.
മലങ്കര അസ്സോസ്സിയേഷന്‍ യോഗം ആദിമ സഭയുടെ ശക്തിയായിരുന്നു. ജനമെല്ലാം ഒന്നിച്ചുകൂടി ഏകമനസ്സോടെ സഭാകാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. പ്രാദേശിക സഭകള്‍ ഭരണശ്രേണിയിലെ ഘടകങ്ങളാകുകയും എപ്പിസ്കോപ്പസി ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതോടെ ആഗോളസഭയില്‍ പള്ളി യോഗങ്ങള്‍ അപ്രസക്തങ്ങളായി. എന്നാല്‍ മദ്ധ്യ പൌരസ്ത്യ ദേശവും യൂറോപ്പും കേന്ദ്രമാക്കി വളര്‍ന്ന ക്രൈസ്തവ സഭാ ഭരണരീതി പാശ്ചാത്യരുമായി നേരിട്ടു ബന്ധപ്പെടാതിരുന്ന കേരളാ ക്രൈസ്തവര്‍ക്ക് പരിചിതമായിരുന്നു. ആദിമസഭയുടെ തനിമയില്‍ ഇടവക പള്ളികളും, മലങ്കര സഭ മുഴുവനും പള്ളിയോഗങ്ങളാലും മലങ്കര പള്ളിയോഗത്താലും ഭരിക്കപ്പെട്ടു. ജാതിക്കു തലവനായ പോതുമാടന്‍ ചെമ്മായി (അര്‍ക്കദിയാക്കോന്‍ - Archdeacon of the Church) ആയിരുന്നു മലങ്കര പള്ളിയോഗത്തിന്റെ തലവന്‍. സുന്നഹദോസ് എന്ന പേരിലാണ് 16 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലെ മലങ്കര പള്ളിയോഗങ്ങള്‍ അറിയപ്പെട്ടിരുന്നത്. പട്ടക്കാരും ജനങ്ങളും ഉള്‍പ്പെട്ടതായിരുന്നു മലങ്കര പള്ളിയോഗം. മലങ്കര പള്ളിയോഗത്തിന്റെ പ്രാമണ്യത്തിന്റെ ഏറ്റവും വലിയ തെളിവ് ഉദയംപേരൂര്‍ സുന്നഹദോസ് തന്നെയാണ്. മലങ്കര നസ്രാണികളെ റോമാ പാപ്പയുടെ കീഴിലാക്കാന്‍ ശക്തനായ ആര്‍ച്ച് ബിഷപ്പ് മെനസിസിന് റോമന്‍ സഭയുടെ കാനോനുകള്‍ക്ക് വിരുദ്ധമായി 1599-ല്‍ ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടി. കാരണം മലങ്കര പള്ളിയോഗത്തിന്റെ സമ്മതം കൂടാതെ യാതൊരു തീരുമാനവും ഈ സഭയ്ക്ക് ബാധകമല്ലായിരുന്നു.
ഉദയംപേരൂര്‍ സുന്നഹദോസിന് ശേഷം മലങ്കര പള്ളിയോഗത്തെ ഇല്ലാതാക്കുവാന്‍ റോമന്‍ അധികാരികള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല. ജാതിക്കു തലവനായ പകലോമറ്റം തോമ്മാ അര്‍ക്കദിയാക്കോന്റെ സ്വാതന്ത്ര്യ സമരത്തിനു പിന്നിലെ ശക്തി ഒറ്റക്കെട്ടായി നിന്ന മലങ്കര പള്ളിയോഗമായിരുന്നു. 1599-നും 1653-നും ഇടയില്‍ മലങ്കര പള്ളി യോഗം സമ്മേളിച്ചപ്പോഴൊക്കെ ഈ ഐക്യദാര്‍ഡ്യം പ്രകടമായിരുന്നു. കീഴ് വഴക്കങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള മലങ്കര പള്ളിയോഗത്തിന് നിയതമായ ഒരു നിയമാവലി ഉണ്ടാക്കിയെടുക്കുവാനുള്ള ശ്രമം 19-ം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ആരംഭിച്ചുവെങ്കിലും 1876-ലെ മുളന്തുരുത്തി സുന്നഹദോസിലാണ് ആ ശ്രമം വിജയിച്ചത്. 