20100224

അര്‍മ്മീനിയന്‍ ബാവയെ സ്വീകരിക്കാന്‍ കോലഞ്ചേരി ഒരുങ്ങുന്നു

.

മലങ്കര സഭ സന്ദര്‍ശിക്കാനെത്തുന്ന അര്‍മ്മീനിയന്‍ കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമന്‍ ബാവയെ സംസ്ഥാന സര്‍‍ക്കാര്‍ അതിഥിയായി പ്രഖ്യാപിച്ചു

കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സന്ദര്‍ശിക്കാനെത്തുന്ന അര്‍മ്മീനിയന്‍ കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമനെ സ്വീകരിക്കുന്നതിന് കോലഞ്ചേരിയില്‍ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

27ന് വൈകീട്ട് 4.30ന് മൂവാറ്റുപുഴ അരമനയില്‍ നിന്ന് അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജിലേക്ക് ബാവയെ ആനയിക്കും. സെക്രട്ടറി ജോയ് പി. ജേക്കബ്, ഡോ. സോജന്‍ ഐപ്പ്, ഡോ. സി.കെ. ഈപ്പന്‍, ചാപ്ലെയിന്‍ ഫാ. ജോണ്‍ കുര്യാക്കോസ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കും. ചാപ്പലില്‍ പ്രാര്‍ഥനയ്ക്കു ശേഷം ആസ്പത്രിയിലെ പുതുതായി നിര്‍മിച്ച വാര്‍ഡ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് സഭയുടെ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, അങ്കമാലി, കൊച്ചി ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. കേരളീയ പരിവേഷത്തോടെ ഗജവീരന്മാരുടെ അകമ്പടിയോടെ സ്വീകരിച്ചുകൊണ്ടുവരുന്ന അര്‍മ്മീനിയന്‍ ബാവയെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അര്‍മ്മീനിയന്‍ ബാവയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' നല്‍കി ആദരിക്കും. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

പത്രസമ്മേളനത്തില്‍ ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, തോമസ് പോള്‍ റമ്പാന്‍, ഫാ. സി.എം. കുര്യാക്കോസ്, ഫാ. ജേക്കബ് കുര്യന്‍, ഫാ. മാത്യു മര്‍ക്കോസ്, ഫാ. ജോണ്‍ കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു.

മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.