പിറവം പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പിറവം പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20141213

പിറവം വലിയ പള്ളിക്ക് സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ അനുവദിച്ചു

ദേവലോകം, ഡിസംബര്‍ 12– പിറവം വലിയ പള്ളിയെ സംബന്ധിച്ച് കേരള ഹൈക്കോടതി ഉത്തരവിന് എതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നല്‍കിയ പ്രത്യേക അനുമതി ഹര്‍ജി ബഹു സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കാനും ഉത്തരവായി.

 ഈ പള്ളിക്ക് സെക്ഷന്‍ 92 അനുസരിച്ചു് കോടതിയില്‍ നിന്നും അനുമതി വാങ്ങാതെയാണ് കേസുകള്‍ ആരംഭിച്ചത് എന്നുള്ള കാരണത്താല്‍ ഓര്‍ത്തഡോക്‍സ്‌ സഭ നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഈ പള്ളിയെ സംബന്ധിച്ചു് സെക്ഷന്‍ 92 നടപടിക്രമങ്ങള്‍ ആവശ്യമില്ല എന്നാണു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വാദിയ്ക്കുന്നതു്.

 സെക്ഷന്‍ 92 ഇല്ല എന്ന കാരണത്താല്‍ ഹൈക്കോടതി തള്ളിയ നെച്ചൂര്‍ പള്ളിയുടെ കേസ് ബഹു സുപ്രീം കോടതി അടുത്തു തന്നെ പരിഗണിക്കുന്നുണ്ടു്. അതോടൊപ്പം പിറവം പള്ളിയുടെ കേസും പരിഗണിച്ച് തീര്‍പ്പാക്കണം എന്നും കോടതി നിരീക്ഷിച്ചു.
കാതോലിക്കാസന വാര്‍ത്ത കാണുക

20120227

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍: വിമത യാക്കോബായ വിഭാഗത്തിനു് പ്രതിഷേധം

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ -കടപ്പാട്: ക്യാപ്റ്റന്‍


പിറവം, ഫെ 25: പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ (പിറവം വലിയ പള്ളി) കത്തീഡ്രല്‍ ആയി ഉയര്‍ത്തിയ പരിശുദ്ധ എപ്പിസ്കോപ്പല്‍
സുന്നഹദോസിന്റെ നടപടി അപലപനീയമാണന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ സഹവൈദീകരിലൊരാളായ ഫാ. സൈമണ്‍ ചെല്ലിക്കാട്ടിലും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും പ്രസ്താവിച്ചു.

പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിധ അധികാരവും അംഗീകരിയ്ക്കുകയില്ലെന്നും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പൂര്‍ണ്ണമായ ഭരണത്തിന്‍ കീഴില്‍ ആക്കുമെന്നും ഏപ്രില്‍ 16 നു് പള്ളിയുടെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന മദ്ബഹായില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിയ്ക്കാ തോമസ് പ്രഥമന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ എഴിന്മേല്‍ കുര്‍ബ്ബാനയും കത്തീഡ്രല്‍ പ്രഖ്യാപനവും നടത്തുമെന്നും ഫാ. സൈമണ്‍ ചെല്ലിക്കാട്ടില്‍ പറഞ്ഞു.

പിറവം വലിയ പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടേതു്


പിറവം, ഫെ 25:പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടുന്ന പിറവം വലിയ പള്ളിയെ കത്തീഡ്രലായി ഉയര്‍ത്തുന്നതിനു് മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നു് ഇടവക മെത്രാപ്പോലീത്തയായ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് ഒരു അവകാശവുമില്ല.

