മൂവാറ്റുപുഴ അരമനപ്പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മൂവാറ്റുപുഴ അരമനപ്പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20111218

അവകാശവാദം അടിസ്‌ഥാന രഹിതം: ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌


മൂവാറ്റുപുഴ, ഡിസം. 17 അരമന സംബന്ധിച്ച്‌ വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭ ഉന്നയിക്കുന്ന അവകാശവാദം തികച്ചും അടിസ്‌ഥാന രഹിതമാണെന്ന്‌ മലങ്കര സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു. ഭദ്രാസനത്തിലെ ആത്മീയ പ്രസ്‌ഥാനങ്ങളുടെ വാര്‍ഷിക യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ അരമന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പൈതൃക സ്വത്താണെന്ന്‌ അംഗീകരിക്കപ്പെട്ടതാണ്‌.

ഇപ്പോള്‍ ഉയര്‍ത്തുന്ന അവകാശവാദം നിഷ്‌കളങ്കരായ സഭാജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ അവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌. സ്വത്തിനു്മേല്‍ അവകാശമുണ്ടെങ്കില്‍ അത്‌ സ്‌ഥാപിച്ചെടുക്കേണ്ടതു് വിശ്വാസികളെ തെരുവിലിറക്കിയല്ല, നിയമത്തിന്റെ മാര്‍ഗ‌ത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്രചാരണങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിയണമെന്ന്‌ മെത്രാപ്പൊലീത്ത പറഞ്ഞു.

ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം നല്കണമെന്നു്



മൂവാറ്റുപുഴ,ഡിസം.17: അന്ത്യോക്യാ സഭയുടെ അതിരൂപതയായ യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍കൂടി അടങ്ങിയ വിശ്വാസികളില്‍ ഹിത പരിശോധന നടത്തി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം തീരുമാനിയ്ക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ് പ്രഥമന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് മറ്റ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു് നല്കി.

മൂവാറ്റുപുഴയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്ഥാനമായ അരമനപ്പള്ളി യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വിശ്വാസസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലങ്കരസഭയുടെ സമ്പത്ത് "യഥാര്‍ത്ഥ അവകാശികളായ" യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭാവിശ്വാസികള്‍ക്ക് നല്കാപത്തപക്ഷം യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭ രംഗത്തിറങ്ങും. ഉചിതമായ നടപടികള്‍ വഴി യഥാര്‍ത്ഥ ഉടമസ്ഥരെ അവ ഏല്പിച്ചു് കൊടുക്കും. സര്‍ക്കാര്‍ അന്വേഷണം നടത്തി സഭാ സ്ഥാപനങ്ങള്‍ ഭൂരിപക്ഷമുള്ളവ‍ര്‍ക്ക് വിട്ടുകൊടുക്കണം. -അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ അധ്യക്ഷനായി. ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തി. ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി.

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. കവലയില്‍ നിന്ന് തുടങ്ങിയ റാലി കനത്ത പോലീസ് കാവലിലായിരുന്നു. നഗരം ചുറ്റി സമ്മേളനസ്ഥലമായ ടൗണ്‍ ഹാള്‍ മൈതാനിയില്‍ സമാപിച്ചു.

മൂവാറ്റുപുഴ അരമനയ്‌ക്കു് മുന്നില്‍ തോരണം കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; നാലു് പേര്‍ക്കു് പരു്ക്ക്‌



മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയ്‌ക്കു മുന്നില്‍ തോരണം കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷ ത്തില്‍ നാലു് പേര്‍ പരുക്കേറ്റു് ആശുപത്രിയിലായി. ഡിസം 16നു് രാത്രി ഒരു മണിയോടെയാണു് സംഭവം നടന്നത്‌.

അരമന ദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലിലെ പെരുനാളിനോടനുബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ വിഭാഗവും അരമനപ്പള്ളി യാക്കോബായ സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസ പ്ര്യാപന റാലിയോടനുബന്ധിച്ചു് വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗവും അരമനയ്‌ക്കു് മുന്നില്‍ കൊടി തോരണങ്ങള്‍ കെട്ടാനെത്തിയതോടെയാണു് തര്‍ക്കവും തുടര്‍ന്നു് സംഘര്‍ഷവുമുണ്ടായതത്രേ‌.

