.jpg)
സഭകള്‍ ജനങ്ങളുടെ പ്രസ്ഥാനമായി മാറണം
കോട്ടയം: സര്‍വ്വ സൃഷ്ടിയും സമാധാനത്തോടെ സഹവസിക്കുന്നതിനായുള്ള ശ്രമം എന്ന നിലയില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനം മനുഷ്യ നിര്‍മ്മിതമല്ലെന്നും ദൈവത്തിന്റെ ദാനമാണെന്നും 21- ാം നൂറ്റാണ്ടിലും ക്രൈസ്തവ സഭ പ്രവാചക ദൌത്യം നിറവേറ്റേണ്ട കടമ ഏറ്റെടുക്കണമെന്നും സമാധാനത്തിനായുള്ള ലോക മതങ്ങളുടെ സംയുക്ത പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡണ്ട് കൂടിയായ അര്‍മിനിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പ. അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. എക്യുമെനിസം നടപ്പിലാകണമെങ്കില്‍ സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടണം.കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സഹകരണത്തോടെ കോട്ടയം പഴയ സെമിനാരിയില്‍ നടത്തിയ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സഭയും അതിന്‍േറതായ കെട്ടുപാടുകളില്‍നിന്ന് മുക്തമായി ജനങ്ങളുടെ പ്രസ്ഥാനമായി മാറണം. സഭകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതിനേക്കാള്‍ ജനങ്ങളിലേയ്ക്ക് ആഴമായി ഇറങ്ങിച്ചെല്ലണം. വൈവിദ്ധ്യമാര്‍ന്ന വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ ക്രിസ്‌തീയ ദൗത്യവും സാക്ഷ്യവും സമന്വയിപ്പിക്കണം. പ്രവാചകദൗത്യം നിറവേറ്റേണ്ട കടമ സഭ ഏറ്റെടുക്കണം.
വൈവിദ്ധ്യത്തില്‍ ഏകത്വവും ഏകത്വത്തില്‍ വൈവിദ്ധ്യവും പാലിക്കുന്നതില്‍ ഭാരതത്തിന്റെ മാതൃക അനുകരണീയമാണു്. ക്രൈസ്‌തവ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്നും ലോക എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്ക് ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ്, ഡോ. എം. എം. തോമസ് എന്നിവര്‍ നല്‍കിയ സംഭാവന ഗണനീയമാണെന്നും രണ്ട് തവണ തുടര്‍ച്ചയായി സഭകളുടെ ലോക കൌണ്‍സില്‍ ( വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ്) മോഡറേറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം പറഞ്ഞു.
ക്രൈസ്‌തവ ഏകീകരണത്തിലൂടെ നന്മയിലേക്ക് മുന്നേറാന്‍ ഏവര്‍ക്കും കഴിയണമെന്നും അര്‍മീനിയന്‍ കാതോലിക്ക അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് ഏറെ മതിപ്പാണുള്ളത്.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷത വഹിച്ച യോഗം മാര്‍ത്തോമ്മാ സഭാ സപ്രഗന്‍ മെത്രാപ്പോലീത്താ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു. സി. എസ്. ഐ. സഭ മധ്യ കേരള ബിഷപ്പ് ഡോ. തോമസ് സാമുവല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഓര്‍ത്തഡോക്സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനാധിപനും എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി പ്രസിഡണ്ടുമായ അഭി. ഗെബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി സ്വാഗതം ആശംസിച്ചു.
അന്ത്യോക്യാ സുറിയാനി സഭയെ പ്രതിനിധികരിച്ച് അഭി തോമസ് മാര്‍ തീമോത്തിയോസ്, അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെക്രെട്ടറി പ്രൊഫ. ഫിലിപ്പ് നൈനാന്‍, തിയോളജിക്കല്‍ സെമിനാരി (കോട്ടയം) പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്, നിയുക്ത മെത്രാന്‍ ഫാ. ഡോ. ജോണ്‍ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. എം. പി. ജോര്‍ജ് ആലപിച്ച പ്രാര്‍ത്ഥന ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ അഭിവന്ദ്യരായ തിരുമേനിമാരും വൈദിക വിദ്യാര്‍ഥികളും ചടങ്ങില്‍ സംബന്ധിച്ചു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.