1934-ലെ ഭരണഘടനപ്രകാരമാണു് 1998,1999, 2002, 2004 എന്നീ വര്‍ഷങ്ങളില്‍ ഇടവകഭരണസമിതി തെരഞ്ഞെടുപ്പു് നടന്നിരിയ്ക്കുന്നതു്. 1934-ലെ സഭാ ഭരണഘടനയോടു് കൂറും ഭക്തിയും പ്രഖ്യാപിച്ചുള്ള സത്യവാങ്മൂലം എല്ലാ ഇടവകാംഗങ്ങളും നിയമാനുസരണം വികാരി സ്കറിയ വട്ടക്കാട്ടിലിനു് എഴുതി നല്കി അധികാരത്തില്‍ വന്ന കമ്മിറ്റി പിന്നീടു് കൂറുമാറി സഭാ ഭരണഘടനയെ വെല്ലുവിളിച്ചു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ സംരക്ഷകരായിരിയ്ക്കുകയാണെന്നു് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല പള്ളിയില്‍ സംഘര്‍ഷം സൃഷ്ടിയ്ക്കുകയും തിരുസഭയ്ക്കു് നീതി നിഷേധിയ്ക്കുകയും ചെയ്യുന്നു.

പള്ളി1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടണമെന്നുള്ള കോടതിയുത്തരവു് നിലനില്ക്കുന്നുവെന്നു് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 2004-ല്‍ ഒരു വര്‍ഷത്തേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ട ഇടവകഭരണസമിതി 8 വര്‍ഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പു് നടത്താനുള്ള സാഹചര്യം ഒരുക്കുന്നില്ല. പള്ളിയില്‍ നിയമവാഴ്ച പുനഃസ്ഥാപിച്ചു് മലങ്കര സഭയ്ക്കു് നീതി ഉറപ്പുവരുത്തണമെന്നു് മെത്രാപ്പോലീത്ത സര്‍ക്കാരിനോടു് അഭ്യര്‍ത്ഥിച്ചു.

പാമ്പാക്കുട സമന്വയ എക്യുമെനിക്കല്‍ പഠനകേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു് സംസാരിക്കുകയായിരുന്നു ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത.

പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ (പിറവം വലിയ പള്ളി) കത്തീഡ്രല്‍ ആയി ഉയര്‍ത്തിയ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ നടപടി സ്വാഗതം ചെയ്ത യോഗം അതിനു് പരിശുദ്ധ ബാവയോടു് നന്ദി പറഞ്ഞു. സഭാവൈദീക ട്രസ്റ്റി ഫാ. ജോണ്‍സ് അബ്രാഹം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോസഫ് മങ്കിടി, റ്റി റ്റി ജോയി, സാജു മടക്കാലി,ജെസി ഐസക് എന്നിവര്‍ പ്രസംഗിച്ചു.

20120225

പിറവം വലിയപള്ളി കത്തീഡ്രലായി

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ -കടപ്പാട്: ക്യാപ്റ്റന്‍


ദേവലോകം, ഫെബ്രുവരി 24: പിറവം വലിയപള്ളി എന്നറിയപ്പെടുന്ന പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനിപള്ളിയെ കത്തീഡ്രലായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഉയര്‍ത്തി. പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം അരമനയില്‍ ഫെ 20ആം തീയതി മുതല്‍ നടക്കുന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് യോഗമാണ് കത്തീഡ്രലായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പ്രധാനപള്ളിയാണു് പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ .

'രാജാക്കന്മാരുടെ പള്ളി' എന്നും അറിയപ്പെടുന്ന ഈ പള്ളിയ്ക്കു് മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും പേരുകളുണ്ട്. കേരളത്തിലെ പുരാതന ക്രിസ്തീയ ദേവാലയങ്ങളിലൊന്നാണിതു്.

പാലസ്തീനിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കിഴക്കുനിന്നു് ചെന്നു് കണ്ടു് മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തി ആരാധന നടത്തിയെന്നും അവിടെയാണു് പിന്നീട് പിറവം പള്ളിയുണ്ടായതെന്നുമാണ് ഐതിഹ്യം. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി 19 ആം നൂറ്റാണ്ടില്‍ കന്യക മറിയാമിന്റെ നാമത്തിലാക്കിയെങ്കിലും ഇപ്പോഴും 'രാജാക്കന്മാരുടെ പള്ളി' എന്നാണു് പറയാറു്.



