20120124

അപൂര്‍വ്വ രവിവര്‍മ്മ ചിത്രവുമായി പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയം




കോട്ടയം: ചിത്രകലയുടെ തമ്പുരാന്‍ രാജാ രവിവര്‍മ്മ വരച്ച, ആരാലും അറിയപ്പെടാത്ത അപൂര്‍വ്വ ചിത്രം. വിദ്യാഭ്യാസത്തോടൊപ്പം കേരളത്തിന്റെ തനതുകലകളെയും പ്രോത്സാഹിപ്പിച്ചിരുന്ന സഭയ്ക്ക്, അംഗീകാരമായി ലഭിച്ച സമ്മാനമാവണം അത്. ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായിരുന്ന ജോസഫ് മാര്‍ ദിവന്നാസിയോസ് പുലിക്കോട്ടില്‍ രണ്ടാമന്റെ രവിവര്‍മ്മ ച്ചിത്രം നിധിപോലെയാണ് ചുങ്കം പഴയ സെമിനാരിയില്‍ സൂക്ഷിച്ചിട്ടുള്ളത്. പഴയ സെമിനാരിയില്‍ തയ്യാറാകുന്ന മലങ്കര സഭാ ചരിത്രമ്യൂസിയത്തില്‍ ഈ അമൂല്യചിത്രമാവും കാഴ്ചക്കാര്‍ക്ക് കൌതുകമാവുക.

1877 മുതല്‍ 1909 വരെ ജീവിച്ചിരുന്ന സഭാ മേലധികാരി ജോസഫ് മാര്‍ ദിവന്നാസിയോസ് പുലിക്കോട്ടില്‍ രണ്ടാമന്റെ ചിത്രം, രവിവര്‍മ്മ വരക്കാനിടയായതെങ്ങനെയെന്നും അതിനു വഴിതെളിച്ച സാഹചര്യങ്ങളും വ്യക്തമായി അറിവില്ല.

മലങ്കര സഭാചരിത്രത്തിലെ അത്യപൂര്‍വങ്ങളായ ഏടുകള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാണ് പഴയ സെമിനാരിയില്‍ തയ്യാറാകുന്നത്. 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിന്റെ സംക്ഷിപ്തരൂപമാണ് മ്യൂസിയത്തില്‍ ഒരുക്കുന്നത്. 1652ല്‍ അഭിഷിക്തനായ മാര്‍ത്തോമ ഒന്നാമന്‍ മുതല്‍ 2010ല്‍ സ്ഥാനമൊഴിഞ്ഞ മാര്‍ ബസേലിയോസ് മാര്‍ത്തോയമ്മ ദിദിമോസ് വരെ ഉണ്ടായിരുന്ന മുഴുവന്‍ സഭാപിതാക്കന്മാരുടെയും ഛായാചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങിക്കഴിഞ്ഞു. ബോംബെയിലെ കുരിയര്‍ പ്രസ്സില്‍ അച്ചടിച്ച, പഴയ മലയാളം സുവിശേഷമെന്നറിയപ്പെടുന്ന ആദ്യ മലയാള വേദപുസ്തകത്തിന്റെ പ്രതിയും മ്യൂസിയത്തിലുണ്ട്. കേരളത്തിലെ ക്രെെസ്തവ സഭകള്‍ക്ക് തദ്ദേശീയ ഭരണകര്‍ത്താക്കളില്‍നിന്ന് ചെമ്പുതകിടില്‍ രേഖപ്പെടുത്തി ലഭിച്ച അവകാശങ്ങളും പദവികളും അടങ്ങിയ അപൂര്‍വ്വ രേഖകളായ “ചെപ്പേടു”കളും പ്രദര്‍ശിപ്പിക്കും. പരുമല തിരുമേനിയുടെ കൈപ്പടയിലെഴുതിയ കല്പനകളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

ക്രിസ്തുചരിതവും സഭാചരിത്രവും വര്ണ്ണി ക്കുന്ന ചേപ്പാട്, പാലിയേക്കര, പുത്തന്‍കാ വ് പള്ളികളിലെ അപൂര്‍വ്വ ചുവര്‍ച്ചിത്രങ്ങള്‍ , ഔദ്യോഗിക ബഹുമതികളായി വസ്ത്രങ്ങളില്‍ ചേര്‍ക്കു ന്ന അലങ്കാരങ്ങള്‍, മലങ്കരയിലെ മേല്പ്പട്ടക്കാര്‍ ഉപയോഗിച്ചിരുന്ന മുതലവായന്തൊപ്പി , ഗദ്സമനത്തോട്ടത്തിലെ കല്ലുകള്‍, 1678ല്‍ രണ്ടാം മാര്‍ത്തോമയുടെ കാലത്ത് മലങ്കരയിലെത്തിയ വിദേശിയായ “കല്ലട വലിയപ്പന്‍” എന്നറിയപ്പെടുന്ന അന്ത്രയോസ് ബാവയുടെ കല്പ്രതിമ, ദിവന്നാസിയോസ് അഞ്ചാമന്റെ മേല്നോട്ടത്തില്‍ പ്രസിദ്ധീകരിച്ച “ഇടവക പത്രിക”‘എന്ന മാസിക തുടങ്ങി സഥാപാരമ്പര്യത്തിന്റെ പ്രൌഢിയുടെ മകുടോദാഹരണങ്ങളായ നിരവധി അമൂല്യശേഖരങ്ങളുടെ കലവറയാവുകയാണ് ചരിത്രമ്യൂസിയം.

വൈദികപഠനത്തിനായി 197 വര്‍ഷം മുമ്പ് സ്ഥാപിച്ച ചുങ്കം പഴയ സെമിനാരി ചരിത്രഗവേഷകരുടെ ആകര്‍ഷക കേന്ദ്രം കൂടിയാണ്. ഒരു പൈതൃകകേന്ദ്രമായി നിലനിര്‍ത്തു ന്നതിന്റെ ആദ്യപടിയായാണ് ചരിത്രമ്യൂസിയം തയ്യാറാക്കുന്നതെന്ന് സെമിനാരി മാനേജര്‍ എം.സി.കുര്യാക്കോസ് പറഞ്ഞു. ഫെബ്രുവരി 24ന് നടക്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മമപ്പെരുന്നാള്‍ ദിനത്തില്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.