1934-ല്‍ മലങ്കര സഭ ഭരണഘടന പാസ്സാക്കിയതോടുകൂടി മലങ്കര പള്ളിയോഗത്തിനു വ്യക്തമായ ഒരു നിയമാവലി ഉണ്ടായി. പക്ഷേ ഈ പ്രക്രീയകള്‍ക്കിടയില്‍ അതിന്റെ അധികാരങ്ങളില്‍ നല്ല പങ്കും ചോര്‍ന്നുപോയി. എന്നാല്‍ ഇന്നും മലങ്കര സഭയുടെ അത്യുന്നത നിയമനിര്‍മ്മാണ കേന്ദ്രം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ എന്ന മലങ്കര പള്ളിയോഗം തന്നെയാണ്. 1653 മുതല്‍ 2006 വരെ നടന്ന സുപ്രധാന മലങ്കര പള്ളിയോഗങ്ങളുടെ ഒരു ലഘുവിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്. 1876-ന് മുമ്പുള്ള പല യോഗങ്ങളും വിട്ടുപോയിരിക്കുവാന്‍ സാധ്യതയുണ്ട്. (സ്ഥലം, അദ്ധ്യക്ഷന്‍, തീയതി, തീരുമാനം എന്ന ക്രമത്തില്‍)
1. മട്ടാഞ്ചേരി - 1653 ജനുവരി 3 - പകലോമറ്റം തോമ്മാ അര്‍ക്കദിയാക്കോന്‍ - റോമന്‍ കത്തോലിക്കാ സഭയുമായി ബന്ധം വിച്ഛേദിച്ച് കൂനന്‍ കുരിശ് സത്യം ചെയ്തു.
2. ഇടപ്പള്ളി - 1653 ഫെബ്രുവരി 5 - പകലോമറ്റം തോമ്മാ അര്‍ക്കദിയാക്കോന്‍ - ജാതിക്കു കര്‍ത്തവ്യന്‍ തോമ്മാ അര്‍ക്കദിയാക്കോനെ വേദത്തലവനായി തെരഞ്ഞെടുത്തു.
3. ആലങ്ങോട്ട് - 1653 മെയ് 2 - പകലോമറ്റം തോമ്മാ അര്‍ക്കദിയാക്കോന്‍ - തോമ്മാ അര്‍ക്കദിയാക്കോനെ, മാര്‍ത്തോമ്മാ ഒന്നാമന്‍ എന്ന പേരില്‍ എപ്പിസ്ക്കോപ്പയായി വാഴിച്ചു. നാലു പട്ടക്കാരെ അദ്ദേഹത്തിന്റെ ആലോചനക്കാരായി നിയമിച്ചു. മൂന്നു വര്‍ഷം കൂടുമ്പോള്‍ യോഗം കൂടി ആലോചനക്കാരയി നിയമിച്ചു.
4. ചെങ്ങന്നൂര്‍ - 1686 പാശ്ചാത്യ സുറിയാനി മെത്രാന്‍ മാര്‍ ഈവാനിയോസ് ഹിദായത്തുള്ള അടിസ്ഥാന അലക്സന്ത്ര്യന്‍ വേദശാസ്ത്ര പ്രമാണങ്ങളില്‍ അഞ്ചെണ്ണം - സഭ,സ്വര്‍ഗ്ഗം,പ.റൂഹാ, നോമ്പ്, വി.കുര്‍ബ്ബാന - മലങ്കര സഭ അംഗീകരിച്ചു. ബാക്കി കാര്യങ്ങളില്‍ കീഴ് നടപ്പ് തുടരുവാനും നിശ്ചയിച്ചു.
5. കണ്ടനാട് - 1774 ജൂണ്‍ (949 മിഥുനം) - വലിയ മാര്‍ ദിവാന്നാസിയോസ് - തിരുവിതാംകൂര്‍ (ആറാം മാര്‍ത്തോമ്മാ) - അനധികൃതമായി മെത്രാന്‍ പട്ടമേറ്റ് കൊച്ചി രാജ്യത്ത് അധികാരം നടത്തിയ കാട്ടുമങ്ങാട്ട് മാര്‍ കൂറിലോസിനെ വടിയും മുടിയും വയ്പ്പിച്ച് സ്ഥാനഭ്രഷ്ടനാക്കി.
