20100928

പരുമലയില്‍ പള്ളി നിര്‍മിക്കുന്നത് ‌കലക്ടര്‍ തടഞ്ഞു

തിരുവല്ല: തീര്‍ഥാടനകേന്ദ്രമായ പരുമല പള്ളിക്കു സമീപം പാത്രിയാര്‍ക്കീസ്‌ വിഭാഗം വാങ്ങിയ സ്ഥലത്ത്‌ പള്ളി പണിയാനായി എത്തുമെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം റോഡ്‌ ഉപരോധിച്ചത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ ഇടപെട്ട്‌ പള്ളി പണിയുന്നത്‌ തടഞ്ഞുകൊണ്‌ട്‌ ഉത്തരവിട്ടു.

ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്‌. തിരുവല്ലയില്‍ ഒരു വിവാഹച്ചടങ്ങില്‍ പാത്രിയാര്‍ക്കീസ്‌ മെത്രാന്‍മാരും വൈദികരും എത്തിയിരുന്നു. ഇവിടെനിന്നു പരുമലയിലെത്തി ഇവര്‍ വാങ്ങിയ സ്ഥലത്ത്‌ പള്ളിക്കു ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുമെന്നാണ്‌ വാര്‍ത്ത പ്രചരിച്ചത്‌. സംഭവമറിഞ്ഞ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വൈദികരും അല്‍മായരും അടക്കം നൂറുകണക്കിനു വിശ്വാസികള്‍ പരുമലയിലെത്തി പാലം ഉപരോധിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

തിരുവല്ല ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലെത്തിയ പോലിസ്‌ സംഘം പരുമല പള്ളി അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ ഉപരോധം അവസാനിച്ചത്‌. പരുമലയില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗം പള്ളി പണിയുന്നത്‌ ഇനി ഒരുത്തരവ്‌ ഉണ്‌ടാകുന്നതുവരെ നിരോധിച്ചുകൊണ്‌ട്‌ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ എസ്‌ ലളിതാംബിക ഉത്തരവിട്ടു. തീര്‍ത്ഥാടനകേന്ദ്രമായ പരുമല പള്ളിക്കു സമീപം പാത്രിയാര്‍ക്കീസ്‌ വിഭാഗം പരുമല പള്ളിയെന്ന പേരില്‍ പുതിയ പള്ളി നിര്‍മിക്കുന്നത്‌ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു കാണുന്നതിനാലാണ്‌ നിരോധനമെന്ന്‌ ഉത്തരവില്‍ പറയുന്നു. പരുമല പള്ളി ഇടവകാംഗങ്ങളും പ്രദേശവാസികളും കലക്‌ടര്‍ക്ക്‌ നല്‍കിയ ഹരജിയുടെയും ജില്ലാ പോലിസ്‌ സൂപ്രണ്‌ട്‌, തിരുവല്ല തഹസില്‍ദാര്‍ എന്നിവരുടെ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.
പരുമലയില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗം പള്ളി പണിയാനുള്ള നീക്കം ജീവന്‍ കൊടുത്തും തടയുമെന്ന്‌ കണ്‌ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്ത അറിയിച്ചു. പരുമല പള്ളിക്കു സമീപത്തായി പാത്രിയാര്‍ക്കീസ്‌ വിഭാഗം നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ പേരില്‍ വാങ്ങിയ 20 സെന്റ്‌ സ്ഥലത്ത്‌ പള്ളി പണിയുന്നത്‌ ചില ഗൂഢലക്ഷ്യങ്ങളോടെയാണ്‌. പരുമലയുടെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പാത്രിയാര്‍ക്കീസ്‌ സഭാവിശ്വാസി പോലുമില്ല. പള്ളിയുടെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ പണമുണ്‌ടാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണേ്‌ടായെന്നു സംശയിക്കുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു.

കടപ്പാടു്- തേജസ്സ്

.

സമാന്തര പള്ളിപണിയുന്നതിനെ എതിര്‍ക്കും-ഓര്‍ത്തഡോക്‌സ്‌സഭ

പരുമല: പരുമല കൊച്ചുതിരുമേനി കബറടങ്ങിയിരിക്കുന്ന പരുമല പള്ളിക്കു സമീപം വിഘടിതവിഭാഗം പരുമല തിരുമേനിയുടെ പേരില്‍ തന്നെ മറ്റൊരു പള്ളി പണിയുന്നതിനെ എതിര്‍ക്കുമെന്ന് മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭ സെപ്തംബര്‍27 തിങ്കളാഴ്ച വ്യക്തമാക്കി.

