20100211

ഓടക്കാലി പള്ളിയിലെ കല്ലിട്ട പെരുനാളിനു മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു ഹൈക്കോടതി അനുമതി

ആലുവ: ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളിയിലെ കല്ലിട്ട പെരുനാളിനോട്‌ അനുബന്ധിച്ചു് മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു ഹൈക്കോടതി അനുമതി നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അങ്കമാലി മെത്രാപ്പോലീത്തന്‍ ഭദ്രാസനത്തിലെ ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളി കുറച്ചുകാമായി വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ബലമായി നിയന്ത്രണത്തിലാക്കിയിരിക്കുകയായിരുന്നു. ഫെബ്രുവരി 12ന്‌ ഉച്ചയ്‌ക്കു് 12 മുതല്‍ പിറ്റേന്ന്‌ ഉച്ചയ്‌ക്കു 12 വരെയാണു മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് പ്രാര്‍ഥനയ്‌ക്കു സമയം അനുവദിച്ചിട്ടുള്ളത്‌.


ക്രമസമാധാനം പാലിക്കപ്പെടുമെന്നും അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പെരുമ്പാവൂര്‍ ഡിവൈഎസ്‌പി, കുറുപ്പംപടി സിഐ, എസ്‌ഐ എന്നിവര്‍ ഉറപ്പാക്കണം.പെരുനാളിനോടനുബന്ധിച്ചു പ്രാര്‍ഥനയ്‌ക്കും റാസയ്‌ക്കും എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ തടസ്സമുണ്ടാക്കുന്നതു തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓടക്കാലി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി വികാരി ഫാ. കെ.വി. തര്യന്‍ സമര്‍പ്പിച്ച ഉപഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണു ജസ്‌റ്റിസ്‌ ഹാറുണ്‍ അല്‍ റഷീദിന്റെ ഉത്തരവ്‌.


പെരുനാള്‍ സമാധാനപരമായി നടത്തുമെന്നും ഇതിനായി ഇരുവിഭാഗവും സഹകരിക്കുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.കേസ്‌ നിലവിലുള്ള മുന്‍വര്‍ഷത്തില്‍ ഹര്‍ജിക്കാര്‍ പെരുനാളിന്റെ ചടങ്ങുകള്‍ നടത്തിയിട്ടില്ലെന്നും ആവശ്യം അനുവദിച്ചാല്‍ പുതിയ അവകാശം സൃഷ്‌ടിക്കലാകുമെന്നും എതിര്‍ഭാഗം (എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ) വാദിച്ചു. എന്നാല്‍, ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഓരോ വിശ്വാസിക്കും വാര്‍ഷിക പെരുനാളില്‍ പങ്കെടുക്കാനും പ്രാര്‍ഥന നടത്താനും അവകാശമുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു.


ചിലപ്പോള്‍ ഇടവകയില്‍ ഭൂരിപക്ഷം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികളാകാം. പക്ഷേ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ വിശ്വാസികളും ഇടവകയിലുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ വിശ്വാസികള്‍ക്കു പെരുനാളും
പ്രാര്‍ഥനയും നടത്തണമെന്ന ആവശ്യം അന്യായമാണെന്നു കരുതാനാവില്ലെന്നു കോടതി വ്യക്‌തമാക്കി. കല്ലിട്ട പെരുനാളിനോടനുബന്ധിച്ചു . ഫെബ്രുവരി 12ന്‌ വൈകിട്ട്‌ ടൗണ്‍ ചുറ്റി പ്രദക്ഷിണവും നേര്‍ച്ചയും കരിമരുന്നു പ്രയോഗവും, . ഫെബ്രുവരി 13 ശനിയാഴ്‌ച മൂന്നിന്മേല്‍ കുര്‍ബാനയും പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.