20141221

മുളന്തുരുത്തി മാര്‍ത്തോമ്മൻ പള്ളിയില്‍ മലങ്കര – അന്ത്യോക്യന്‍ സഭകള്‍ തമ്മില്‍ വന്‍ സംഘര്‍ഷം; ഏതാനും പേര്‍ക്ക് പരിക്ക്‌

മുളന്തുരുത്തി, ഡിസംബര്‍ 20 – സഭാ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമ്മൻ പള്ളിയില്‍  വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാളുമായി ബന്ധപ്പെട്ട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും തമ്മില്‍ ഡിസംബര്‍ 20 ശനിയാഴ്ച രാത്രി വലിയ സംഘര്‍ഷമുണ്ടായി. പള്ളിക്കകത്ത് ഉന്തും തള്ളും, ചെറിയ തോതില്‍ അടിപിടിയും ഉണ്ടായി. രാത്രി വൈകിയും സംഘര്‍ഷാവസ്ഥയായിരുന്നു. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.

ക്രമം അനുസരിച്ചു് മാര്‍ത്തോമ്മൻ പള്ളിയിലെ ആരാധന ഡിസംബര്‍ 20 ശനിയാഴ്ച വൈകീട്ട് 6 മണി മുതൽ 21 ഞായറാഴ്ച വൈകീട്ട് 6 മണി വരെ ഓർത്തഡോക്സ് സഭയുടെ വീതത്തിലാണ്. ഓർത്തഡോക്സ് സഭയുടെ പ്രദക്ഷിണം (റാസ) ശനിയാഴ്ച രാത്രി പള്ളിയിൽ കയറുന്നതിനു് മുമ്പു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം പള്ളിക്കകത്ത് ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ജോണ്‍ എ. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. രാത്രി 7 മണിയോടെ എത്തിയ പ്രദക്ഷിണം (റാസ) പള്ളിയിൽ പ്രവേശിപ്പിയ്ക്കാതെ പള്ളിക്ക് മുൻപിൽ പോലീസ് തടഞ്ഞു. അവകാശപ്പെട്ട നീതി സംജാതമാവുന്ന വരെയെന്നു് പ്രഖ്യാപിച്ചു് ഓർത്തഡോക്സ് സഭക്കാര്‍ പള്ളിക്ക് മുൻപിൽ കുത്തിയിരിന്നു് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചു. ഗതാഗതം താറുമാറായി.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പെരുന്നാളിന്റെ ഭാഗമായ പ്രദക്ഷിണം വരും മുമ്പേ ഓർത്തഡോക്സ് സഭക്കാര്‍ പള്ളിക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു് ഗതാഗതം താറുമാറാക്കിയതുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പ്രദക്ഷിണവും ചിതറി. അവസാനം പോലീസിന്റെ അനുമതിയോടെ ഓർത്തഡോക്സ് സഭയുടെ പെരുന്നാൾ റാസ കൊച്ചി ഭദ്രാസന അധിപന്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ,അങ്കമാലി ഭദ്രാസന അധിപന്‍ പോളികാർപ്പോസ് മെത്രാപ്പോലീത്ത എന്നിവരുടെയും നൂറുകണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ മുളന്തുരുത്തി പള്ളിയിൽ പ്രവേശിച്ചു് പ്രാര്‍ത്ഥന നടത്തി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പ്രദക്ഷിണം മുളന്തുരുത്തി പള്ളിയുടെ അടുത്തുള്ള അവരുടെ ചാപ്പലിലും പ്രവേശിച്ചു.

പരിക്കേറ്റ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. ജോണ്‍ എ. ജോര്‍ജിനെ ആരക്കുന്നം എ.പി. വര്‍ക്കി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി. ആന്റണി തോമസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് സ്ഥലത്തുള്ളത്. മുളന്തുരുത്തി പോലീസ് കേസ്സെടുത്തിട്ടുണ്ട്.
ചിത്രം കാണുക 

20141220

സണ്‍ഡേസ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ കേന്ദ്രസമാപന സമ്മേളനം


കോട്ടയം, ഡിസംബര്‍ 19– പൗരസ്ത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ കേന്ദ്രസമാപന സമ്മേളനം ഡിസംബര്‍ 20-ാം തീയതി ശനിയാഴ്ച്ച നിരണം സെന്‍റ് മേരീസ് വലിയപള്ളിയില്‍ വച്ച് നടക്കും.