ഇപ്പോള്‍ പള്ളിപണിയാന്‍ വിഘടിതവിഭാഗം ശ്രമിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍സേവേറിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പരുമലയിലും സമീപപ്രദേശത്തും വിഘടിത പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്റേതായി ഒരു വീടു പോലുമില്ല. പരുമല പള്ളിയുടെ ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ യാക്കോബായസഭാ വിശ്വാസികളില്ല .ഇപ്പോള്‍ പരുമല പള്ളിയുടെ പേരില്‍ വെബ്‌സൈറ്റും തുടങ്ങിയിരിക്കുന്നു. പരുമല പള്ളി എന്ന പേരില്‍ വെബ്‌സൈറ്റ്‌ നിര്‍മിച്ച്‌ ധനസമാഹരണം നടത്തുന്നതിനെതിരേ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കും. പരുമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു് വിഘടിത പാത്രിയാര്‍ക്കീസ്‌ വിഭാഗം നടത്തുന്നതെന്നും സഭ ആരോപിച്ചു.
പരുമലയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരുമല സെമിനാരി മാനേജര്‍ ഡോ.യൂഹാനോന്‍ റമ്പാന്‍, സഭാസെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, ഫാ.തോമസ് തേക്കില്‍, ഫാ.കെ.വി.ജോണ്‍, ഫാ.ജോണ്‍ശങ്കരത്തില്‍, കെ.വി.ജോസഫ് റമ്പാന്‍, ഫാ. സൈമണ്‍ സക്കറിയ, ഫാ.യൂഹാനോന്‍ ജോണ്‍ ,തോമസ് ടി. പരുമല, ജിമ്മന്‍ സ്‌കറിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

20100926

പരുമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള വിഘടിത വിഭാഗത്തിന്റെ ഗൂഢാലോചനകള്‍ക്കെതിരെ സഭ

ദേവലോകം, സെപ്തംബര്‍ 24: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളിക്ക് സമീപമായി വിഘടിത പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ പരുമല തിരുമേനിയുടെ നാമത്തില്‍ പരുമല പള്ളി എന്ന പേരില്‍ പുതിയ പള്ളി പണിയുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പരുമല സെമിനാരി മാനേജര്‍ വെരി. റവ. എം.ഡി. യൂഹാനോന്‍ റമ്പാന്‍ കണ്‍വീനറായി പരുമല സെമിനാരി സംരക്ഷണ സമിതി കോര്‍ കമ്മറ്റി രൂപീകരിച്ചു.

പരുമല സെമിനാരി മാനേജര്‍ വെരി. റവ. എം.ഡി. യൂഹാനോന്‍ റമ്പാന്‍ പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ രൂപം:-

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പരുമലയിലും പരുമല പള്ളിയിലും പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടിയാണ് പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ പരുമല തിരുമേനിയുടെ നാമത്തില്‍ പരുമലയില്‍ പുതിയ പള്ളി പണിയുവാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഇത് പരുമലയില്‍ ഇന്ന് നിലനില്ക്കുന്ന മതസൌഹാര്‍ദ്ദത്തെ തകര്‍ക്കും എന്നതില്‍ യാതൊരുസംശയവുമില്ല.

പരുമല പള്ളിയുടെ സമീപം പരുമല തിരുമേനിയുടെ നാമത്തില്‍ വിഘടിത വിഭാഗം പള്ളി പണിയുന്നത് ഗൂഡലക്ഷ്യത്തോടെയാണ് എന്നത് താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

1. സാധാരണയായി ഒരു പ്രദേശത്ത് പള്ളി പണിയുന്നത് ആ ദേശത്ത് ജീവിക്കുന്ന സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണല്ലോ. എന്നാല്‍ പരുമലയില്‍ പാത്രീയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം പോലും ഇല്ലാത്ത സ്ഥിതിക്ക് പരുമല പള്ളിയുടെ പ്രധാന കവാടത്തിന് എതിവശത്തായി പരുമല തിരുമേനിയുടെ നാമത്തില്‍ പരുമല പള്ളി എന്ന പേരില്‍ തന്നെ ദേവാലയം പണിയുന്നത് പരുമലയില്‍ ഇന്ന് നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുവേണ്ടി മാത്രമാണ്.