6. നിരണം - 1780 നവംബര്‍ (956 തുലാം 21) - വലിയ മാര്‍ ദിവന്നാസിയോസ് - സര്‍ക്കാരില്‍ അടിയറ തീര്‍ക്കാന്‍ 40,000 പണം പള്ളിക്കാര്‍ക്ക് വാരിയിട്ടു. പസാരം നൂറു പണത്തിന് നാലും ആറും ഒരു രാശി (ഈ അനുപാതം വരനും വധുവിനുമാകണം) ആയി നിശ്ചയിച്ചു.
7. മാവേലിക്കര - 1789 (കൊല്ലവര്‍ഷം 964) - വലിയ മാര്‍ ദിവന്നാസിയോസ് - വി. യാക്കോബിന്റെ കുര്‍ബ്ബാന തക്സാ ഉള്‍പ്പടെ പാശ്ചാത്യ സുറിയാനി ക്രമങ്ങള്‍ മലങ്കര സഭ സ്വീകരിച്ചു. വിവാഹവും മാമോദീസായും കീഴ് വഴക്കമനുസരിച്ച് തുടരാനനുവദിച്ചു.
8. നിരണം - 1807 ഡിസംബര്‍ (983 ധനു 5) - വലിയ മാര്‍ ദിവന്നാസിയോസ് - അന്ത്യോഖ്യന്‍ മെത്രാന്‍ മാര്‍ ദിയസ്കോറസിന്റെ ഭരണാവകാശവാദം നിരാകരിച്ചു.
9. കണ്ടനാട് - 1809 ആഗസ്റ്റ് 13 (985 ചിങ്ങം 1) - മാര്‍ത്തോമ്മാ എട്ടാമന്‍ - സുപ്രധാനമായ ഈ യോഗത്തില്‍ വച്ച് മാര്‍ത്തോമ്മാ എട്ടാമനെ മോതിരമിടുവിച്ച് മലങ്കര മെത്രാനായി അംഗീകരിച്ചു. കായംകുളം ഫീലിപ്പോസ് കത്താനാരെയും, പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്താനാരെയും റമ്പാന്മാരാക്കി അവരെയും മെത്രാന്റെ കാര്യവിചാരകരായി നിയമിച്ചു. കണ്ടനാട് പടിയോല എന്ന പ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെ മലങ്കര സഭയുടെ ആത്മീയവും ലൌകികവുമായ വിവിധ വിഷയങ്ങളെപ്പറ്റി പതിനൊന്ന് ഭാഗങ്ങളുള്ള നിയമാവലി പാസ്സാക്കി. മറ്റു ക്രമങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച് മലങ്കര സഭ പാശ്ചാത്യ സുറിയാനി ക്രമങ്ങളെ സ്വീകരിച്ച് ആരാധനാക്രമങ്ങള്‍ ഏകീകരിക്കുന്നതിനും അതിനായി രണ്ട് പഠിത്തവീടുകള്‍ സ്ഥാപിക്കുന്നതുമാണ് ഇതില്‍ മുഖ്യം.
10. കോട്ടയം - 1816 ജനുവരി (991 മകരം) - കിടങ്ങന്‍ മാര്‍ പീലക്സിനോസ് - പകലോമറ്റം പാരമ്പര്യ വാഴ്ച അവസാനിപ്പിക്കുകയും പകരം പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനെ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.
11. കോട്ടയം ചെറിയപള്ളി - 1817 ജനുവരി (992 മകരം 10) - കിടങ്ങന്‍ മാര്‍ പീലക്സിനോസ് - പുന്നത്ര കുര്യന്‍ കത്തനാരെ വികാരി ജനറലായി നിയമിച്ചു.
12. മാവേലിക്കര -1818 ഡിസംബര്‍ 3 - പുന്നത്ര മാര്‍ ദിവന്നാസിയോസ് - ഇംഗ്ലീഷ് മിഷണറിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ മലങ്കര സഭയുടെ ആചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോ എന്ന് പഠിക്കുവാന്‍ ഒരു കമ്മറ്റിയെ നിയമിച്ചു.
