20131016

തെറ്റിദ്ധാരണ പരത്തരുത്‌ ; കോലഞ്ചേരിയില്‍ നടത്തുന്നത്‌ ഉപവാസമല്ല; കോടതിവിധി നടപ്പിലാക്കണം - ഓര്‍ത്തഡോക്‌സ്‌ സഭ


കോട്ടയം: കോലഞ്ചേരിപള്ളിപ്പടിക്കല്‍ യാക്കോബായ ശ്രഷ്‌ഠ കാതോലിക്കാ നടത്തുന്നത്‌ ഉപവാസമല്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌ ജോസഫ്‌. പ്രാര്‍ത്ഥനായജ്ഞം എന്ന പേരിലാണ്‌ അവിടെ സമരം നടക്കുന്നതെങ്കിലും ഉപവാസമെന്നാണ്‌ വാര്‍ത്തകള്‍ നല്‍കുന്നത്‌. ജില്ലാക്കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ അവഗണിച്ച്‌ സംഘര്‍ഷം സൃഷ്‌ടിച്ച്‌ പള്ളി പൂട്ടിക്കാനുള്ള ശ്രമം അപലപനീയമാണ്‌. കോടതിവിധി നടപ്പിലാക്കി പള്ളിയില്‍ സമാധാനപരമായി ആരാധന നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ആരുടെയും ആരാധനാസ്വാതന്ത്യ്രം തടയുകയില്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. പള്ളിയില്‍ കര്‍മ്മങ്ങള്‍ അഌഷ്‌ഠിക്കുന്നതിന്‌ ഭരണഘടനപ്രകാരം നിയമിതരായവര്‍ക്ക്‌ മാത്രമേ അവകാശമുള്ളു.

20131014

കോലഞ്ചേരി പള്ളി: ഓര്‍ത്തഡോക്സ് സഭ തടസ്സ ഹര്‍ജി നല്‍കി


നവ ദെല്‍ഹി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് പോള്‍സ് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു് വിട്ട് നല്‍കിയതിനെതിരായി വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി.

പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു് വിട്ട് നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

സഭാ ക്കേസില്‍ 1995-ല്‍ സുപ്രീംകോടതിയുടെ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് സഹായിയുടെ ന്യൂനപക്ഷ ഉത്തരവ് മാത്രമെ കേരളഹൈക്കോടതി പരിഗണിച്ചുള്ളു എന്നും ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും, എസ്.എന്‍. സിന്‍ഹയുടെയും അഭിപ്രായം പരിഗണിച്ചില്ലെന്നും ആണു് 2002-ല്‍ സ്ഥാപിതമായ വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ ഹര്‍ജിയിലെ വാദം. ഇടവകപ്പള്ളികള്‍ക്കു് സ്വന്തം ഭരണഘടനയുണ്ടെന്നാണു് ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും എസ്.എന്‍. സിന്‍ഹയുടെയും അഭിപ്രായം. 1913-ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയുടെ അധികാര തര്‍ക്കം പരിഹരിക്കണമെന്നും അതുപ്രകാരം ഭരണ സമിതിയിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിക്കണമെന്നും ഉള്ള തങ്ങളുടെനിര്‍ദേശം തള്ളിയാണ് 1934-ലെ മലങ്കര സഭാ ഭരണഘടന പള്ളിയ്ക്കു് ബാധകമാണെന്നു് തീരുമാനിച്ചുകൊണ്ടു് കേരള ഹൈക്കോടതി പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കിയതു് എന്ന് അന്ത്യോക്യന്‍ യാക്കോബായ സഭാവിഭാഗം വാദിക്കുന്നു.

എന്നാല്‍ വിധിക്കെതിരായ എതിര്‍ യാക്കോബായ സഭാവിഭാഗത്തിന്റെ പ്രത്യേക അനുമതിഹര്‍ജി അനുവദിച്ചു് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് തടസ്സ ഹര്‍ജിയിലൂടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നതു്. ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും എസ്.എന്‍. സിന്‍ഹയുടെയും (സുപ്രീംകോടതിയുടെ 1995-ലെ) വിധിപ്രകാരം ഇടവകപ്പള്ളികളെയും 1934-ലെ മലങ്കര സഭാ ഭരണഘടന ഭരിയ്ക്കുന്നതാണെന്നു് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചൂണ്ടിക്കാണിയ്ക്കുന്നു.

