20110912

കോലഞ്ചേരി പള്ളി: കോലഞ്ചേരിയില്‍ നിരോധനാജ്ഞ; പൗലോസ് ദ്വിതീയന്‍ ബാവ നിരാഹാരം തുടങ്ങി

കോലഞ്ചേരി, സെപ്തം 11 രാത്രി:
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി ഭരണം സംബന്ധിച്ച് കോടതി വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ അധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ നിരാഹാര സമരം തുടങ്ങി. സെപ്തം 11 ഞായറാഴ്ച രാവിലെ ഓര്‍ത്തഡോക്സ് സഭക്കാര്‍ വികാരിയുടെ നേതൃത്വത്തില്‍ കുര്‍ബാനയര്‍‍പ്പിയ്ക്കായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പ്രവേശിക്കുന്നതു് പോലീസ് തടഞ്ഞതിനെയും മൂവാറ്റുപുഴ ആര്‍ഡിഒ ആര്‍. മണിയമ്മ കോലഞ്ചേരിപള്ളിപ്പരിസരത്ത് ഉച്ചയ്ക്ക് 2.30ഓടെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെയും തുടര്‍‍ന്നു് വൈകുന്നേരം നാലിനാണു് പരിശുദ്ധ ബാവ ഉപവാസം തുടങ്ങിയതു്.


സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് ഓഗസ്റ്റ് 16നു് പള്ളിക്കേസുകള്‍ക്കായുള്ള പ്രത്യേക എറണാകുളം ജില്ലാക്കോടതി അന്തിമവിധി നല്കിയിരുന്നു .1934ലെ ഭരണഘടനയോട് കൂറുപുലര്‍ത്തുന്നവര്‍ക്കേ പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ അവകാശമുള്ളു എന്നും കോടതി വിധിച്ചു. ഇതിനെതിരെയും പള്ളിയില്‍ ഓഗസ്റ്റ് 16നു് മുമ്പത്തെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു് സെപ്തം 10 ശനിയാഴ്ച വൈകിട്ട് 9 മണിക്കു് കോട്ടൂര്‍ പള്ളിക്കു് സമീപം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പു് സമരം നടത്തി. ഇരുവിഭാഗത്തേയും പള്ളിയില്‍ പ്രവേശിപ്പിയ്ക്കുവാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ ഉറപ്പു് നല്കി രാത്രി രണ്ടരയ്ക്കു് കുത്തിയിരിപ്പു് അവസാനിപ്പിക്കുകയായിരുന്നു.

സെപ്തം 11 ഞായറാഴ്ച രാവിലെ ഓര്‍ത്തഡോക്സ് സഭക്കാര്‍ വികാരിയുടെ നേതൃത്വത്തില്‍ കുര്‍ബാനയ്ക്കായി കോലഞ്ചേരി വലിയ പള്ളിയില്‍ പ്രവേശിക്കുന്നതു് പോലീസ് തടഞ്ഞു. അന്‍പതിലേറെ ഓര്‍ത്തഡോക്സുകാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. സംഘര്‍ഷാവസ്ഥ തുടര്‍ന്നു വരുന്നതിനിടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ പള്ളിക്കുമുന്നിലെത്തി ഇരുപ്പുറപ്പിച്ചു. പോലീസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം പിന്തിരിഞ്ഞു.

പിന്നീട് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പറഞ്ഞു് ജില്ലാകളക്ടറുടെ നിര്‍ദേശമനുസരിച്ച് മൂവാറ്റുപുഴ ആര്‍ഡിഒ ആര്‍. മണിയമ്മ കോലഞ്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോലഞ്ചേരി പ്രധാന പള്ളിയിലും പള്ളിയുടെ കീഴിലുള്ള കോട്ടൂര്‍ പള്ളിയിലും ഇരുവിഭാഗത്തിനും കയറാനുള്ള അനുവാദവും 250 മീറ്റര്‍ ചുറ്റളവില്‍ കൂട്ടംകൂടുന്നതും നാലുദിവസത്തേക്ക് നിരോധിച്ചു. കൂടാതെ, പള്ളി താത്കാലികമായി അടച്ചിടുകയും ചെയ്തു.

വൈകുന്നേരം നാലിനു് കോലഞ്ചേരി കാതോലിക്കറ്റ് സെന്ററില്‍ നടന്ന പ്രതിഷേധ യോഗത്തിനുശേഷം നൂറുകണക്കിനു വിശ്വാസികളുടെ അകമ്പടിയോടെയാണു് പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ കുരിശിങ്കലേക്കെത്തി ഉപവാസം ആരംഭിച്ചത്. മെത്രാപ്പോലീത്തമാരായ ഡോ. മാത്യു മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, തോമസ് മാര്‍ അത്താനാസിയോസ് എന്നിവരും എന്നിവരും ബാവയോടൊപ്പമെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന്, നിരോധനാജ്ഞ ലംഘിച്ചു എന്നാരോപിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം പ്രകടനം നടത്തി. പ്രകടനം കോലഞ്ചേരി ജംഗ്ഷനിലെ കുരിശുപള്ളിക്കു് മുമ്പിലെത്തി അവിടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ നേതൃത്വത്തില്‍ ഒരു പറ്റം ആളുകള്‍ കുത്തിയിരിപ്പാരംഭിച്ചു. സഭയിലെ മറ്റു മെത്രാന്മാരായ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒരു പ്രാര്‍ത്ഥനായ‍്ഞത്തിനാണു് നീക്കം.

സമരത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു് ഇരുസഭകളിലെയും നൂറുകണക്കിന് ആളുകള്‍ കോലഞ്ചേരിയിലേയ്ക്കു് വന്നുകൊണ്ടിരിക്കുകയാണ്. കോലഞ്ചേരി പള്ളി 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നു് ജില്ലാ കോടതിയില്‍നിന്ന് അന്തിമവിധി വന്നതിനെത്തുടര്‍ന്നാണു് പ്രശ്നങ്ങള്‍ ആരംഭിച്ചത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.