കൊച്ചി, മാര്‍ച്ച് 21: അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ (81) കാലം ചെയ്‌തു. ജര്‍മനിയില്‍ ഹൃദയശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്‌ക്ക് മൂന്നുമണിയോടെയായിരുന്നു. 1980 സെപ്‌റ്റംബര്‍ 14നാണ് സഭാ പരമാധ്യക്ഷസ്‌ഥാനം ഏറ്റെടുത്തത്.
അന്ത്യോക്യായില്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ 122ആം പാത്രിയര്‍ക്കീസാണ് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ. 1933 ഏപ്രില്‍ 21നു് ഇറാഖിലെ മൂസലിലെ ഐവാസ് കുടുംബത്തില്‍ ബഷീര്‍ ഈവാസ്‌ഹസീബ എറ്റോ ദമ്പതികളുടെ ഏഴു മക്കളില്‍ നാലാമനായാണ് ബാവ ജനിച്ചത്. സെന്‍ഹരീബ് എന്നായിരുന്നു പേര്. സാഖാ എന്ന പേര് സ്വീകരിച്ച അദ്ദേഹം 13ആം വയസില്‍ വൈദിക പഠനം ആരംഭിച്ച് 21ആം വയസില്‍ റമ്പാനായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ 1962 ലും 1963 ലും നിരീക്ഷകനായി സുറിയാനി ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചത് സാഖാ റമ്പാനായിരുന്നു.ഇഗ്നാത്തിയോസ് അഫ്രേം പ്രഥമന്‍, യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാമാരുടെ ഒന്നാം സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു. 1963 നവംബര്‍ 17ന് യാക്കോബ് തൃതീയന്‍ ബാവ അദ്ദേഹത്തെ മൂസലിലെ മെത്രാനായി മാര്‍ സേവേറിയോസ് സാഖാ എന്നപേരില്‍ വാഴിച്ചു.
1969 ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മോര്‍ ബഹനാം കാലം ചെയ്‌തപ്പോള്‍ മാര്‍ സേവേറിയോസിനെ ബാഗ്‌ദാദിലെ (ഇറാഖ്) ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. 1975 ല്‍ നെയ്‌റോബിയില്‍വച്ച് ഡബ്ല്യു.സി.സി. കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976 ലും 1978 ലും 1979 ലും കത്തോലിക്കാ സഭയുടെ കാനന്‍ നിയമം പുനര്‍ക്രമീകരിക്കുന്നതിനുള്ള പ്രാക്‌ടിക്കല്‍ കൗണ്‍സിലില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു.
ഇംഗ്ലിഷ്, അറബിക്, സിറിയന്‍ ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ചരിത്രം, തത്വശാസ്‌ത്രം, സഭാ നിയമങ്ങള്‍ എന്നിവയില്‍ ഉന്നത ബിരുദങ്ങള്‍ നേടി. പത്രപ്രവര്‍ത്തനത്തിലും ഡിപ്ലോമ നേടിയിട്ടുണ്ട്. യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് കാലംചെയ്‌തതിനെത്തുടര്‍ന്ന് 1980 ജൂലൈ 11ന് മൂവാറ്റുപുഴ അരമനയിലെ കാതോലിക്ക ശ്രേഷ്‌ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ സുന്നഹദോസാണ് പാത്രിയര്‍ക്കീസായി തിരഞ്ഞെടുത്തത്. 1982, 2002, 2004, 2008 വര്‍ഷങ്ങളില്‍ അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.