20131011

മാന്ദമംഗലം പള്ളി: വിധി സ്വാഗതാര്‍ഹം

മാന്ദമംഗലം പള്ളി (തൃശ്ശൂര്‍ ഭദ്രാസനം) കേരള ഹൈ കോടതി വിധി വന്നു. 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടനം എന്ന ബഹു ജില്ലാക്കോടതി വിധി ശരി വച്ചു
കോട്ടയം: ത്യശൂര്‍ ഭദ്രാസനത്തിലെ മാന്ദമംഗലം സെന്റ്‌ മേരീസ്‌ പള്ളിയും, കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയും 1934-ലെ സഭാ ഭരണഘടന അനുസരിച്ച്‌ ഭരിക്കപ്പെടണമെന്ന്‌ ഇന്നുണ്ടായ(11-10-2013) ഹൈക്കോടതി വിധികളെ സ്വാഗതം ചെയ്യുന്നുവെന്നും ഫാ. ഡോ ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ പറഞ്ഞു


ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളമാണു്‌ മണ്ണത്തൂര്‍ പള്ളിവികാരിയെന്നു്‌ ജില്ലാക്കോടതിയുത്തരവു്‌

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി
ചിത്രത്തിനു് ഔദ്യോഗിക ഫെയിസ് ബുക്ക് താളിനോടു് കടപ്പാടു്

കൂത്താട്ടുകുളം: എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള ഒ എസ്‌ നമ്പര്‍ 41/03 സ്യൂട്ടില്‍ തീരുമാനം വരുന്നതു വരെ ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളമാണു്‌ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയുടെ വികാരിയെന്നു്‌ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതി വ്യക്തമാക്കി. 1934-ലെ സഭാ ഭരണഘടന പ്രകാരം ചുമതല വഹിയ്‌ക്കുന്ന ഫാ ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളത്തിനെ ബലമായി തടഞ്ഞുകൊണ്ടു്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ഫാ.പൗലോസ്‌ ഞാറ്റുകാലാ വികാരിയായി കയറാന്‍ ശ്രമിച്ചതിനെതിരെ മൂവാറ്റുപുഴ സബ്‌കോടതിയില്‍ ഫയല്‍ ചെയ്‌ത ഒ എസ്‌ 15/12ന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയിലുണ്ടായ ഉത്തരവിനെതിരെ സമര്‍പ്പിയ്‌ക്കപ്പെട്ട സി എം എ നമ്പര്‍ 6/13, സി എം എ നമ്പര്‍ 9/13 അപ്പീലുകളില്‍ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാജഡ്‌ജി വി ജി അനില്‍ കുമാറാണു്‌ ഈ ഉത്തരവു്‌ നല്‌കിയതു്‌. ഫാ.പൗലോസ്‌ ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു്‌ വിലക്കുന്നതായിരുന്നു സബ്‌കോടതി ഉത്തരവു്‌

പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരമാണോ 1890-ലെ ഉടമ്പടിപ്രകാരമാണോ ഭരിയ്‌ക്കപ്പെടേണ്ടതെന്നും വികാരിയാരാണെന്നും തീരുമാനിയ്‌ക്കേണ്ടതു്‌ ഒ എസ്‌ നമ്പര്‍ 41/03 സ്യൂട്ടിലാണെന്നു്‌ കോടതി ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ സബ്‌കോടതിയില്‍ മറ്റൊരു സ്യൂട്ട്‌ നല്‌കിയ പരാതിക്കാരുടെ നടപടി ക്രമപ്രകാരമല്ലാത്തതാണു്‌. മൂവാറ്റുപുഴ സബ്‌കോടതിയിലെ ഒ എസ്‌ 15/12 സ്യൂട്ട്‌ അര്‍ത്ഥരഹിതമായിത്തീര്‍ന്നതുകൊണ്ടു്‌ അതിന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയില്‍ സബ്‌കോടതി നല്‍കിയ (ഫാ.പൗലോസ്‌ ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു്‌ വിലക്കിക്കൊണ്ടുള്ള) ഉത്തരവു്‌ ജില്ലാക്കോടതി റദ്ദാക്കി. പക്ഷേ, എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള 2003-ലെ 41-ാം നമ്പര്‍ ഒറിജിനല്‍ സ്യൂട്ടില്‍ ( എസ്‌ നമ്പര്‍ 41/03) തീരുമാനമെടുക്കുന്നതു വരെ പള്ളിയുടെ വികാരിയായി ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു്‌ ചുമതല തുടരാമെന്നു്‌ വ്യക്തമാക്കുന്നുവെന്നു്‌ കോടതി പറഞ്ഞു.

