കോട്ടയം: അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവനും അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായ പരിശുദ്ധ ഇഗ്നാത്തിയോസ് സേവേറിയോസ് സക്കാ പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അന്ത്യോഖ്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് കൈമാഖാമിന്റെ പേര്‍ക്ക് അയച്ചു കൊടുത്ത അനുശോചന സന്ദേശം ഇങ്ങനെ തുടരുന്നു: പൌരാണികമായ അന്ത്യോഖ്യന്‍ സഭയുടെ പ്രധാനമേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ ക്രൈസ്തവലോകത്ത് സമുന്നതമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. സഭകളുടെ ലോക കൌണ്‍സിലിന്റെ മുന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹത്തിന്റെ വേര്‍പാട് എക്യൂമിക്കല്‍ രംഗത്ത് കാര്യമായ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. പരിശുദ്ധ ബാവായുമായി മലങ്കര സഭയ്ക്ക് വളരെയേറെ ബന്ധമുണ്ട്. അദ്ദേഹം മെത്രാപ്പോലീത്താ ആയിരിക്കുമ്പോള്‍ മാര്‍ തോമ്മാ ശ്ളീഹായുടെ തിരുശേഷിപ്പു കണ്ടെത്തിയതും അതിന്റെ ഒരു ഭാഗം മലങ്കര സഭയ്ക്ക് ലഭ്യാമാക്കിയതും അത് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സ്ഥാപിച്ചതും സ്മരിക്കുന്നു. 1964-ല്‍ പരിശുദ്ധ ഔഗേന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ 1970-നു് ശേഷം മലങ്കര സഭയില്‍ ഉടലെടുത്ത ഭിന്നിപ്പിന്റെ പശ്ചാത്തലത്തില്‍ പരസ്പരം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സഭയിലെ പല മേല്‍പട്ടക്കാരുമായും പ്രമുഖ വൈദീകരുമായും അദ്ദേഹത്തിന് വ്യക്തിബന്ധമുണ്ടായിരുന്നു. മലങ്കര സഭയുടെ ഐക്യം അദ്ദേഹം വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു എന്നാണ് മസ്സിലാക്കാന്‍ കഴിയുന്നത്. കാലം ചെയ്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്കു് വേണ്ടിയും സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ദുരിതമുഭവിക്കുന്ന സഹോദരങ്ങള്‍ക്കു് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ ബാവായുടെ ആത്മാവിനു് നിത്യശാന്തി നേരുന്നു.
സഭയുടെ എല്ലാ ദേവാലയങ്ങളിലും 23 ഞായറാഴ്ച്ച വി. കുര്‍ബ്ബാന മദ്ധ്യേ കാലംചെയത പാത്രിയര്‍ക്കീസ് ബാവായ്ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
2012 നവം 18നു് കെയ്റോയില്‍ നടന്ന അലക്സാന്ത്രിയന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ഇഗ്നാത്തിയോസ് സേവേറിയോസ് സക്കാ പ്രഥമന്‍ ബാവായും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.