20100224

ലോകസമാധാനത്തിനായി ക്രൈസ്തസഭകള്‍ ഒന്നിച്ചുനില്‍ക്കണം -അര്‍മേനിയന്‍ കാതോലിക്ക ബാവ



നെടുമ്പാശ്ശേരി: ക്രിസ്‌തീയ സഭകള്‍ നീതിക്കും സമാധാനത്തിനുംവേണ്‌ടി ഒന്നിച്ചു നിലകൊള്ളണമെന്ന്‌ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരിശുദ്ധ ആരാം ഒന്നാമന്‍ കാതോലിക്കബാവ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍‍ പരിശുദ്ധ ബസേലിയോസ്‌ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെ ക്ഷണപ്രകാരം കേരള സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു. സമാധാനമില്ലാതെ നീതിയും നീതിയില്ലാതെ സമാധാനവും ഉണ്‌ടാകില്ലെന്നദ്ദേഹം പറഞ്ഞു. ക്രൈസ്തവസഭകളുടെ ലക്ഷ്യം സമാധാനവും സാമൂഹ്യനീതിയുമായിരിക്കണം. ലോകത്ത് എല്ലായിടത്തും ഇത് നടപ്പാക്കുന്നുണ്ടെന്ന് സഭകള്‍ ഉറപ്പാക്കണം. സമൂഹത്തില്‍ സാഹോദര്യം, സമാധാനം, സഹവര്‍ത്തിത്വം എന്നിവ ഉറപ്പാക്കാന്‍ സഭകള്‍ക്ക് ബാധ്യതയുണ്ട്. ഏത് രാജ്യത്തായാലും ഏത് സംസ്‌കാരമായാലും സാഹോദര്യത്തിനാണ് പ്രഥമസ്ഥാനം നല്‍കേണ്ടത്. ഏത് മതമായാലും ജനങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്നതാണ് മാനവികത. ദൈവ ഇഷ്ടം മുന്‍നിര്‍ത്തി ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും ഒരുമയോടെ നിലനില്‍ക്കണമെന്നാണ്‌ താന്‍ ഇച്ഛിക്കുന്നത്‌. ഇന്ത്യ മഹാരാജ്യം ഇതിന്‌ ഉത്തമ ഉദാഹരണമാണ്‌.

എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന് ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ നല്‍കിയ സേവനം മഹത്തരമാണ്. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ രൂപവത്കരണത്തിനും വളര്‍ച്ചയ്ക്കും ഇന്ത്യന്‍ സഭകള്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന് ആ ലക്ഷ്യത്തോടെയല്ല താന്‍ എത്തിയിരിക്കുന്നതെന്നും എന്നാലും അതില്‍നിന്നും തനിക്ക് മുഖം തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെയ്‌റൂട്ടില്‍നിന്നു ദുബായ്‌വഴി എമിറൈറ്റ്‌സ്‌ ഫ്‌ളൈറ്റില്‍ രാവിലെ എട്ടു് പത്തിനാണ്‌ അരാം പ്രഥമനും സംഘവും കൊച്ചിയില്‍ എത്തിയത്‌. അദ്ദേഹത്തോടൊപ്പം ടെഹ്‌റാന്‍ ആര്‍ച്ച്‌ ബിഷപ്‌ സീബോഹ്‌ സര്‍‍ക്കിസിയന്‍ (Sebouh Sarkissian, Prelate of Tehran), ബിഷപ്‌ നരേഗ് അലേമിസിയാന്‍ (Nareg Alemizian - Ecumenical Officer), സെക്രട്ടറി ഫാ. മെസ്രോബ്‌ സര്‍‍ക്കിസ്സിയന്‍ (Father Mesrob Sarkissian - Staff-Bearer)) എന്നിവരും ഉണ്‌ടായിരുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ , യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, മെത്രാപ്പോലീത്തമാരായ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ കൂറീലോസ്‌, മാത്യൂസ് മാര്‍ സേവേറിയോസ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സമുദായ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ സ്വീകരി ക്കാനെത്തിയിരുന്നു.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.