20100709

മലങ്കരയിലേക്ക് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ മേല്‍പ്പട്ടക്കാരെ വാഴിച്ചത് തെറ്റ്- പൗരസ്ത്യ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആഭ്യന്തര ഭരണത്തിലുള്ള അനധികൃതമായ കടന്നുകയറ്റത്തെ ശക്തമായി എതിര്‍‍ക്കുന്നു
സുന്നഹദോസ് ഒന്നടങ്കം പരിശുദ്ധ ബാവയോടൊപ്പം
കോട്ടയം: മാര്‍ സേവേറിയോസ്‌ മോശ മലങ്കര സഭയില്‍ മേല്‍പ്പട്ട വാഴ്‌ച നടത്തിയത് ഒട്ടും ശരിയല്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആഭ്യന്തര ഭരണത്തിലുള്ള അനധികൃതമായ കടന്നുകയറ്റവുമാകയാല്‍ തികച്ചും അപലപനീയമാണെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമാ ദിതിമോസ് ഒന്നാമന്‍ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം കാതോലിക്കാസന അരമനയില്‍ ജൂലയ് 8ന് കൂടിയ പരിശുദ്ധഎപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ ഉപസമിതി യോഗം ആരോപിച്ചു.

പൗരസ്ത്യ കാതോലിക്കാ ബാവാ ഇതുസംബന്ധിച്ച്‌ സ്വീകരിയ്ക്കുന്ന നടപടികള്‍ക്ക്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

യോഗത്തില്‍ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്‌, കുറിയാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, പൗലോസ്‌ മാര്‍ പക്കോമിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

20100702

കാഞ്ഞിരമറ്റം പള്ളി: 1934ലെ സഭാഭരണഘടനയ്ക്കു വിരുദ്ധമായി ഇടവക പൊതുയോഗംകൂടുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി, ജൂലൈ 1: കൊച്ചി ഭദ്രാസനത്തിലുള്‍‍പ്പെട്ട കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ അഡ്വക്കേറ്റ് കമ്മീഷന്റെ അദ്ധ്യക്ഷതയില്‍ ഇടവക പൊതുയോഗം കൂടുവാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ ഉത്തരവു് കേരള ഹൈക്കോടതി തടഞ്ഞു.

കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി മാത്യൂസ് പുളിമൂട്ടില്‍ കോറെപ്പിസ്കോപ്പ നല്കിയ ഹര്‍ജിയിലാണ് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ജില്ലാക്കോടതിയുടെ ഉത്തരവു് തടഞ്ഞതു്. സുപ്രീം കോടതി അംഗീകരിച്ച 1934ലെ സഭാഭരണഘടനയ്ക്കു വിരുദ്ധമായതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് മാത്യൂസ് പുളിമൂട്ടില്‍ കോറെപ്പിസ്കോപ്പ പറഞ്ഞു.

കോടതിവിധിയുണ്ടാകുന്നതുവരെയുള്ള ക്രമീകരണമായി ഒന്നിടവിട്ട ആഴ്‌ചയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ഇടവകക്കാരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി ഇടവകക്കാരും മാറിമാറി ആരാധന നടത്തിവരുന്ന പള്ളിയാണിത്