പരുക്കേറ്റ ഓര്‍ത്തഡോക്‌സ്‌ സഭക്കാരായ സജി (25), ബെന്നി (35) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനിസഭക്കാരായ ജോമോന്‍ (23), എല്ദോസ്‌ (13) എന്നിവരെ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തോരണം കെട്ടാനെത്തിയ യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ പ്രകോപനം കൂടാതെ മര്‍ദിക്കുകയായിരുന്നെന്ന്‌ വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചു. എന്നാല്‍ അരമനയിലേക്ക്‌ അതിക്രമിച്ചു് കടന്നത്‌ പ്രതിരോധിക്കാന്‍ ശ്രമിച്ച ഓര്ത്തഡോക്‌സ്‌ സഭക്കാരെ എതിര്‍ പക്ഷം മര്‍ദിക്കുകയായിരുന്നെന്ന്‌ ഓ‍ര്‍ത്തഡോക്‌സ്‌ സഭക്കാരും ആരോപിച്ചു. 10 ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ക്കെതിരെയും 5 യാക്കോബായാ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ക്കെതിരെയും പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

20111215

മൂവാറ്റുപുഴയെ കലാപ മേഖലയാക്കാന്‍ ഗൂഢനീക്കം: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത


മൂവാറ്റുപുഴ അരമനയും ഭദ്രാസനപള്ളിയും-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം
മൂവാറ്റുപുഴ, ഡിസംബര്‍ 14: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമന ദേവാലയത്തിലെ പെരുനാളിനോടനുബന്ധിച്ച്‌ മൂവാറ്റുപുഴയെ കലാപ മേഖലയാക്കാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ഗൂഢനീക്കത്തിനെതിരെ പൊലീസും അധികാരികളും ജാഗ്രത പാലിക്കണമെന്ന്‌ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പറഞ്ഞു. ദേവാലയം കയ്യേറാനും, പിടിച്ചെടുക്കാനുമുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്‌ സമാധാനാന്തരീക്ഷത്തെ തകര്‍ക്കും. പെരുന്നാള്‍ ദിവസമായ ഡിസംബര്‍ 17 തീയതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വിശ്വാസ പ്രഖ്യാപന മാര്‍ച്ചു് വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

1998 ല്‍ ദേവാലയം പിടിച്ചെടുക്കാന്‍ നടത്തിയതിനു സമാനമായ നീക്കമുണ്ടാകുന്നത്‌ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടവക ജനങ്ങളിലും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന ഇതര സമുദായങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ അദ്ദേഹം പ്രതിഷേധിച്ചു. സഭയുമായോ ഭദ്രാസനപള്ളിഇടവകയുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ്‌ ഇപ്പോള്‍ പ്രസ്‌താവനകളുമായെത്തി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നത്‌.

നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനെ ചോദ്യം ചെയ്യാന്‍ അവര്‍ക്കവകാശമില്ല. ഭദ്രാസനപള്ളി ഇടവകയില്‍ 400 കുടുംബങ്ങളുണ്ടു്. ഭദ്രാസനപള്ളിയോടനുബന്ധിച്ചുള്ള ഇടവകയുടെ ഇടവക യോഗം കൂടിയാണു് നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനു് തീരുമാനമെടുത്തതു്. 2010 ഫെബ്രുവരി 27 ന്‌ ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യായിലെ കാതോലിക്കയായ ആരാം പ്രഥമന്‍ ബാവ പുതിയ ദേവലായത്തിന്റെ ശിലാസ്‌ഥാപനം നടത്തി.