13. കോട്ടയം ചെറിയപള്ളി - 1825 ജൂണ്‍ 27 (1000 മിഥുനം 15) - കിടങ്ങന്‍ മാര്‍ പീലക്സിനോസ് - ചേപ്പാട് ആഞ്ഞിലിമൂട്ടില്‍ ഫിലിപ്പോസ് മല്പാനെ മെത്രാപ്പോലീത്തയായി തെരഞ്ഞെടുത്തു.
14. കോട്ടയം ചെറിയപള്ളി - 1825 ഡിസംബര്‍ (1101 ധനു 13 -16) - ചേപ്പാട് മാര്‍ ദിവന്നാസിയോസ് - അന്ത്യോഖ്യായില്‍നിന്നും വന്ന് മലങ്കര മെത്രാന്‍ സ്ഥാനം അവകാശപ്പെട്ട മാര്‍ അത്താനാസിയോസ് എന്ന മെത്രാനെ മാര്‍ പീലക്സിനോസിന്റെയും മാര്‍ ദിവന്നാസിയോസ് നാലാമന്റെയും സഹായിയായി മാത്രം അംഗീകരിച്ചു.
15. മാവേലിക്കര - 1836 ജനുവരി 16 (1011 മകരം 5) - ചേപ്പാട് മാര്‍ ദിവന്നാസിയോസ് - പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ നവീകരണ നിര്‍ദ്ദേശങ്ങള്‍ പാടെ തിരസ്കരിച്ച് മാവേലിക്കര പടിയോല എഴുതി. 16. കണ്ടനാട് - 1843 ആഗസ്റ്റ്
16. ചേപ്പാട് - (1019 ചിങ്ങം 3) - ചേപ്പാട് മാര്‍ ദിവന്നാസിയോസ് - പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസിയോസിന്റെ സ്താത്തിക്കോന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചു.
17. കോട്ടയം പഴയ സെമിനാരി -1853 ഫെബ്രുവരി 14 (1028 കുംഭം 2) - പാലക്കുന്നത്ത് മാത്യൂസ് അത്താനാസിയോസ് - ഇടവഴിക്കല്‍ ഫിലിപ്പോസ് കത്തനാര്‍ മുതല്‍ പേര്‍ മുന്‍ കയ്യെടുത്തു നടത്തിയ മലങ്കര സഭയുടെ വിശ്വാസ, ആചാര, ഭരണസംബന്ധമായി 101 ഭാഗങ്ങളുള്ള ഒരു ചട്ട വര്യോല പാസ്സാക്കി. മലങ്കര സഭയുടെ ആദ്യ സമ്പൂര്‍ണ്ണ ലിഖിത ഭരണഘടനയാണ് ഇത്.
18. കോട്ടയം പഴയ സെമിനാരി - 1869 ഒക്ടോബര്‍ 21 (തുലാം 9) പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് - വട്ടിപ്പണ പലിശ വാങ്ങുന്നതിന് കൂട്ടു ട്രസ്റ്റികളായി താഴത്ത് ചാക്കോ ചാണ്ടപിള്ള കത്തനാരെയും കുളങ്ങര ഇട്ടിച്ചന്‍ പൈലിയേയും തെരഞ്ഞെടുത്തു.
19. കോട്ടയം പഴയ സെമിനാരി - 1870 ഫെബ്രുവരി 7 (മകരം 26) പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസിയോസ് - വട്ടിപ്പണം ചെലവാക്കുന്നതിനും സെമിനാരി പഠനം സുഗമമായി നടത്തുന്നതിനുമായ് ഒരു കമ്മറ്റി ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. പത്തു ഭാഗങ്ങളുള്ള ഒരു പടിയോലയും പാസ്സാക്കി.
20. പരുമല സെമിനാരി - 1873 സെപ്റ്റംബര്‍ 8 - യുയാക്കീം മാര്‍ കൂറീലോസ് / പുലിക്കോട്ടില്‍ മാര്‍ ദീവാന്നാസിയോസ് അഞ്ചാമന്‍ - മലങ്കര അസോസിയേഷനും മാനേജിംഗ് കമ്മറ്റിക്കും രൂപം കൊടുത്തു. വിശദമായ ഒരു നിയമാവലി പാസ്സാക്കി,
21. മുളന്തുരുത്തി പള്ളി - 1876 ജൂണ്‍ 23 - 24,25 - പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് - സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മാനേജിംഗ് കമ്മറ്റിയും രൂപീകരിച്ചു. മാനേജിംഗ് കമ്മറ്റിയിലേക്ക് 24 പേരെ തെരഞ്ഞെടുത്തു.
