി മാറണം - പരിശുദ്ധ ബാവാ




കോട്ടയം, 2010മാര്‍‍ച്ച് 13:കരുണയുടെയും ദയയുടെയും അഭാവമാണ് ഇന്ന് കാണുന്ന പല സാമൂഹ്യ പ്രശ്നങ്ങളുടെയും കാരണമെന്നും ആര്‍ദ്രതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നത്തെ ആവശ്യമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.


സഭയുടെ സേവന വിഭാഗമായ ‘ആര്‍ദ്ര’യുടെ ആഭിമുഖ്യത്തില്‍ 100 ജനറല്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയനുസരിച്ചുള്ള സ്കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ദ്ര പ്രസിഡണ്ട് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ, വി. എന്‍. വാസവന്‍ എം. എല്‍. എ, നഗരസഭാദ്ധ്യക്ഷ ബിന്ദു സന്തോഷ്കുമാര്‍, റോയി എം. മാത്യു, പ്രൊഫ. പി. സി. ഏലിയാസ്, തോമസ് കുതിരവട്ടം എക്സ് എം. പി, പ്രൊഫ. ജോണ്‍ മാത്യു കൂടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയിലെ വിവിധ നഴ്സിംഗ് കോളജുകളില്‍ പഠിക്കുന്ന 28 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായധനം പരിശുദ്ധ കാതോലിക്കാ ബാവാ വിതരണം ചെയ്തു.
.

പരി. വട്ടശ്ശേരില്‍ തിരുമേനി കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച കര്‍മ്മയോഗി : കെ.എസ്.രാധാകൃഷ്ണന്‍

.


കോട്ടയം, 2010മാര്‍‍ച്ച് 13: പരി. വട്ടശ്ശേരില്‍ തിരുമേനി കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച കര്‍മ്മയോഗി എന്ന് അദേഹം അഭിപ്രായപ്പെട്ടു.സെന്റ്‌ ഡയനീഷ്യസ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവാന്നാസിയോസ് തിരുമേനിയുടെ ഡയറിക്കുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷയുടെയും മതോപദേശ സാരങ്ങള്‍ പുതിയ പതിപ്പിന്റെയും പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദേഹം.ചടങ്ങില്‍ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപോലീത്ത അദ്ധ്യക്ഷ പ്രസംഗം നടത്തി. അഭി. ഡോ. സക്കറിയ മാര്‍ തെയഫിലോസ്മെത്രാപ്പോലീത്താ ,അഭി. ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ്മെത്രാപ്പോലീത്താ ,അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ സംബന്ധിച്ചു . ചടങ്ങില്‍ സെന്റ്‌ ഡയനീഷ്യസ് ഫൌണ്ടേഷന്റെ ലോഗോ പ്രകാശനവും നടന്നു
.

വനിതാ സംവരണം: തിരുസഭ സ്വാഗതം ചെയുന്നു

കോട്ടയം, 2010 മാര്‍‍ച്ച് 6: ഭാരത സമൂഹത്തില്‍ ഗുണപരമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴി തെളിക്കുന്ന വനിതാ സംവരണ ഭരണഘടനാ ഭേതഗതി നടപ്പിലാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയുന്നുവെന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ പ്രസ്താവിച്ചു.

ഇതിന് മുന്‍കൈ എടുത്ത് രാഷ്ട്രീയ വ്യത്യാസങ്ങക്ക് അതീതമായി ഒരുമിച്ച് നിലപാടെടുത്ത രാഷ്ട്രീയ കക്ഷികള്‍ക്ക് അഭിനന്ദനം അര്‍ഹിക്കന്നുവെന്നും മാത്രകാ പരമായ ഈ സമീപനം അവര്‍ തുടരുമെന്നു പ്രതീക്ഷിക്കുന്നു എന്നും പൗരസ്ത്യ കാതോലിക്കോസ് അഭിപ്രായപ്പെട്ടു.