അപ്പീലുകളില്‍ വാദികള്‍ക്കുവേണ്ടി അഭിഭാഷകരായ ജോണ്‍ ജോസഫ്‌,റോയി ഐസക്‌,കെ സി എല്‍ദോ,മല്ലെനാഥന്‍ എം, ജിജോ തോമസ്‌, രതി ക എ എന്നിവരും എതിര്‍ കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകരായ പി മാര്‍ട്ടിന്‍ ജോസ്‌, എല്‍ദോ ചെറിയാന്‍, ഹണി പി നായര്‍ എന്നിവരും ഹാജരായി.

വികാരിയാരാണെന്ന തര്‍ക്കം മൂലം ആര്‍ ഡി ഒ ഏറ്റെടുത്തതിതിനെത്തുടര്‍ന്നു്‌ 2012 ജനുവരി 7 മുതല്‍ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളി പൂട്ടിക്കിടക്കുകയാണു്‌.

20120315

ജീവിതത്തിനു് അര്‍ത്ഥം നല്കുന്നതു് അടിസ്ഥാനമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ജീവിതം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്


62-ആമത്‌ കൂത്താട്ടുകുളം കണ്‍വന്‍ഷന്‍ കണ്ടനാട്‌
ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസി
യോസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ജോണ്‍ തളിയച്ചിറയില്‍
കോറെപ്പിസ്കോപ്പ, റവ. ഫാ ഫിലിപ്പ് തരകന്‍ തേവലക്കര,
ഫാ. വിജു ഏലിയാസ് ,ഫാ. മാത്യൂസ്‌ചെമ്മനാപ്പാടം, ഫാ.
ജോയി കടുകുമാക്കില്‍ എന്നിവര്‍ സമീപം.

കൂത്താട്ടുകുളം, മാര്‍ച്ച് 14 : പ്രതിസന്ധിയുടെയും പ്രശ്നങ്ങളുടെയും നടുവില്‍ നിവര്‍ന്നുനിന്നു് ജീവിയ്ക്കുവാനുള്ള സ്വാതന്ത്ര്യവും ആനന്ദവും ലഭിയ്ക്കുന്നതു് നിത്യതയുടേതായ വരുംലോകത്തേപ്പറ്റിയുള്ള പ്രതീക്ഷയാണെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അറുപത്തിരണ്ടാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം ) ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സുഖലോലുപതയോടുള്ള ഹരം ആഗോളവല്‍ക്കരണത്തിന്റെ കൂടി ഫലമായി അടുത്തകാലത്തു് വര്‍ദ്ധിച്ചിരിയ്ക്കുന്നു. സുഖസൗകര്യങ്ങള്‍ നേടുകയെന്നതു് ജീവിതത്തിന്റെ കേന്ദ്രലക്ഷ്യവും ഉള്ളടക്കവുമായി മാറിയിരിയ്ക്കുന്നു. സുഖാനുഭവങ്ങള്‍‍ക്കു് വേണ്ടിയാണു് ജീവിക്കുന്നതെങ്കില്‍ ദൈവം നല്കുന്ന ആത്മീയ ആനന്ദവും സുഖവും ലഭിയ്ക്കുകയില്ല. ഭൗതീകമായ സുഖാനുഭവങ്ങള്‍‍ക്കു് സമയത്തിന്റെ പരിധിയുണ്ടു്. കാലാതീതമായ വേദപുസ്തക സന്ദേശങ്ങളെ കാലാനുസൃതമായി അവതരിപ്പിയ്ക്കുകയാണു് സുവിശേഷ പ്രഘോഷണത്തിലൂടെ സഭ ഐറ്റെടുക്കുന്നതെന്നു് അദ്ദേഹം വ്യക്തമാക്കി.

ഫാ ഫിലിപ്പ് തരകന്‍
തലമുറകളുടെ ആര്‍ത്തികളും ആസക്തികളും നിയന്ത്രിയ്ക്കാന്‍ വിളിയ്ക്കപ്പെട്ടവരാണു് മാതാപിതാക്കളെന്നു് തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ ഫിലിപ്പ് തരകന്‍ തേവലക്കര പറഞ്ഞു.മക്കളുടെ തെറ്റുകളെ ന്യായീകരിയ്ക്കുകയും ശരിവയ്ക്കുകയും ചെയ്യരുതു്.ആഗ്രഹങ്ങളെ ആത്മാവുകൊണ്ടു് നിയന്ത്രിയ്ക്കുവാനും ജീവിതത്തെ അനശ്വരതയിലേയ്ക്കു് നയിയ്ക്കുവാനുമുള്ള മാര്‍ഗമായി നോമ്പിനെ കാണണം.

