20131014

കോലഞ്ചേരി പള്ളി: ഓര്‍ത്തഡോക്സ് സഭ തടസ്സ ഹര്‍ജി നല്‍കി


നവ ദെല്‍ഹി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് പോള്‍സ് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു് വിട്ട് നല്‍കിയതിനെതിരായി വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി.

പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു് വിട്ട് നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

സഭാ ക്കേസില്‍ 1995-ല്‍ സുപ്രീംകോടതിയുടെ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് സഹായിയുടെ ന്യൂനപക്ഷ ഉത്തരവ് മാത്രമെ കേരളഹൈക്കോടതി പരിഗണിച്ചുള്ളു എന്നും ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും, എസ്.എന്‍. സിന്‍ഹയുടെയും അഭിപ്രായം പരിഗണിച്ചില്ലെന്നും ആണു് 2002-ല്‍ സ്ഥാപിതമായ വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ ഹര്‍ജിയിലെ വാദം. ഇടവകപ്പള്ളികള്‍ക്കു് സ്വന്തം ഭരണഘടനയുണ്ടെന്നാണു് ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും എസ്.എന്‍. സിന്‍ഹയുടെയും അഭിപ്രായം. 1913-ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയുടെ അധികാര തര്‍ക്കം പരിഹരിക്കണമെന്നും അതുപ്രകാരം ഭരണ സമിതിയിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിക്കണമെന്നും ഉള്ള തങ്ങളുടെനിര്‍ദേശം തള്ളിയാണ് 1934-ലെ മലങ്കര സഭാ ഭരണഘടന പള്ളിയ്ക്കു് ബാധകമാണെന്നു് തീരുമാനിച്ചുകൊണ്ടു് കേരള ഹൈക്കോടതി പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കിയതു് എന്ന് അന്ത്യോക്യന്‍ യാക്കോബായ സഭാവിഭാഗം വാദിക്കുന്നു.

എന്നാല്‍ വിധിക്കെതിരായ എതിര്‍ യാക്കോബായ സഭാവിഭാഗത്തിന്റെ പ്രത്യേക അനുമതിഹര്‍ജി അനുവദിച്ചു് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് തടസ്സ ഹര്‍ജിയിലൂടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നതു്. ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും എസ്.എന്‍. സിന്‍ഹയുടെയും (സുപ്രീംകോടതിയുടെ 1995-ലെ) വിധിപ്രകാരം ഇടവകപ്പള്ളികളെയും 1934-ലെ മലങ്കര സഭാ ഭരണഘടന ഭരിയ്ക്കുന്നതാണെന്നു് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചൂണ്ടിക്കാണിയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.