20120224

ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്താന്‍ സമിതി



കോട്ടയം, ഫെ.24: സഹോദരീസഭകളായ മറ്റു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പൗരസ്ത്യ (മലങ്കര) ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗസഭകള്‍ തമ്മിലുള്ള പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് സംയുക്ത സമിതി രൂപവത്കരിക്കാനുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ മോര്‍ അബ്ബാ പൌലോസ് ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നിര്‍ദ്ദേശം ദേവലോകത്ത് നടക്കുന്ന സുന്നഹദോസ് അംഗീകരിച്ചു.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സംയുക്ത സമിതിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധാനം ചെയ്യാന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഫാ.ഏബ്രഹാം തോമസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് സുന്നഹദോസ് രൂപംനല്‍കി. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, ആര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ (എച്ച്മിയാഡ്സിന്‍ സിഹാസനം), ആര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ (കിലിക്യാ സിഹാസനം), പൗരസ്ത്യ (മലങ്കര) ഓര്‍ത്തഡോക്സ് സുറിയാനി സഭ , എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നിവയാണ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭസഭകള്‍.

സുന്നഹദോസ് യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.