രാവിലെ 8.30-ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഒ.എസ്.എസ്.എ.ഇ പ്രസിഡന്‍റ് അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രീഗോറിയോസ് മാര്‍ സ്തേഫാനോസ് എപ്പിസ്ക്കോപ്പാ മുഖ്യപ്രഭാഷണം നടത്തും. അഭി. ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. ടി. ജെ. ജോഷ്വാ, ഫാ. ഒ. തോമസ്, ഡോ. ഐപ്പ് വര്‍ഗീസ്, ഫാ. സി.വി. ഉമ്മന്‍, രാജു പുളിന്പള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.

20141213

പിറവം വലിയ പള്ളിക്ക് സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ അനുവദിച്ചു

ദേവലോകം, ഡിസംബര്‍ 12– പിറവം വലിയ പള്ളിയെ സംബന്ധിച്ച് കേരള ഹൈക്കോടതി ഉത്തരവിന് എതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നല്‍കിയ പ്രത്യേക അനുമതി ഹര്‍ജി ബഹു സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കാനും ഉത്തരവായി.

 ഈ പള്ളിക്ക് സെക്ഷന്‍ 92 അനുസരിച്ചു് കോടതിയില്‍ നിന്നും അനുമതി വാങ്ങാതെയാണ് കേസുകള്‍ ആരംഭിച്ചത് എന്നുള്ള കാരണത്താല്‍ ഓര്‍ത്തഡോക്‍സ്‌ സഭ നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഈ പള്ളിയെ സംബന്ധിച്ചു് സെക്ഷന്‍ 92 നടപടിക്രമങ്ങള്‍ ആവശ്യമില്ല എന്നാണു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വാദിയ്ക്കുന്നതു്.

 സെക്ഷന്‍ 92 ഇല്ല എന്ന കാരണത്താല്‍ ഹൈക്കോടതി തള്ളിയ നെച്ചൂര്‍ പള്ളിയുടെ കേസ് ബഹു സുപ്രീം കോടതി അടുത്തു തന്നെ പരിഗണിക്കുന്നുണ്ടു്. അതോടൊപ്പം പിറവം പള്ളിയുടെ കേസും പരിഗണിച്ച് തീര്‍പ്പാക്കണം എന്നും കോടതി നിരീക്ഷിച്ചു.
കാതോലിക്കാസന വാര്‍ത്ത കാണുക

20140325

സഖാ പ്രഥമന്‍ ബാവായ്ക്കു വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ ദേവാലയങ്ങളിലും കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടത്തി

ദേവലോകം,മാര്‍ച്ച് 23: കാലം ചെയ്ത അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായ്ക്കു വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ ദേവാലയങ്ങളിലും കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടത്തി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്‍റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. കോട്ടയം പഴയ സെമിനാരിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ് കുര്‍ബാനമധ്യേ അനുസ്മരണ പ്രസംഗവും പ്രത്യേക പ്രാര്‍ഥനയും നടത്തി. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലും ധൂപപ്രാര്‍ഥന നടന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അനുശോചന സന്ദേശം പരിശുദ്ധ കാതോലിക്കാ ബാവാ അന്ത്യോക്യന്‍ സഭയുടെ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് മാര്‍ തെയോഫിലോസ് ജോര്‍ജ് സലീബായ്ക്ക് അയച്ചുകൊടുത്തു.

സഖാ പ്രഥമന്‍ ബാവായ്ക്കു വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ ദേവാലയങ്ങളിലും കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടത്തി

20140321

പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ പൗരസ്ത്യ കാതോലിക്കോസ് അനുശോചിച്ചു

2012 നവം 18നു് കെയ്റോയില്‍ നടന്ന അലക്സാന്ത്രിയന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ഇഗ്നാത്തിയോസ് സേവേറിയോസ് സക്കാ പ്രഥമന്‍ ബാവാ ആശംസാപ്രസംഗം നടത്തുന്നു. പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായും അലക്സാന്ത്രിയായുടെ തെവാദ്രോസ് രണ്ടാമന്‍ മാര്‍പാപ്പയും സമീപം