22. വെളിയനാട് പള്ളി - 1877 ജനുവരി 27-30 - പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് - മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര പള്ളിയോഗത്തിന്റെ അവകാശം പ. പാത്രിയര്‍കീസ് ബാവ അംഗീകരിക്കാതിരുന്നതിനാല്‍ പ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ചു.
23. പരുമല സെമിനാരി - 1878 ഫെബ്രുവരി 18 - പുലിക്കോട്ടില്‍ മാര്‍ ദീവാന്നാസിയോസ് അഞ്ചാമന്‍ - പുതിയ കമ്മറ്റിക്കാരെ നിശ്ചയിച്ചു. നവീകരണക്കാരുമായുള്ള കേസും അതിനായുള്ള പണപ്പിരിവും ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തീരുമാനിച്ചു.
24. പുതുപ്പള്ളി പള്ളി - 1879 ഏപ്രില്‍ 26 - മാര്‍ ദീവാന്നാസിയോസ് അഞ്ചാമന്‍ - കേസ് മൂലമുണ്ടായ കടം വീട്ടാന്‍ നടപടി. പള്ളികളെ നാല് ക്ലാസ്സായി തിരിച്ചു. പിരിവു തുക നിശ്ചയിച്ചു.
25. കോട്ടയം പഴയ സെമിനാരി - 1886 സെപ്റ്റംബര്‍ 11-13 - മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - ഇടവക പള്ളികളുടെ വരുമാനത്തിന്റെ അഞ്ചു ശതമാനം എല്ലാ വര്‍ഷവും പൊതുവകയ്ക്ക് നല്‍കണം. കൂട്ട് ട്രെസ്റ്റിമാരായി കോനാട്ട് യോഹന്നാന്‍ മല്പാനെയും കുന്നുംപുറത്ത് കോര ഉലഹന്നാനെയും തെരഞ്ഞെടുത്തു.
26. കോട്ടയം പഴയ സെമിനാരി - 1892 മാര്‍ച്ച് 31- മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - മാനേജിംഗ് കമ്മറ്റിയിലേക്ക് പുതിയതായി 24 പേരെ തെരഞ്ഞെടുത്തു. കമ്മറ്റിയുടെ നടപടി ക്രമങ്ങള്‍ക്ക് രൂപം കൊടുത്തു.
27. കോട്ടയം പഴയ സെമിനാരി -1895 നവംബര്‍ 21 - 31 - മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - വൈദിക ട്രെസ്റ്റിയായ കോനാട്ട് കോര യോഹന്നാന്‍ മല്പാന്റെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്ക് കോനാട്ട് മാത്തന്‍ മല്പാനെ തെരഞ്ഞെടുത്തു.
28. കോട്ടയം പഴയ സെമിനാരി- 1901 ഏപ്രില്‍ 24,25 - മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - കുന്നുംപുറത്തു കോര ഉലഹന്നാന്‍ മരിച്ച ഒഴിവില്‍ കുന്നുംപുറത്ത് കോര കുര്യനെ (സി.ജെ.കുര്യന്‍) അത്മായ ട്രെസ്റ്റിയായും മാനേജിംഗ് കമ്മറ്റിയും തെരഞ്ഞെടുത്തു. മാര്‍ ദീവാന്നാസിയോസിന്റെ പൌരോഹിത്യ രെജത ജൂബിലി ആഘോഷിക്കണം എന്ന് തീരുമാനിച്ചു.
29. കോട്ടയം പഴയ സെമിനാരി - 1908 ഫെബ്രുവരി 27 - മാര്‍ ദീവന്നാസിയോസ് അഞ്ചാമന്‍ - മലങ്കര മല്പാന്‍ വട്ടശേരില്‍ ഗീവര്‍ഗീസ് റെമ്പാനെയും, കൊച്ചുപറമ്പില്‍ പൌലോസ് റെമ്പാനെയും മേല്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഇവരില്‍ വട്ടശേരില്‍ റെമ്പാനെ മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായും പിന്‍ഗാമിയുമായും നിശ്ചയിച്ചു. 26 അംഗ മാനേജിംഗ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.