20100307

മലങ്കര സഭയുടെ പുതിയ മെത്രാന്‍മാരുടെ അഭിഷേകം കോട്ടയത്ത്


കോട്ടയം,2010 മാര്‍‍ച്ച് 6:ശാസ്താംകോട്ടയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ മേല്‍പ്പട്ടസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുകയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ സുന്നഹദോസ് അംഗീകരിക്കുകയും ചെയ്ത
ഫാ. ഡോ. ജോണ്‍ മാത്യൂസ്, റവ. ഫാ. ഡോ. നഥാനിയേല്‍ റമ്പാന്‍, ഫാ. വി. എം. ജെയിംസ്, റവ. ഫാ. യൂഹാനോന്‍ റമ്പാന്‍, ഫാ. ഡോ. സാബു കുറിയാക്കോസ്, ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍, ഫാ. വി. എം. ഏബ്രഹാം എന്നിവരുടെ മെത്രാഭിഷേക ശുശ്രൂഷ മെയ് 12-ാം തീയതി ബുധനാഴ്ച കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വച്ച് നടക്കുന്നതാണ്. സെപ്തംബറില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് തീയതി പുതുക്കി നിശ്ചയിച്ചതെന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രത്യേക കല്പനയില്‍ പറയുന്നു. ഇവരില്‍ 5 പേര്‍ക്ക് മാര്‍ച്ച് 21 - ന് ഞായറാഴ്ച്ച പരുമലയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കും.

പരിശുദ്ധ കാതോലിക്കാ ബാവായുടെ കല്പന
.

20100301

ചെങ്ങന്നൂര്‍ ഭദ്രാസന ജൂബിലിക്ക്‌ വര്‍ണാഭമായ സമാപനം

ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന ജൂബിലിക്ക്‌ വര്‍ണാഭമായ സമാപനം. കഴിഞ്ഞ മേയ്‌ 30-ന്‌ ഉദ്‌ഘാടനം ചെയ്‌ത ജൂബിലി ആഘോഷപരിപാടികളുടെ സമാപനം ഫെ 28നു് ബഥേല്‍ അരമന അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അര്‍മേനിയന്‍ കാതോലിക്ക ആരാം പ്രഥമന്‍ ബാവയാണു് ഉദ്‌ഘാടനം ചെയ്‌തതു്.

ഫെ 28നു് രാവിലെ ബഥേല്‍ മാര്‍ ഗ്രിഗോറിയോസ്‌ അരമനപ്പള്ളിയില്‍ വി. കുര്‍ബാന നടന്നു. ഉച്ചയ്‌ക്കുശേഷം ക്രിസ്‌ത്യന്‍ കോളജ്‌ ജംഗ്‌ഷനില്‍നിന്ന്‌ ജൂബിലി ഘോഷയാത്ര ആരംഭിച്ചു. ഭദ്രാസനത്തിലെ 51 ദേവാലയങ്ങളില്‍നിന്നായി ആയിരക്കണക്കിനു വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍, നിശ്‌ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്‌ക്കു മിഴിവേകി.

ഘോഷയാത്ര അരമനയങ്കണത്തില്‍ എത്തിയശേഷം നിയുക്‌ത കാതോലിക്കയോടും മറ്റ്‌ മെത്രാപ്പോലീത്താമാരോടും ഒപ്പം അരമന പള്ളിയിലെത്തിയ ആരാം പ്രഥമന്‍ ബാവ ലുത്തിനിയ ചൊല്ലി. ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന്‌, ബാന്റുമേളത്തിന്റെ അകമ്പടിയോടെ ബാവയെയും മെത്രാപ്പോലീത്താമാരെയും വേദിയിലേക്ക്‌ ആനയിച്ചു. ആയിരക്കണക്കിന്‌ ആളുകള്‍ സമാപനസമ്മേളനത്തിനും സാക്ഷിയായി. ജൂബിലി സമാപനത്തോടനുബന്ധിച്ച്‌ മാര്‍‍ച്ച് 1നു് വൈകിട്ട്‌ 6.30-ന്‌ ശ്രുതി സ്‌കൂള്‍ ഓഫ്‌ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ നേതൃത്വത്തില്‍ ക്രിസ്‌തീയ സംഗീതകച്ചേരി നടന്നു. ഫാ. എം.പി. ജോര്‍ജ്‌ കച്ചേരിക്കു നേതൃത്വം നല്‍കി.