2. പരുമലയില്‍ പുതിയ പള്ളി പണിയുന്നതിന് മുന്നോടിയായി പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ ഒരു വെബ് സൈറ്റ് തുടങ്ങിയിട്ടുണ്ട്. അതിന്റെ മേല്‍വിലാസം “www.parumalapally.org” എന്നാണ്. ഇന്ന് ലോകത്തില്‍ പരുമല പള്ളി എന്ന് അറിയപ്പെടുന്നത് പരുമല തിരുമേനി കബറടങ്ങിയിരിക്കുന്ന ഈ പള്ളി മാത്രമാണ്. അതേ പേരില്‍ തന്നെ പുതിയ പള്ളി പണിയുന്നതും വെബ് സൈറ്റ് ഉണ്ടാക്കിയിരിക്കുന്നതും പണപിരിവ് നടത്തികൊണ്ടിരിക്കുന്നതും ക്രൈസ്തവ നീതിയ്ക്ക് നിരക്കാത്തതാണ്. കൂടാതെ പരുമല പള്ളിയുടെ നിലവിലുള്ള വെബ്സൈറ്റ് ദുരൂപയോഗം ചെയ്ത് പൊതു ജനത്തെ കബളിപ്പിച്ച് പരുമല പള്ളിയുടെ പേരില്‍ പണപിരിവ് നടത്തണമെന്ന ദുരുദേശത്തോടും അങ്ങിനെ പള്ളിയുടെ പേരില്‍ പിരിക്കുന്ന പണം ദുരൂപയോഗം ചെയ്യാന്‍ വേണ്ടി കളവായി കൃത്രിമമായി വെബ്സൈറ്റ് ഉണ്ടാക്കി പൊതുജനത്തെ കബളിപ്പിച്ചുവരുകയാണ്.

4. വിഘടിത വിഭാഗം ഇവിടെ പള്ളി സ്ഥാപിച്ചാല്‍ സമാധാനത്തില്‍ കഴിയുന്ന പരുമല സംഘര്‍ഷ ഭൂമിയായി മാറുമെന്നതില്‍ സംശയമില്ല.

5. പരുമല സെമിനാരിയുടെ കീഴിലുള്ള പരുമലയിലെ എല്ലാ സ്ഥാപനങ്ങളും പ.പരുമല തിരുമേനിയുടെ നാമത്തിലാണ്. ഉദാഹരണമായി:-

1. സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍‍ (St. Gregorios Mission Hospital)
2. സെന്റ് ഗ്രിഗോറിയോസ് സ്കൂള്‍‍ ഓഫ് നേഴ്സിങ് (St. Gregorios School of Nursing)
3. സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നേഴ്സിങ് (St. Gregorios College of Nursing)
4. സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ്സോഷ്യല്‍‍ സയന്‍‍സ് (St. Gregorios College of Social Science)
5. സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍‍ നാഷണല്‍‍ ക്യാന്സര്‍‍ കെയര്‍‍ ഇന്‍‍സ്റ്റിറ്റ്യൂട്ട് (St. Gregorios International Cancer care Institute)
6. സെന്റ് ഗ്രിഗോറിയോസ് വസ്കുലാര്‍‍ സെന്റര്‍ ‍(St. Gregorios Cardio Vascular Centre)
7. സെന്റ് ഗ്രിഗോറിയോസ് ജെറിയാറ്റിക് സെന്റര്‍ ‍(St. Gregorios Geriatic Centre)

8. സെന്റ് ഗ്രിഗോറിയോസ് റിട്രീറ്റ് ഹോം (St. Gregorios Retreat Home)
9. സെന്റ് ഗ്രിഗോറിയോസ് ഓഡിറ്റോറിയം (St. Gregorios Auditorium)
10. സെന്റ് ഗ്രിഗോറിയോസ് ഡീ അഡിക്ഷന്‍‍ സെന്റര്‍‍ (St. Gregorios De-Adiction Centre)

ഈ സ്ഥാപനങ്ങളെല്ലാം തന്നെ പരിശുദ്ധ പൗരസ്ത്യ കാതോലിക്കാ ബാവയുടെ നേരിട്ടുള്ള ഭരണത്തിലാണ്.