വ്യാഴാഴ്ച ഫാ.വറുഗീസ് വറുഗീസ് വചനശുശ്രൂഷ നടത്തും. വെള്ളിയാഴ്ച ഫാ. സജി അമയിലും ശനിയാഴ്ച ബിജു വി പന്തപ്ലാവും ഞായറാഴ്ച ഫാ മോഹന്‍ ജോസഫും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതു്.

ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍ വറുഗീസ്, ജോസഫ് ജോര്‍ജ് കളത്തില്‍, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.

20120314

പഴന്തോട്ടം പള്ളിയും പൂട്ടി


കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പഴന്തോട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കേസ്‌ സെക്ഷന്‍ 92 പ്രകാരമുള്ള പ്രാതിനിധ്യ സ്വഭാവമില്ലെന്നു് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. പള്ളിക്കോടതി വിധിക്കെതിരേ യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ സ്വീകരിച്ചാണ്‌ ഒറിജിനല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ജസ്‌റ്റിസ്‌ പി. ഭവദാസന്റെ ഉത്തരവ്‌.

ഇതോടെ 1996-ലെ അഡീഷണല്‍ ജില്ലാ കോടതി (പള്ളിക്കോടതി) വിധി അപ്രസക്‌തമായി. തല്‍സ്‌ഥിതി തുടരണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം നിരാകരിച്ചു. മാര്‍ച്ച് 9-നാണീ വാര്‍ത്തയുണ്ടായതു്.

വിമത യാക്കോബായ കയ്യേറ്റം

ഹൈക്കോടതി ഉത്തരവോടെ പള്ളി സംബന്ധിച്ച്‌ ഒരു വിധി കോടതി ഉത്തരവും നിലവിലില്ലെന്നു് പറഞ്ഞു് പിറ്റേന്നു് മാര്‍ച്ച് 10നു് പഴന്തോട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗസഭയിലെ കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാന്റെ നേതൃത്വത്തില്‍ കുര്‍ബാന നടത്തി. വിമത മെത്രാന്മാരായ കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, സഖറിയാ മാര്‍ പോളി കാര്‍പ്പോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌ എന്നിവരും അനേകം വൈദികരും ആളുകളും കുര്‍ബാനയില്‍ സംബന്ധിച്ചു.

പള്ളിയിലെ തര്‍ക്കം പരിഹരിക്കാന്‍ കളക്ടര്‍ ഇരു വിഭാഗത്തെയും മാര്‍ച്ച് 10നു് 3.30 ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ല. പള്ളി ഏഴു ദിവസത്തേക്ക് പൂട്ടി.

അറുപത്തിരണ്ടാമതു് കൂത്താട്ടുകുളം ബൈബിള്‍ കണ്‍‍വൻഷന്‍ മാര്‍‍ച്ച് 14 മുതല്‍ 18 വരെ


കൂത്താട്ടുകുളം : കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്‍ 2012 മാര്‍‍ച്ച് 14 ബുധനാഴ്ച മുതല്‍18 ഞായറാഴ്ച വരെ കൂത്താട്ടുകുളം കെ റ്റി ജേക്കബ് ടൗണ്‍ ഹാളില്‍ വച്ചു് നടത്തും. ദിവസവും സന്ധ്യയ്ക്കു് 6.30 മുതല്‍ 8.55 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ മാര്‍‍ച്ച് 14 ബുധനാഴ്ച കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും.

ആദ്യദിവസമായ 14നു് ഫാ ഫിലിപ്പ് തരകന്‍ തേവലക്കരയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ.വറുഗീസ് വറുഗീസ്, ഫാ. സജി അമയില്‍, ബിജു വി പന്തപ്ലാവ്, ഫാ മോഹന്‍ ജോസഫ്തുടങ്ങിയവരും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതെന്നു് പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം, ഫാ.ജോണ്‍ വി ജോണ്‍ ജോസഫ് ജോര്‍‍ജ് എന്നിവര്‍ അറിയിച്ചു.