ജൂബിലി ആഘോഷപരിപാടികള്‍ക്കു തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഫാ. മാത്യു വര്‍ഗീസ്‌ പുളിമൂട്ടില്‍ , ഫാ. തോമസ്‌ വര്‍ഗീസ്‌ അമയില്‍, തോമസ്‌ കുതിരവട്ടം, ഫാ. ഏബ്രഹാം കോശി, സി.സി. ചെറിയാന്‍, ഫാ. ജോണ്‍ പി. ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ക്രൈസ്‌തവ സഭകള്‍ ഒരുമയോടെ പ്രവര്‍ത്തിക്കണം: അരാം പ്രഥമന്‍

തിരുവനന്തപുരം: ഇന്ത്യന്‍ സഭയുടെ പിതാവായ മാര്‍ത്തോമ പ്രചരിപ്പിച്ച മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ക്കു് ബാധ്യതയുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ ക്ഷണപ്രകാരം ഇന്ത്യസന്ദര്‍ശിക്കുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കിലിക്യാ കാതോലിക്കാ പരിശുദ്ധ അരാം പ്രഥമന്‍ കെഷീഷിയാന്‍ ബാവാ ഫെ 28നു് രാത്രി പറഞ്ഞു. തിരുവനന്തപുരത്തു മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ആരാം ഒന്നാമന്‍. മെത്രാപ്പൊലീത്തമാരും സഭാ സ്‌ഥാനികളും വൈദികരും കന്യാസ്‌ത്രീകളും വിശ്വാസികളും പങ്കെടുത്തു.

ക്രൈസ്‌തവ സഭകള്‍ ഒരുമയോടെയും സാഹോദര്യത്തോടെയും മാര്‍ത്തോമ്മാ ശ്ലീഹായുടെ സന്ദേശം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നു വേള്‍ഡ്‌ റിലിജിയന്‍സ്‌ ഫോര്‍ പീസ്‌ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക പ്രസിഡന്റുകൂടിയായ അരാം പ്രഥമന്‍ കാതോലിക്ക പറഞ്ഞു. അദ്ദേഹത്തെ അനുഗമിക്കുന്ന അര്‍മീനിയന്‍ സഭയുടെ ടെഹ്‌റാന്‍ ആര്‍ച്ച്‌ ബിഷപ്‌ സെബൗ സര്‍ക്കിസിയാന്‍, ബിഷപ്‌ നരേഗ്‌ അല്‍ എമിസിയാന്‍, ഫാ. മെസറൂബ്‌ സര്‍ക്കിസിയാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. എല്ലാ മതങ്ങളും സമാധാനത്തിനും സാമൂഹിക നീതിക്കും വേണ്ടിയാണു നിലകൊള്ളേണ്ടത്‌.

എക്യുമെനിക്കല്‍ പ്രസ്‌ഥാനത്തിന്റെ ഉല്‍ഭവത്തിനും വളര്‍ച്ചയ്‌ക്കും ഇന്ത്യയിലെ വിവിധ ക്രൈസ്‌തവ സഭകള്‍ നല്‍കിയ സംഭാവനകള്‍ നിര്‍ണായകമാണ്‌- കാതോലിക്ക പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ സ്വീകരണത്തിനു നേതൃത്വം നല്‍കി.

നിയുക്തകത്തോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് ചടങ്ങില്‍ സംബന്ധിച്ചു. സ്വീകരണച്ചടങ്ങിനുശേഷം ആരാം ഒന്നാമന് വിരുന്നുസല്‍ക്കാരം നല്‍കി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രി എം.എ.ബേബി, മോന്‍സ് ജോസഫ് എം.എല്‍.എ., മുന്‍മന്ത്രി പന്തളം സുധാകരന്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാര്‍‍ച്ച് 1നു് അരാം പ്രഥമന്‍ കാതോലിക്കാ ബാവാ ബെയ്‌റൂട്ടിനു മടങ്ങി.