30. കോട്ടയം പഴയ സെമിനാരി -1909 നവംബര്‍ 25-27- പ. അബ്ദുള്ള ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ലൌകീകാധികാരം ആവശ്യപ്പെട്ടത് യോഗം നിരസിച്ചതിനാല്‍ തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു.
31. കോട്ടയം എം.ഡി. സെമിനാരി - 1911 സെപ്റ്റംബര്‍ 7 - വട്ടശേരില്‍ മാര്‍ ദീവാന്നാസിയോസ് ആറാമന്‍ - ബാവാ കക്ഷിയില്‍ ചേര്‍ന്ന കോനാട്ട് കോര മാത്തന്‍ മല്പാന്‍, സി.ജെ. കുര്യന്‍ എന്നിവരെ മാറ്റി പകരം പാലപ്പള്ളില്‍ മാണി പൌലോസ് കത്തനാരെയും ചിറക്കടവില്‍ കോര കൊച്ചുകൊരുളയെയുംകൂട്ട് ട്രെസ്റ്റികളായി തെരഞ്ഞെടുത്തു.
32. കോട്ടയം പഴയ സെമിനാരി - 1930 സെപ്റ്റംബര്‍ 4 - മാര്‍ ദീവാന്നാസിയോസ് ആറാമന്‍ - ആറു പേരെ മേല്പട്ട സ്ഥാനത്തേക്കും 36 പേരെ മാനേജിംഗ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു. ഓ.എം. ചെറിയാന്‍ കണ്‍വീനറായി ഭരണഘടന കമ്മറ്റി രൂപീകരിച്ച് ഭരണസമിതിയെ നിയമിച്ചു.
33. കോട്ടയം എം.ഡി. സെമിനാരി - 1931 ജൂലൈ 10 - മാര്‍ ദീവാന്നാസിയോസ് ആറാമന്‍ - ചിറക്കടവില്‍ കോര കൊച്ചുകൊരുളയുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്ക് എറികാട് ഇ.ഐ. ജോസഫിനെ കൂട്ട് ട്രെസ്റ്റിയായി തെരഞ്ഞെടുത്തു.
34. കോട്ടയം എം.ഡി. സെമിനാരി - 1934 ഡിസംബര്‍ 24 - പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ - പൌരസ്ത്യ കാതോലിക്കാ മാര്‍ ബസേലിയോസ് ദ്വിതീയന്‍ ബാവയെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുത്തു. സഭ ഭരണഘടന പാസ്സാക്കി. 60 അംഗ മാനേജിംഗ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. പത്തംഗ വര്‍ക്കിംഗ് കമ്മറ്റി ഉണ്ടായിരിക്കണമെന്നും നിശ്ചയിച്ചു. കാതോലിക്കാ നിധി രൂപീകരിച്ചു.
35. കോട്ടയം എം.ഡി. സെമിനാരി -1951 മേയ് 17 - പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ - ഭരണഘടനാ ഭേദഗതി ചെയ്തു. രണ്ടു പേരെ മേല്പട്ട സ്ഥാനത്തേക്കും 66 പേരെ മാനേജിംഗ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു. 15 പേരെ നോമിനേറ്റു ചെയ്തു.
36. പുത്തന്‍കാവ് പള്ളി - 1958 ഡിസംബര്‍ 26 - പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ - നിര്യാതരായ കൂട്ട് ട്രെസ്റ്റികള്‍ക്ക് പകരം മണലില്‍ യാക്കോബ് കത്തനാര്‍, ഉപ്പൂട്ടില്‍ കുര്യന്‍ എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. ബാവാ കക്ഷിയിലെ മേല്പട്ടക്കാരെ അംഗീകരിച്ചു.
37. കോട്ടയം എം.ഡി. സെമിനാരി - 1959 സെപ്റ്റംബര്‍ 16 - പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്ക - മാനേജിംഗ് കമ്മറ്റിയിലേക്ക് 72 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 18 പേരെ നോമിനേറ്റു ചെയ്തു).
