20131011

ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളമാണു്‌ മണ്ണത്തൂര്‍ പള്ളിവികാരിയെന്നു്‌ ജില്ലാക്കോടതിയുത്തരവു്‌

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി
ചിത്രത്തിനു് ഔദ്യോഗിക ഫെയിസ് ബുക്ക് താളിനോടു് കടപ്പാടു്

കൂത്താട്ടുകുളം: എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള ഒ എസ്‌ നമ്പര്‍ 41/03 സ്യൂട്ടില്‍ തീരുമാനം വരുന്നതു വരെ ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളമാണു്‌ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയുടെ വികാരിയെന്നു്‌ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതി വ്യക്തമാക്കി. 1934-ലെ സഭാ ഭരണഘടന പ്രകാരം ചുമതല വഹിയ്‌ക്കുന്ന ഫാ ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളത്തിനെ ബലമായി തടഞ്ഞുകൊണ്ടു്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ഫാ.പൗലോസ്‌ ഞാറ്റുകാലാ വികാരിയായി കയറാന്‍ ശ്രമിച്ചതിനെതിരെ മൂവാറ്റുപുഴ സബ്‌കോടതിയില്‍ ഫയല്‍ ചെയ്‌ത ഒ എസ്‌ 15/12ന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയിലുണ്ടായ ഉത്തരവിനെതിരെ സമര്‍പ്പിയ്‌ക്കപ്പെട്ട സി എം എ നമ്പര്‍ 6/13, സി എം എ നമ്പര്‍ 9/13 അപ്പീലുകളില്‍ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാജഡ്‌ജി വി ജി അനില്‍ കുമാറാണു്‌ ഈ ഉത്തരവു്‌ നല്‌കിയതു്‌. ഫാ.പൗലോസ്‌ ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു്‌ വിലക്കുന്നതായിരുന്നു സബ്‌കോടതി ഉത്തരവു്‌

പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരമാണോ 1890-ലെ ഉടമ്പടിപ്രകാരമാണോ ഭരിയ്‌ക്കപ്പെടേണ്ടതെന്നും വികാരിയാരാണെന്നും തീരുമാനിയ്‌ക്കേണ്ടതു്‌ ഒ എസ്‌ നമ്പര്‍ 41/03 സ്യൂട്ടിലാണെന്നു്‌ കോടതി ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ സബ്‌കോടതിയില്‍ മറ്റൊരു സ്യൂട്ട്‌ നല്‌കിയ പരാതിക്കാരുടെ നടപടി ക്രമപ്രകാരമല്ലാത്തതാണു്‌. മൂവാറ്റുപുഴ സബ്‌കോടതിയിലെ ഒ എസ്‌ 15/12 സ്യൂട്ട്‌ അര്‍ത്ഥരഹിതമായിത്തീര്‍ന്നതുകൊണ്ടു്‌ അതിന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയില്‍ സബ്‌കോടതി നല്‍കിയ (ഫാ.പൗലോസ്‌ ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു്‌ വിലക്കിക്കൊണ്ടുള്ള) ഉത്തരവു്‌ ജില്ലാക്കോടതി റദ്ദാക്കി. പക്ഷേ, എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള 2003-ലെ 41-ാം നമ്പര്‍ ഒറിജിനല്‍ സ്യൂട്ടില്‍ ( എസ്‌ നമ്പര്‍ 41/03) തീരുമാനമെടുക്കുന്നതു വരെ പള്ളിയുടെ വികാരിയായി ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു്‌ ചുമതല തുടരാമെന്നു്‌ വ്യക്തമാക്കുന്നുവെന്നു്‌ കോടതി പറഞ്ഞു.

അപ്പീലുകളില്‍ വാദികള്‍ക്കുവേണ്ടി അഭിഭാഷകരായ ജോണ്‍ ജോസഫ്‌,റോയി ഐസക്‌,കെ സി എല്‍ദോ,മല്ലെനാഥന്‍ എം, ജിജോ തോമസ്‌, രതി ക എ എന്നിവരും എതിര്‍ കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകരായ പി മാര്‍ട്ടിന്‍ ജോസ്‌, എല്‍ദോ ചെറിയാന്‍, ഹണി പി നായര്‍ എന്നിവരും ഹാജരായി.

വികാരിയാരാണെന്ന തര്‍ക്കം മൂലം ആര്‍ ഡി ഒ ഏറ്റെടുത്തതിതിനെത്തുടര്‍ന്നു്‌ 2012 ജനുവരി 7 മുതല്‍ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളി പൂട്ടിക്കിടക്കുകയാണു്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.