20120214

പിറവം വലിയപള്ളിയില്‍ വീണ്ടും സംഘര്‍ഷം



പിറവം: ശവസംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം (ഫെ 12) തര്‍ക്കം രൂപപ്പെട്ട പിറവം വലിയപള്ളിയില്‍ ഫെ 13-നും സംഘര്‍ഷം. ശുശ്രൂകള്‍ക്ക് നേതൃത്വം നല്‍കുന്ന മൂന്നു് വൈദികര്‍ക്കു് പുറമെ മറ്റൊരു വൈദികനും ശുശ്രൂഷാ വസ്ത്രം ധരിച്ച് പള്ളിയില്‍ നടന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തതാണ് തര്‍ക്ക കാരണം. സംഭവമറിഞ്ഞു് ഉച്ചയോടെ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ ഫാ. ജോസഫ് മങ്കിടിയും സഭാ മാനേജിംഗ് കമ്മിറ്റിയംഗം ടി.ടി. ജോയിയും പള്ളിയിലെത്തി. പള്ളിയുടെ പ്രധാന വാതിലിനു സമീപം അവര്‍ക്കു് നേരെ കയ്യേറ്റശ്രമമുണ്ടായി. സംഘര്‍ഷത്തിനിടെ കൂട്ടമണി മുഴക്കിയതോടെ ഒട്ടേറെപേര്‍ പള്ളിപരിസരത്തു തടിച്ചുകൂടി.

മൂന്നു വൈദികര്‍ക്കു പുറമെ മറ്റൊരു വൈദികനും ശുശ്രൂഷാ വസ്ത്രം ധരിച്ച് പള്ളിയില്‍ നടന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത വിവരം അറിഞ്ഞെത്തിയ തന്റെ ഇരുചക്രവാഹനം വിമത യാക്കോബായക്കാര്‍ തകര്‍ത്തതായി ഫാ. മങ്കിടി പറഞ്ഞു. ബാഗില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയും നഷ്ടപ്പെട്ടു.
അക്രമം തടയുന്നിടെയാണ് ജോയിക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായത്. അക്രമം നടത്തി പള്ളി പൂട്ടിക്കുന്നതിനുള്ള ശ്രമമാണു മറുവിഭാഗം നടത്തുന്നതെന്നും ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആരോപിച്ചു.നിലവിലുള്ള മൂന്നു വൈദികര്‍ക്കു് മാത്രമേ പ്രവേശനാനുമതി നല്‍കുകയുള്ളുവെന്നു് കഴിഞ്ഞ ദിവസവും ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനു് വിരുദ്ധമായ നടപടി വിമത യാക്കോബായ വിഭാഗം സ്വീകരിച്ചതാണ് തര്‍ക്കമായത്.

20120213

ശവസംസ്‌കാരത്തെ വിമത യാക്കോബായ കക്ഷിക്കാര്‍ തടഞ്ഞു; മൃതദേഹം അഞ്ച് മണിക്കൂര്‍ പള്ളിമുറ്റത്ത് വച്ചു



പിറവം: വിമത യാക്കോബായ കക്ഷിക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നു് പിറവം വലിയ പള്ളിയില്‍ ഇടവകാംഗമായ പിറവം പാഴൂര്‍ വാതക്കാട്ടില്‍ വി.എം. എബ്രാഹാ (91)മിന്റെ മൃതദേഹം അടക്കം ചെയ്യാനാകാതെ അഞ്ച് മണിക്കൂര്‍ പള്ളിമുറ്റത്തുവച്ചു.