കോട്ടയം: അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവനും അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായ പരിശുദ്ധ ഇഗ്നാത്തിയോസ് സേവേറിയോസ് സക്കാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അന്ത്യോഖ്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് കൈമാഖാമിന്റെ പേര്‍ക്ക് അയച്ചു കൊടുത്ത അനുശോചന സന്ദേശം ഇങ്ങനെ തുടരുന്നു: പൌരാണികമായ അന്ത്യോഖ്യന്‍ സഭയുടെ പ്രധാനമേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ ക്രൈസ്തവലോകത്ത് സമുന്നതമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. സഭകളുടെ ലോക കൌണ്‍സിലിന്റെ മുന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹത്തിന്റെ വേര്‍പാട് എക്യൂമിക്കല്‍ രംഗത്ത് കാര്യമായ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. പരിശുദ്ധ ബാവായുമായി മലങ്കര സഭയ്ക്ക് വളരെയേറെ ബന്ധമുണ്ട്. അദ്ദേഹം മെത്രാപ്പോലീത്താ ആയിരിക്കുമ്പോള്‍ മാര്‍ തോമ്മാ ശ്ളീഹായുടെ തിരുശേഷിപ്പു കണ്ടെത്തിയതും അതിന്റെ ഒരു ഭാഗം മലങ്കര സഭയ്ക്ക് ലഭ്യാമാക്കിയതും അത് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സ്ഥാപിച്ചതും സ്മരിക്കുന്നു. 1964-ല്‍ പരിശുദ്ധ ഔഗേന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ 1970-നു് ശേഷം മലങ്കര സഭയില്‍ ഉടലെടുത്ത ഭിന്നിപ്പിന്റെ പശ്ചാത്തലത്തില്‍ പരസ്പരം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സഭയിലെ പല മേല്‍പട്ടക്കാരുമായും പ്രമുഖ വൈദീകരുമായും അദ്ദേഹത്തിന് വ്യക്തിബന്ധമുണ്ടായിരുന്നു. മലങ്കര സഭയുടെ ഐക്യം അദ്ദേഹം വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു എന്നാണ് മസ്സിലാക്കാന്‍ കഴിയുന്നത്. കാലം ചെയ്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്കു് വേണ്ടിയും സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ദുരിതമുഭവിക്കുന്ന സഹോദരങ്ങള്‍ക്കു് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ ബാവായുടെ ആത്മാവിനു് നിത്യശാന്തി നേരുന്നു.

സഭയുടെ എല്ലാ ദേവാലയങ്ങളിലും 23 ഞായറാഴ്ച്ച വി. കുര്‍ബ്ബാന മദ്ധ്യേ കാലംചെയത പാത്രിയര്‍ക്കീസ് ബാവായ്ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

2012 നവം 18നു് കെയ്റോയില്‍ നടന്ന അലക്സാന്ത്രിയന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ഇഗ്നാത്തിയോസ് സേവേറിയോസ് സക്കാ പ്രഥമന്‍ ബാവായും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായും


അന്ത്യോക്യാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവ കാലം ചെയ്‌തു




കൊച്ചി, മാര്‍ച്ച് 21: അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ (81) കാലം ചെയ്‌തു. ജര്‍മനിയില്‍ ഹൃദയശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ത്യന്‍ സമയം ഇന്ന്‌ ഉച്ചയ്‌ക്ക്‌ മൂന്നുമണിയോടെയായിരുന്നു. 1980 സെപ്‌റ്റംബര്‍ 14നാണ്‌ സഭാ പരമാധ്യക്ഷസ്‌ഥാനം ഏറ്റെടുത്തത്‌.

അന്ത്യോക്യായില്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ 122ആം പാത്രിയര്‍ക്കീസാണ്‌ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ. 1933 ഏപ്രില്‍ 21നു് ഇറാഖിലെ മൂസലിലെ ഐവാസ്‌ കുടുംബത്തില്‍ ബഷീര്‍ ഈവാസ്‌ഹസീബ എറ്റോ ദമ്പതികളുടെ ഏഴു മക്കളില്‍ നാലാമനായാണ്‌ ബാവ ജനിച്ചത്‌. സെന്‍ഹരീബ്‌ എന്നായിരുന്നു പേര്‌. സാഖാ എന്ന പേര്‌ സ്വീകരിച്ച അദ്ദേഹം 13ആം വയസില്‍ വൈദിക പഠനം ആരംഭിച്ച്‌ 21ആം വയസില്‍ റമ്പാനായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ 1962 ലും 1963 ലും നിരീക്ഷകനായി സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ചത്‌ സാഖാ റമ്പാനായിരുന്നു.ഇഗ്നാത്തിയോസ്‌ അഫ്രേം പ്രഥമന്‍, യാക്കൂബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാമാരുടെ ഒന്നാം സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു. 1963 നവംബര്‍ 17ന്‌ യാക്കോബ്‌ തൃതീയന്‍ ബാവ അദ്ദേഹത്തെ മൂസലിലെ മെത്രാനായി മാര്‍ സേവേറിയോസ്‌ സാഖാ എന്നപേരില്‍ വാഴിച്ചു.

