20120218
നാലുന്നാക്കല്‍ കൂറിലോസ് വിവാദം: പാത്രിയാര്‍ക്കീസ് ഇടപെടുന്നു
പുത്തന്‍കുരിശ്: ക്രിസ്തുവിനൊപ്പം ചെഗുവേരയുടെയും ചിത്രം തന്റെ പൂജാമുറിയിലുണ്ടെന്ന നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവനയെത്തുടര്‍ന്ന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷിയില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ദമസ്കോസ് പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ ഇടപെടുന്നു. നാലുന്നാക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെയും മലേക്കുരിശ് ദയറാ അധിപന്‍ പൊന്നാങ്കുഴി കുര്യാക്കോസ് മാര്‍ ദിയസ് കോറസിനെയും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസിനെയും ദമസ്കസിലേക്ക് വിളിച്ചിരിയ്ക്കുകയാണു്.മൂവരും അടുത്ത ദിവസം യാത്ര തിരിക്കും. സഭാ മാനേജിങ് കമ്മിറ്റി വിളിച്ചും സുന്നഹദോസ് ചേര്‍ന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ശക്തമായതോടുകൂടിയാണ് ദമസ്കോസ് ബാവയുടെ ഇടപെടല്‍.
സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി നടത്തിയ ഫോട്ടോ പ്രദര്‍ശനത്തില്‍ ക്രിസ്തുവിന്‍െറ ചിത്രം ഉള്‍പ്പെടുത്തിയത് ന്യായീകരിച്ച് കൂറിലോസ് നടത്തിയ പ്രസ്താവനയാണ് തര്‍ക്കമായത്.ഇത് അല്‍മായര്‍ക്കിടയിലും മെത്രാപ്പൊലീത്തമാര്‍ക്കിയിലും അമര്‍ഷമുണ്ടാക്കി. കൂറിലോസ് അനാവശ്യ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സിംഹാസന പള്ളിയുടെ ചുമതലയുള്ള മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസും മലേക്കുരിശ് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്തയും പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. സഭാ വര്‍ക്കിങ് കമ്മിറ്റി കൂടി പ്രശ്നം അന്വേഷിക്കാന്‍ തീരുമാനിച്ചു. പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. മാര്‍ കൂറിലോസിന്റെ പ്രസ്താവന സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ തള്ളിപ്പറയുന്നതിന് തുല്യമെന്നും അത്രത്തോളം ഗൗരവം കാണേണ്ടതില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
കൂറിലോസ് നിലപാടില്‍ ഉറച്ചുനിന്നത് കാര്യങ്ങള്‍ വഷളാക്കി. തുടര്‍ന്ന് മെത്രാപ്പോലീത്ത സംഭവത്തില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ക്ഷമാപണം നടത്തിയെന്നും തോമസ് പ്രഥമന്‍ യോഗത്തെ അറിയിച്ചു. പരാതി ഒരു മെത്രാനു് എതിരെയായതിനാല്‍ സുന്നഹദോസ് കൂടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, തോമസ് പ്രഥമന്‍ ആവശ്യം അംഗീകരിച്ചില്ല. പകരം മെത്രാന്‍ കമ്മിറ്റി കൂടിയാല്‍ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍, വിഷയം സിനഡില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യമുയര്‍ന്നു. ഒരു വിഭാഗം സുന്നഹദോസ് എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.
ഇത്തരം നിലപാടുകള്‍ക്കെതിരെ കൂറിലോസിനെ മുമ്പ് സിനഡ് താക്കീത് ചെയ്തിട്ടും തെറ്റ് ആവര്‍ത്തിക്കുകയാണെന്നും ആരോപണമുയര്‍ന്നു. മാപ്പുപറച്ചില്‍ ഗുരുതര വീഴ്ചക്ക് പകരമാകില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. കൂറിലോസിന്‍െറ രാഷ്ട്രീയ ഇടപെടല്‍ പരിധിവിടുന്നെന്നും ഇത് നിയന്ത്രിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദമസ്കോസ് പാത്രിയാര്‍ക്കീസ് ബാവക്കും ബസേലിയസ് തോമസ് പ്രഥമനും പരാതി നല്‍കി. കൂറിലോസിനോടു് അനുഭാവപൂര്‍ണമായ സമീപനമാണ് ബസേലിയസ് തോമസ് പ്രഥമന്‍ സ്വീകരിച്ചത്. വിഷയത്തില്‍ അനുരഞ്ജന സമീപനം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടു്. കൂറിലോസിനെതിരെ പരസ്യമായി രംഗത്തെത്തിയ ദിയസ്കോറസിനോടും അത്തനാസിയോസിനോടും വിശദീകരണം ആവശ്യപ്പെടാന്‍ സഭാ നേതൃത്വം തീരുമാനിച്ചതായി വാര്‍ത്തകളുമുണ്ടായി.
അതിന്റെ പിന്നാലെ മലേക്കുരിശ് ദയറാ അധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ് കോറസ് തുടങ്ങി ഒരു വിഭാഗം മെത്രാന്മാരും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഭദ്രാസന വൈദിക സെക്രട്ടറി സ്ലീബാ പോള്‍ വട്ടവേലില്‍ അടക്കമുള്ളവരും അല്‍മായ ഫോറം പ്രസിഡന്റ് മനോജ് കോക്കാട്ട്, സഭാ മുഖ്യ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവരും മാര്‍ കൂറിലോസിനെതിരെ പ്രാര്‍ഥനാ യജ്ഞവുമായി രംഗത്തെത്തി. വിഷയം സുന്നഹദോസ് വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ഫെ 16വ്യാഴാഴ്ച മലേക്കുരിശ് ദയറായില്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത പ്രാര്‍ഥനാ യജ്ഞം ആരംഭിച്ചു. ഇതോടെയാണ് പാത്രിയാര്‍ക്കീസ് ബാവ ഇടപെട്ടത്. മെത്രാന്മാരെ ദമസ്കോസിലേയ്ക്കു് പാത്രിയാര്‍ക്കീസ് വിളിച്ചു. ഇതോടെ പ്രാര്‍ഥനാ യജ്ഞം അവസാനിപ്പിച്ചു.
വിവാദ പ്രസ്താവന നടത്തിയ നാലുന്നാക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷിയുടെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരാതിക്കാരന്‍ ദിയസ്കോറസ് എന്നിവരോട് ദമസ്കസിലത്തെത്തി വിശദീകരണം നല്‍കാനാണ് പാത്രിയാര്‍ക്കീസ് ബാവ ആവശ്യപ്പെട്ടത്. ഞായറാഴ്ചയോടെ മെത്രാപ്പോലീത്തമാര്‍ ദമസ്കസിലേക്ക് പോകുമെന്നാണ് വിവരം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.