20100226

ജീവിതം തീര്‍ത്ഥയാത്രയാകണം: അരാം ബാവാ

കോട്ടയം, ഫെ 27: മനുഷ്യജീവിതം ഈശ്വരോന്മുഖമായ തീര്‍ത്ഥയാത്രയായി മാറണമെന്നും വിശ്വാസം, സ്‌നേഹം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിതം നയിക്കണമെന്നും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യ കാതോലിക്കോസ് അരാം പ്രഥമന്‍ ബാവാ പറഞ്ഞു.

ഫെ 27നു് കോട്ടയം ചുങ്കം പഴയ സെമിനാരിയില്‍ കാലംചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് (വട്ടശ്ശേരില്‍ തിരുമേനി) മെത്രാപ്പോലീത്തയുടെ 76-ാംമത് ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അരാം ബാവാ.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സമ്മേളിക്കുന്നതിനും സ്ഥാനമൊഴിയുന്ന മെത്രാപ്പോലീത്താമാര്‍ക്ക് താമസിക്കുന്നതിനുമുള്ള സിനഡ് ധ്യാനകേന്ദ്രത്തിനും കാലംചെയ്ത സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ സ്മാരകമായി പണിയുന്ന ചാപ്പലിനും അരാംബാവാ ശിലാസ്ഥാപനം നടത്തി. മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കബാവാ അടിസ്ഥാന ശില ആശീര്‍വദിച്ചു. നിയുക്ത കാതോലിക്ക ഡോ.പൗലോസ് മാര്‍ മിലിത്തിയോസും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

വൈകീട്ട് കോലഞ്ചേരി സെന്റ്പീറ്റേഴ്‌സ് കോളേജ് മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനം അരാംബാവാ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' ബഹുമതി നല്‍കി അരാം ബാവായെ ആദരിച്ചു. മൂവാറ്റുപുഴയില്‍ പുതുതായി പണിയുന്ന സെന്റ്‌തോമസ് കത്തീഡ്രലിനും, കോലഞ്ചേരി മെഡിക്കല്‍ കോളേജ് ന്യൂറോളജി ബ്ലോക്കിനും അരാം ബാവാ അടിസ്ഥാന ശിലയിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.