പ.പരുമല തിരുമേനിയുടെ നാമത്തില്‍ ഇത്രയധികം സ്ഥാപനങ്ങള്‍ പരുമലയില്‍ തന്നെ നിലവിലുള്ളപ്പോള്‍ പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ ഇതേ പേരില്‍ പരുമലയില്‍ പള്ളിയോ, മറ്റ് സ്ഥാപനങ്ങളോ ആരംഭിച്ചാല്‍ കത്തിടപാടുകളിലും ബാങ്ക് ഇടപാടുകിലും ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ സംഘര്‍ഷത്തിന് വഴി തെളിക്കാനും ഇടയുണ്ട്.

6. സാധാരണ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ.പരുമല തിരുമേനിയുടെ കബറിങ്കല്‍ പതിനായിര കണക്കിന് ഭക്തജനങ്ങളാണ് അനുഗ്രഹം തേടി എത്തുന്നത്. പരുമല പള്ളിയില്‍ പ.പിതാവിന്റെ പെരുന്നാള്‍ നടത്താറുള്ളത് നവംബര്‍ 1, 2 തീയതികളിലാണെങ്കിലും പെരുന്നാള്‍ കൊടിയേറ്റ് നടത്തുന്ന ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കുറഞ്ഞത് 50 ലക്ഷത്തിലധികം ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്. പാത്രീയര്‍ക്കീസ് വിഭാഗത്തിന് പുതിയ പള്ളി പരുമലയില്‍ ഉണ്ടാവുകയും, അവരും നവംബര്‍ 1,2 തീയതികളില്‍ പെരുന്നാള്‍ നടത്തുകയും ചെയ്യുമ്പോള്‍ പുണ്യഭൂമിയായ പരുമല ഒരു കലാപ ഭൂമിയായി തീരുമെന്നതില്‍ സംശയമില്ല.

7. എറണാകുളം, കോട്ടയം ജില്ലകളില്‍ പാത്രീയര്‍ക്കീസ് വിഭാഗക്കാരുടെ പള്ളികള്‍ക്ക് സമീപം ഓര്‍ത്തഡോക്സ് സഭ സ്ഥലം വാങ്ങി പള്ളി പണിയുന്നതിന് അനുവാദം തേടിയപ്പോള്‍ ക്രമസമാധാനത്തിന്റെയും മതസൌഹാര്‍ദ്ദത്തിന്റെയും പേരില്‍ അനുമതി നിഷേധിച്ചിട്ടുള്ളതാണ്.

പരുമല പള്ളിയുടെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ അസൂയാലുക്കളായ പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ അവരുടെ ഒരു കുടുംബം പോലും ഇല്ലാത്ത പരുമലയില്‍ വിഷവിത്ത് പാകുവാന്‍ ഇപ്പോള്‍ ശ്രമം ആരംഭിച്ചിരിക്കയാണ്. പരുമല പള്ളിയുടെ പ്രധാന കവാടത്തിനു സമീപമായി പ.പരുമല തിരുമേനിയുടെ നാമത്തില്‍ തന്നെ പുതിയ പള്ളി പണിയാനുള്ള നീക്കം ദുരൂഹതകള്‍ നിറഞ്ഞതാണ്. ഇത് പരുമലയിലെ ആത്മീയന്തരീക്ഷവും മതസൌഹാര്‍ദവും തകര്‍ക്കുന്നതിനും തൃക്കുന്നത്ത് സെമിനാരി തുടങ്ങി മറ്റ് സ്ഥലങ്ങളില്‍ പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്രമസമാധാനനില തകര്‍ക്കാന്‍ കൂട്ടു നിന്നതുപോലെ പരുമലയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇത് ഒരു കലാപഭൂമിയാക്കാനുള്ള മതതീവ്രവാദികളുടെ ഗൂഢാലോചനയാണെന്ന് ഞങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു.

പരുമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള പാത്രീയര്‍ക്കീസ് വിഭാഗത്തിന്റെ ഗൂഢാലോചനകള്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭാമക്കള്‍ മരണം വരെ പോരാടുന്നതിന് ഒരുക്കമുള്ളവരായിരിക്കണം.

എന്ന്,
പരുമല സെമിനാരി സംരക്ഷണ സമിതി കോര്‍ കമ്മിറ്റിക്കുവേണ്ടി,
ഫാ.എം.ഡി.യൂഹാനോന്‍ റമ്പാന്‍
കണ്‍വീനര്‍