20120213
ശവസംസ്‌കാരത്തെ വിമത യാക്കോബായ കക്ഷിക്കാര്‍ തടഞ്ഞു; മൃതദേഹം അഞ്ച് മണിക്കൂര്‍ പള്ളിമുറ്റത്ത് വച്ചു
പിറവം: വിമത യാക്കോബായ കക്ഷിക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നു് പിറവം വലിയ പള്ളിയില്‍ ഇടവകാംഗമായ പിറവം പാഴൂര്‍ വാതക്കാട്ടില്‍ വി.എം. എബ്രാഹാ (91)മിന്റെ മൃതദേഹം അടക്കം ചെയ്യാനാകാതെ അഞ്ച് മണിക്കൂര്‍ പള്ളിമുറ്റത്തുവച്ചു.
രാത്രി വൈകി ആര്‍.ഡി.ഒ ആര്‍. മണിയമ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് രാത്രി ഒമ്പതിനാണ് മൃതദേഹം സംസ്‌കാരശുശ്രൂഷകള്‍ക്കായി പള്ളിയ്ക്കകത്തേയ്ക്ക് എടുത്തത്. മരിച്ച എബ്രാഹാമിന്റെ മകനും, ഓര്‍ത്തഡോക്‌സ് സഭയുടെ മണകുന്നം മാര്‍ ഔഗേന്‍ പള്ളി വികാരിയുമായ ഫാ. വി.എ. മാത്യൂസ് 'കറുത്ത കുപ്പായം' ധരിച്ച് ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയെന്നു് പറഞ്ഞാണ് വിമത യാക്കോബായ കക്ഷിക്കാര്‍ അക്രമത്തിനു് മുതിര്‍ന്നതു്. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പള്ളി മുറ്റത്തേയ്ക്ക് കയറ്റുമ്പോള്‍ തന്നെ വിമത യാക്കോബായ കക്ഷിക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ മണിക്കൂറുകള്‍ നീണ്ടു. മൂവാറ്റുപുഴ ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു.
ഫെ 10 വെള്ളിയാഴ്ച രാത്രിയാണ് പാഴൂര്‍ വാതക്കാട്ടില്‍ എബ്രാഹം മരിച്ചത്. 12 ഞായറാഴ്ച വൈകീട്ടാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. വലിയപള്ളി വികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടിലും സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പയും ചേര്‍ന്നാണ് വീട്ടിലെ ശുശ്രൂഷകള്‍ നടത്തിയത്. തുടര്‍ന്ന് നാല് മണിയോടെ മൃതദേഹം വലിയ പള്ളിയിലേക്ക് കൊണ്ടുവന്നു. മറ്റ് വൈദികര്‍ക്കൊപ്പം ഫാ. വി.എ. മാത്യൂസും കറുത്തകുപ്പായമണിഞ്ഞാണ് പള്ളിയിലേയ്ക്കു വന്നത്.
വിലാപയാത്രയെ പള്ളിയുടെ പിന്നിലെ മുറ്റത്ത് വിമത യാക്കോബായ കക്ഷിക്കാരായ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞുവെങ്കിലും ബലം പ്രയോഗിച്ചുതന്നെ മൃതദേഹം പള്ളിയുടെ മൂന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ വിമത യാക്കോബായ കക്ഷിക്കാര്‍ അതിനോടകം പള്ളിക്കകത്തുകയറി ആനവാതിലടക്കമുള്ള മുഴുവന്‍ വാതിലുകളും അടച്ചു. തുടര്‍ന്നാണ് പള്ളിയുടെ ആനവാതില്‍ക്കലില്‍ തന്നെ മുറ്റത്ത് ഡസ്‌കിട്ട് ശവമഞ്ചം വച്ചത്.
ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസ്‌കാര ശുശ്രൂഷ നടത്താന്‍ രേഖാമൂലം അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് പള്ളികയ്യടക്കിയ വിമത യാക്കോബായ കക്ഷിക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഫാ. വി.എ. മാത്യൂസ് അപേക്ഷ നല്‍കിയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്.
ഓര്‍ത്തഡോക്‌സ് പക്ഷക്കാരനായ ഫാ. വി.എ. മാത്യൂസ് കറുത്ത കുപ്പായമണിഞ്ഞ് സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്താല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതൊരു കീഴ്‌വഴക്കമായി ഭാവിയില്‍ ചിത്രീകരിച്ചേക്കാമെന്ന ആശങ്കയുയര്‍ത്തിയാണ് യാക്കോബായ വിഭാഗം അതിനെ എതിര്‍ത്തത്.
ധാരണയായതിനെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെയായിരുന്നു സംസ്‌കാരം. വികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടില്‍ , മറ്റ് വൈദികരായ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് എന്നിവരും ഫാ. വി.എ. മാത്യൂസും ശുശ്രൂഷകളില്‍ പങ്കെടുത്തു. വന്‍ പോലീസ് സംഘത്തിന്റെ സംരക്ഷണയിലായിരുന്നു സംസ്‌കാരം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.