2010 ഫെബ്രുവരി 27 ന്‌ പുതിയ മൂവാറ്റുപുഴ അരമനപ്പള്ളിയുടെ
ശിലാസ്‌ഥാപനം ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ
ആരാം പ്രഥമന്‍ കാതോലിക്ക നിര്‍വഹിയ്ക്കുന്നു-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

അരമനപ്പള്ളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടെന്നിരിക്കെയാണ്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. അരമനപള്ളിയെ ഒരു പ്രശ്‌നബാധിത സ്‌ഥലമാക്കി മാറ്റാന്‍ നടത്തുന്നതിന്റെ ഭാഗമാണ്‌ ഇത്തരം നീക്കങ്ങളെന്ന്‌ സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഭാഗമായ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമനയുടെയും ഭദ്രാസനദേവാലയത്തിന്റെയും മറ്റു് സ്വത്തുക്കളുടെയും അവകാശം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് മാത്രമാണു്.

മലങ്കരയിലെ ഒന്നാം പൗരസ്ത്യ കാതോലിക്കയായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവ കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ ഒന്നാമത്തെ മെത്രാപ്പൊലീത്തയായിരിയ്ക്കെ കൊല്ലവര്‍ഷം 1063 ല്‍ തീറായി വാങ്ങിയതാണ്‌ സ്ഥലം. ഇതിനുശേഷം കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായിരുന്ന ഔഗേന്‍ ബാവ ഭദ്രാസനപള്ളിയും അരമനയും സ്ഥാപിച്ചു് 1964-ല്‍ പൗരസ്ത്യ കാതോലിക്കയായി അഭിഷിക്തനാകുന്നതു് വരെ താമസിച്ചു് ഭരണം നടത്തി.1964 മുതല്‍ പൗലോസ് മാര്‍ പീലക്സിനോസ് കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി താമസിച്ചു. 1990 മുതല്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ ഇവിടെ താമസിച്ചു് ഭദ്രാസന ഭരണം നടത്തുന്നത്‌. അരമന കോംപ്ലക്സ്,സണ്‍ജേ സ്കൂള്‍ കെട്ടിടം ഉള്‍പ്പടെയുള്ള വികസനങ്ങള്‍ നടത്തിവന്നതു് ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌.

1998-ല്‍ അരമനയും വസ്തുക്കളും പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പോലീസ്‌ തടഞ്ഞിരുന്നു. അപ്പോഴത്തെ മൂന്നാം പ്രതിയാണ്‌ ഇപ്പോഴത്തെ അരമന കയ്യേറ്റത്തിനുള്ള നീക്കം നടത്തുന്നത്‌. ഇതിനെ ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിച്ചാല്‍ അരാജകത്വത്തിലേക്കായിരിക്കും ഈ പ്രശ്നം നീങ്ങുന്നത്‌. സഭാ തര്‍ക്കങ്ങളിലുള്ള കോടതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്‌. ഇത്‌ പൊതുസമൂഹത്തില്‍ ആശയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും തിരുമേനി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ഡിസംബര്‍17-നും ഡിസംബര്‍ 18-നും ആഘോഷിയ്ക്കുകയാണു്. ഡിസംബര്‍ 17-ന്‌ രാവിലെ ഏഴിന്‌ വിശുദ്ധ കുര്‍ബാനയും ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ ഭദ്രാസനത്തിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും വൈകുന്നേരം ആറിന്‌ സന്ധ്യാനമസ്‌കാരവും ഏഴിന്‌ വചനശുശ്രൂഷയും 7.30-ന്‌ പ്രദക്ഷിണവും ഉണ്ടാവും. ഡിസംബര്‍ 18-ന്‌ രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന. 10.30-ന്‌ ലേലം. 11-ന്‌ പ്രദക്ഷിണം, ആശീര്‍വാദം, 12-ന്‌ സ്‌നേഹവിരുന്ന്‌, രണ്‌ടിന്‌ കൊടിയിറക്ക്‌ എന്നിങ്ങനെയാണു് ക്രമീകരണം.

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത തിരുക്കര്‍മങ്ങള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കും.

പത്രസമ്മേളനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമ്മേല്‍ കശീശ, മേരിദാസ് സ്റ്റീഫന്‍ കശീശ, എബിന്‍ അബ്രാഹം കശീശ, വി സി ജേക്കബ് വടക്കേമുട്ടപ്പള്ളി, സജി ജോണ്‍ നീറുംതാനത്തു്, കെ പി ഐസക് കുളങ്ങര എന്നിവരും പങ്കെടുത്തു.