കായംകുളം,ഫെബ്രു 24 : ഹൈക്കോടതി വിധിപ്രകാരം കായംകുളം കാദീശാ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സെമിത്തേരിയില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദീകനും ഒരു കൂട്ടം ആളുകളും അനതികൃതമായി കയറാന്‍ ശ്രമിക്കുകയും, തടയാന്‍ ശ്രമിച്ച ഓര്‍ത്തഡോക്സ് വിശ്വാസികളെയും വൈദീകരെയും പോലീസ് യാതൊരു കാരണവും കൂടാതെ മര്‍ദ്ദിക്കുകയും ചെയ്തു.
പോലീസ് മര്‍ദ്ദനമേറ്റ ഇടവക ട്രസ്റ്റി കോശി മാത്യു ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അസിസ്റ്റന്‍റ് വികാരി ഫാ. ഗീവര്‍ഗീസ് കോശി, ബിജു റ്റി വര്‍ഗീസ്, കെ. വി. തോമസ്, ജോസ്കുട്ടി, എല്‍ഡോ ജോര്‍ജ്ജ് എന്നിവര്‍ കായംകുളം ഗവ. ആശുപത്രിയിലും ചികിത്സയിലാണ്. യാതൊരു കാരണവും കൂടാതെ പോലീസ് അഴിച്ചുവിട്ട മര്‍ദ്ദനത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഫാ. ജോണ്‍സ് ഈപ്പന്‍, റോണി വര്‍ഗ്ഗീസ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ഫാ. ജേക്കബ് ജോണിന്‍റെ ളോഹ പോലീസ് വലിച്ചുകീറി.
ലാത്തി ചാര്‍ജ്ജിനു നേതൃത്വം കൊടുത്ത ചെങ്ങന്നൂര്‍ ആര്‍. ടി. ഒ, കായംകുളം സി. ഐ, എ.എസ്.ഐ, ഹരിപ്പാട് സി.ഐ എന്നിവരെ സസ്പെന്‍റ് ചെയ്യണമെന്ന് കാദീശാ കത്തീഡ്രലില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. സമാധാനപരമായും സമചിത്തതയോടും വിശ്വാസികള്‍ പെരുമാറണമെന്നും മാവേലിക്കര സഹായ മെത്രാപ്പോലീത്താ അഭി. ജോഷ്വാ മാര്‍ നിക്കോദിമോസും കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി. യുഹാനോന്‍ മാര്‍ തേവോദോറോസും ആവശ്യപ്പെട്ടതില്‍ വെച്ച് അനിഷ്ഠ സംഭവങ്ങള്‍ ഒഴിവായി. മാവേലിക്കര ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ. കോശി മാത്യു, ഫാ. ജോസഫ് സാമുവേല്‍, അഡ്വ. സജി തന്പാന്‍, കെ. സി. ദാനിയേല്‍, ജിമ്മി ചാക്കോ ജോര്‍ജ്ജ്, ഫാ. എബി ഫിലിപ്പ്, ഫാ. പി. വി. സ്കറിയാ, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ വി. മാത്തുണ്ണി, തങ്കച്ചന്‍ കൊല്ലമല, കാദീശാ ഇടവക സെക്രട്ടറി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രലില്‍ ചര്‍ച്ചയ്ക്കെത്തിയ കളക്ടര്‍ എന്‍. പത്മകുമാറിനോട് അന്യായമായി പ്രവര്‍ത്തിച്ച ആര്‍.ടി.ഒയിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി ആവശ്യപ്പെട്ടു.
സഭയുടെ ആവശ്യം സംബന്ധിച്ച് മേല്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വിവരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുന്പ് സഭാ നേതൃത്വത്തെ അറിയിക്കാമെന്നും കളക്ടര്‍ ഉറപ്പു നല്‍കി. ഇതേ തുടര്‍ന്ന് ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ നിര്‍ത്തി വെച്ചതായി അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അറിയിച്ചു.
കാതോലിക്കാസന വാര്‍ത്ത