1969 ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മോര്‍ ബഹനാം കാലം ചെയ്‌തപ്പോള്‍ മാര്‍ സേവേറിയോസിനെ ബാഗ്‌ദാദിലെ (ഇറാഖ്‌) ആര്‍ച്ച്‌ ബിഷപ്പായി നിയമിച്ചു. 1975 ല്‍ നെയ്‌റോബിയില്‍വച്ച്‌ ഡബ്ല്യു.സി.സി. കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1976 ലും 1978 ലും 1979 ലും കത്തോലിക്കാ സഭയുടെ കാനന്‍ നിയമം പുനര്‍ക്രമീകരിക്കുന്നതിനുള്ള പ്രാക്‌ടിക്കല്‍ കൗണ്‍സിലില്‍ കണ്‍സള്‍ട്ടന്റ്‌ ആയിരുന്നു.

ഇംഗ്ലിഷ്‌, അറബിക്‌, സിറിയന്‍ ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ചരിത്രം, തത്വശാസ്‌ത്രം, സഭാ നിയമങ്ങള്‍ എന്നിവയില്‍ ഉന്നത ബിരുദങ്ങള്‍ നേടി. പത്രപ്രവര്‍ത്തനത്തിലും ഡിപ്ലോമ നേടിയിട്ടുണ്ട്‌. യാക്കൂബ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ കാലംചെയ്‌തതിനെത്തുടര്‍ന്ന്‌ 1980 ജൂലൈ 11ന്‌ മൂവാറ്റുപുഴ അരമനയിലെ കാതോലിക്ക ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ സുന്നഹദോസാണ്‌ പാത്രിയര്‍ക്കീസായി തിരഞ്ഞെടുത്തത്‌. 1982, 2002, 2004, 2008 വര്‍ഷങ്ങളില്‍ അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്‌.


20140308

കുറിഞ്ഞി പള്ളി ചുമതല അഭിഭാഷക കമ്മിഷനു് കൈമാറണം: സുപ്രീം കോടതി


നവ ദെല്‍ഹി, മാര്‍ച്ച് 7: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ്‌ പള്ളിയുടെ (എറണാകുളം ജില്ല) ഭരണച്ചുമതല തല്‍ക്കാലത്തേക്ക്‌ അഭിഭാഷക കമ്മിഷനു് കൈമാറണമെന്നും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പുതിയ കമ്മിറ്റിചേര്‍ന്നു് സെക്രട്ടറിയെ തിരഞ്ഞെടുക്കണമെന്നും സുപ്രീം കോടതി ഇന്നു് നിര്‍ദേശിച്ചു. രണ്ടാഴ്‌ചയ്‌ക്കുശേഷം, തിരഞ്ഞെടുക്കപ്പെട്ട ട്രസ്‌റ്റിമാര്‍ക്കു് കമ്മിഷന്‍ ഭരണച്ചുമതല തിരികെ നല്‍കണം. ട്രസ്‌റ്റിമാരുടെ തെരഞ്ഞെടുപ്പു് കഴിഞ്ഞതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്നു് സുപ്രീംകോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പു് നടത്താന്‍ നിര്‍ദേശിച്ചു് ഹൈക്കോടതി നല്‍കിയ ഉത്തരവു് ചോദ്യംചെയ്‌തു് പള്ളി ഭരണസമിതി നല്‍കിയ പ്രത്യേക അനുമതി ഹര്‍ജിയിലാണു് ജഡ്‌ജിമാരായ രഞ്‌ജന പി. ദേശായി, മദന്‍ ബി. ലൊക്കൂര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവുണ്ടായതു്. ഓര്‍ത്തഡോക്സ് സഭക്ക് വേണ്ടി അഡ്വക്കേറ്റ് സദ്‌രുള്‍ അനാം ,അഡ്വക്കേറ്റ് എസ് ശ്രീകുമാര്‍ എന്നിവര്‍ ഇന്ന് ഹാജരായി.

ട്രസ്‌റ്റിമാര്‍ പാലാല്‍ കുടുംബക്കാരായിരിയ്ക്കണമെന്ന വ്യവസ്ഥയോടെ 1934-ലെ സഭാഭരണഘടന ബാധകമായിരിയ്ക്കുന്നപള്ളിയാണിതു്. പാലാല്‍ കുടുംബക്കാര്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ ഭാഗത്തു് ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ പള്ളിയില്‍ കൂടിവരുന്നവരില്‍ ഭൂരിഭാഗവും നിലവിലുള്ള പള്ളി ഭരണസമിതിയും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയോടു് അനുഭാവം കാണിയ്ക്കുന്നവരാണെന്നതാണു് ഇവിടെ പ്രതിസന്ധിയുണ്ടാക്കിയതു്.