38. നിരണം പള്ളി - 1962 മേയ് 17 - പ.ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ - പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീതായെ തെരഞ്ഞെടുത്തു.
39. കോട്ടയം എം.ഡി. സെമിനാരി - 1965 ഡിസംബര്‍ 28 - പ. ഔഗേന്‍ കാതോലിക്കാ - മണലില്‍ യാക്കോബ് കത്തനാര്‍ രാജി വച്ച ഒഴിവില്‍ തെങ്ങുംതോട്ടത്തില്‍ ടി.എസ്. എബ്രഹാം കോര്‍ എപ്പിസ്കൊപ്പായെ വൈദിക ട്രെസ്റ്റിയായി തെരഞ്ഞെടുത്തു. മേല്പട്ട സ്ഥാനത്തേക്ക് 5 പേരെയും പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 86 പേരെയും തെരഞ്ഞെടുത്തു. (പിന്നീട് 22 പേരെയും നോമിനേറ്റു ചെയ്തു).
40. കോട്ടയം എം.ഡി. സെമിനാരി- 1970 ഡിസംബര്‍ 31 - പ.ഔഗേന്‍ കാതോലിക്കാ - പൌരസ്ത്യ കാതോലിക്കായുടെ മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 86 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 22 പേരെ നോമിനേറ്റു ചെയ്തു)
41. നിരണം പള്ളി - 1974 ഒക്ടോബര്‍ 2 - പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് - മേല്പട്ട സ്ഥാനത്തേക്ക് 5 പേരെയും മാനേജിംഗ് കമ്മറ്റിയിലേക്ക് 86 പേരെയും തെരഞ്ഞെടുത്തു. (പിന്നീട് 22 പേരെ നോമിനേറ്റു ചെയ്തു).
42. മാവേലിക്കര എം.എസ്.എസ്. ഹൈസ്കൂള്‍ - 1977 മേയ് 16 - പ. മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ - മേല്പട്ട സ്ഥാനത്തേക്ക് 5 പേരെ തെരഞ്ഞെടുത്തു.
43. കോട്ടയം എം.ഡി. സെമിനാരി-1980 മേയ് 1 - പ. മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ - പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെയും നിര്യാതനായ ഉപ്പൂട്ടില്‍ കുര്യന്‍ എബ്രഹാമിന് പകരം പടിഞ്ഞാറേക്കര പി.സി.എബ്രഹാമിനെ അത്മായ ട്രെസ്റ്റിയായും തെരഞ്ഞെടുത്തു. പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 90 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 24 പേരെ നോമിനേറ്റു ചെയ്തു)
44. തിരുവല്ല എം.ജി.എം ഹൈസ്കൂള്‍ - 1982 ഡിസംബര്‍ 28 - പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ - രാജി വച്ച ടി.എസ്. എബ്രഹാം കോര്‍ എപ്പിസ്കൊപ്പായ്ക്ക് പകരം കോനാട്ട് എബ്രഹാം മല്പാനെ വൈദിക ട്രെസ്റ്റിയായും, അഞ്ചു പേരെ മേല്പട്ട സ്ഥാനത്തേക്കും തെരഞ്ഞെടുത്തു.
45. കോട്ടയം എം.ഡി. സെമിനാരി - 1985 ഒക്ടോബര്‍ 23 - പ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവ - മാനേജിംഗ് കമ്മറ്റിയിലേക്ക് 90 പേരെ തെരഞ്ഞെടുത്തു. (പിന്നീട് 24 പേരെ നോമിനേറ്റു ചെയ്തു)
46. കോട്ടയം എം.ഡി. സെമിനാരി-1987 ഡിസംബര്‍ 29 - പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ - നിര്യാതനായ കോനാട്ട് എബ്രഹാം മല്പാന് പകരം നൂറനാല്‍ മത്തായി കത്തനാരെ വൈദിക ട്രെസ്റ്റിയായി തെരഞ്ഞെടുത്തു. മേല്പട്ട സ്ഥാനത്തേക്ക് ഒരാളെ തെരെഞ്ഞെടുക്കുവാന്‍ ശ്രെമിച്ചെങ്കിലും മതിയായ മിനിമം വോട്ട് ലെഭിക്കാതിരുന്നതിനാല്‍ ആരെയും തെരഞ്ഞെടുക്കുവാന്‍ കഴിഞ്ഞില്ല.
47. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് - 1969 ഡിസംബര്‍ 28 - പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ - മേല്പട്ട സ്ഥാനത്തേക്ക് 5 പേരെയും പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 108 പേരെയും തെരഞ്ഞെടുത്തു. (പിന്നീട് 30 പേരെ നോമിനേറ്റു ചെയ്തു).
48. പരുമല സെമിനാരി - 1992 സെപ്റ്റംബര്‍ 10 - പ. പ. മാര്‍തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ - പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തോമാസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. മേല്പട്ട സ്ഥാനത്തേക്ക് 2 പേരെയും തെരഞ്ഞെടുത്തു. (മൂന്നു പേരെ തെരെഞ്ഞെടുക്കാനാണ് ഉദ്ധെശിചിരുന്നത് ).
49 പരുമല സെമിനാരി - 1994 മേയ് 26 - പ. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ - പുതിയ മാനേജിംഗ് കമ്മറ്റിയിലേക്ക് 108 പേരെ തെരഞ്ഞെടുത്തു.(പിന്നീട് 30 പേരെ നോമിനേറ്റു ചെയ്തു).
50. പരുമല സെമിനാരി - 2002 മാര്‍ച്ച് 20 - പ. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ -സുപ്രീം കോടതി നിര്‍ദേശമനുസരിച്ചു ജസ്റ്റിസ് വി.എസ്. മളീമഠിന്റെ നിരീക്ഷണത്തില്‍ പ. ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്ഥിരീകരിച്ചു. മാനേജിംഗ് കമ്മറ്റിയിലേക്ക് 111 പേരെ തെരഞ്ഞെടുത്തു.(പിന്നീട് 30 പേരെ നോമിനേറ്റു ചെയ്തു).
51. പരുമല സെമിനാരി - 2004 ജൂണ്‍ 10 - പ. മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ - വൈദിക ട്രെസ്റ്റിയായി ഡോ. ഓ. തോമസ് കത്തനാരെയും മേല്പട്ട സ്ഥാനത്തേക്ക് ഫാ.ഡോ. കെ.ജെ.ഗെബ്രിയേല്‍, ഫാ. ഡോ. എം.സി.ചെറിയാന്‍, ഡോ. യൂഹാനോന്‍ റമ്പാന്‍, ഔഗേന്‍ റമ്പാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഏഴു പേരെ തെരെഞ്ഞെടുക്കുവാനാണ് ഉദ്ധേശിച്ചിരുന്നതെങ്കിലും മതിയായ വോട്ട് ലെഭിച്ചത് നാല് പേര്‍ക്ക് മാത്രമാണ്.
52. പരുമല സെമിനാരി - 2006 സെപ്റ്റംബര്‍ 21 - പ. ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ - പ. ബാവായുടെ "മലങ്കര മെത്രാപ്പോലീത്തന്‍ " സ്ഥാനം അംഗീകരിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി.
53. പരുമല സെമിനാരി - 2006 ഒക്ടോബര്‍ 12 - പ. ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ - പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി അഭിവന്ദ്യ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു.
54. പരുമല സെമിനാരി - 2007 മാര്‍ച്ച് 21 - പ. ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ - വൈദിക ട്രെസ്റ്റിയായി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രെസ്റ്റിയായി എം.ജി.ജോര്‍ജ്ജ് മുത്തുറ്റ് എന്നിവരെയും തെരഞ്ഞെടുത്തു. മാനേജിംഗ് കമ്മറ്റി അംഗങ്ങളായി 43 വൈദികരെയും 86 അല്മായരെയും തെരഞ്ഞെടുത്തു.
55. പാമ്പാക്കുട MTM ഹയര്‍ സെക്കണ്ടറി സ്കൂള്‍ - 2008 - സെപ്റ്റംബര്‍ 13 - - പ. ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ - മേല്പ്പട്ട സ്ഥാനത്തേക്ക് 7 പേരെ തെരഞ്ഞെടുത്തു.
ഉറവിടം ഗ്രിഗോറിയന്‍ വോയ്സ്
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.