രാത്രി വൈകി ആര്‍.ഡി.ഒ ആര്‍. മണിയമ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് രാത്രി ഒമ്പതിനാണ് മൃതദേഹം സംസ്‌കാരശുശ്രൂഷകള്‍ക്കായി പള്ളിയ്ക്കകത്തേയ്ക്ക് എടുത്തത്. മരിച്ച എബ്രാഹാമിന്റെ മകനും, ഓര്‍ത്തഡോക്‌സ് സഭയുടെ മണകുന്നം മാര്‍ ഔഗേന്‍ പള്ളി വികാരിയുമായ ഫാ. വി.എ. മാത്യൂസ് 'കറുത്ത കുപ്പായം' ധരിച്ച് ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയെന്നു് പറഞ്ഞാണ് വിമത യാക്കോബായ കക്ഷിക്കാര്‍ അക്രമത്തിനു് മുതിര്‍ന്നതു്. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പള്ളി മുറ്റത്തേയ്ക്ക് കയറ്റുമ്പോള്‍ തന്നെ വിമത യാക്കോബായ കക്ഷിക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ മണിക്കൂറുകള്‍ നീണ്ടു. മൂവാറ്റുപുഴ ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു.

ഫെ 10 വെള്ളിയാഴ്ച രാത്രിയാണ് പാഴൂര്‍ വാതക്കാട്ടില്‍ എബ്രാഹം മരിച്ചത്. 12 ഞായറാഴ്ച വൈകീട്ടാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. വലിയപള്ളി വികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടിലും സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പയും ചേര്‍ന്നാണ് വീട്ടിലെ ശുശ്രൂഷകള്‍ നടത്തിയത്. തുടര്‍ന്ന് നാല് മണിയോടെ മൃതദേഹം വലിയ പള്ളിയിലേക്ക് കൊണ്ടുവന്നു. മറ്റ് വൈദികര്‍ക്കൊപ്പം ഫാ. വി.എ. മാത്യൂസും കറുത്തകുപ്പായമണിഞ്ഞാണ് പള്ളിയിലേയ്ക്കു വന്നത്.

വിലാപയാത്രയെ പള്ളിയുടെ പിന്നിലെ മുറ്റത്ത് വിമത യാക്കോബായ കക്ഷിക്കാരായ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞുവെങ്കിലും ബലം പ്രയോഗിച്ചുതന്നെ മൃതദേഹം പള്ളിയുടെ മൂന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ വിമത യാക്കോബായ കക്ഷിക്കാര്‍ അതിനോടകം പള്ളിക്കകത്തുകയറി ആനവാതിലടക്കമുള്ള മുഴുവന്‍ വാതിലുകളും അടച്ചു. തുടര്‍ന്നാണ് പള്ളിയുടെ ആനവാതില്‍ക്കലില്‍ തന്നെ മുറ്റത്ത് ഡസ്‌കിട്ട് ശവമഞ്ചം വച്ചത്.

ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസ്‌കാര ശുശ്രൂഷ നടത്താന്‍ രേഖാമൂലം അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് പള്ളികയ്യടക്കിയ വിമത യാക്കോബായ കക്ഷിക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഫാ. വി.എ. മാത്യൂസ് അപേക്ഷ നല്‍കിയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്.

ഓര്‍ത്തഡോക്‌സ് പക്ഷക്കാരനായ ഫാ. വി.എ. മാത്യൂസ് കറുത്ത കുപ്പായമണിഞ്ഞ് സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്താല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതൊരു കീഴ്‌വഴക്കമായി ഭാവിയില്‍ ചിത്രീകരിച്ചേക്കാമെന്ന ആശങ്കയുയര്‍ത്തിയാണ് യാക്കോബായ വിഭാഗം അതിനെ എതിര്‍ത്തത്.

ധാരണയായതിനെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെയായിരുന്നു സംസ്‌കാരം. വികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടില്‍ , മറ്റ് വൈദികരായ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് എന്നിവരും ഫാ. വി.എ. മാത്യൂസും ശുശ്രൂഷകളില്‍ പങ്കെടുത്തു. വന്‍ പോലീസ് സംഘത്തിന്റെ സംരക്ഷണയിലായിരുന്നു സംസ്‌കാരം.