![]() |
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ പുത്തന്‍കുരിശ് സി ഐ ബിജു കെ. സ്‌റ്റീഫന്‍ -പടം: മാതൃഭൂമി പത്രം |
കോലഞ്ചേരി, ജനുവരി 01: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ ഡിസംബര്‍ 01 ഞായറാഴ്ച രാവിലെ വികാരി ഫാ. ജോണ്‍ മൂലാമറ്റത്തിന്റെ നേതൃത്വത്തില്‍ പെരുനാളിന് കൊടി ഉയര്‍ത്തുന്നതു് തടയാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ബലമായി ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്‌ടര്‍ (സി ഐ) ബിജു കെ. സ്‌റ്റീഫനും രണ്ടു് പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇരുമ്പു് പൈപ്പ് കൊണ്ട് ഇടതു ചെവിക്കു് താഴെ അടിയേറ്റ സിഐ പള്ളി മുറ്റത്തു് ബോധരഹിതനായി വീണു. സിഐ ബിജു കെ. സ്‌റ്റീഫനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഘര്ഷിത്തില്‍ പരുക്കേറ്റ എആര്‍ ക്യാംപിലെ പൊലീസുകാരായ മുഹമ്മദ് കുഞ്ഞ് (42), പരീത് (32) എന്നിവരെ വടവുകോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ബലപ്രയോഗത്തില്‍ പരുക്കേറ്റ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ഞാറ്റുതൊട്ടിയില്‍ സണ്ണി (42), ചിറപ്പാട്ട് ബാബു (46), ഇലഞ്ഞി ഒയ്യാരത്ത് പൗലോസ് (50), തച്ചേത്ത് പത്രോസ് (62), വെട്ടുകാട്ടേല്‍ ജോയി (38), തട്ടാരത്ത് സിജോ സ്‌കറിയ (23), ചേലച്ചോട്ടില്‍ അഖില്‍ സി. രാജു (22), പാറക്കുളങ്ങര ഏലിയാസ് (38) എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ഇരുപതു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പുത്തന്‍കുരിശ് പൊലീസ് അറിയിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഭീഷണി നിലനില്ക്കുന്ന ഇവിടെ മലങ്കര ഓര്ത്തനഡോക്‌സ് സുറിയാനി സഭയുടെ വികാരിക്ക് ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ പൊലീസ് സംരക്ഷണം നല്കുന്നുണ്ട്.
വിശുദ്ധ കുര്‍ബാനയ്‌ക്കു് ശേഷം ഞായറാഴ്ച 10 മണിയോടെ വികാരി (ഓര്‍ത്തഡോക്‌സ് ) ഫാ. ജോണ്‍ മൂലാമറ്റം 6, 7 തിയതികളില്‍ നടക്കുന്ന പെരുന്നാളിനു് മുന്നോടിയായുള്ള കൊടിയേറ്റ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ബലമായി തടയാന്‍ ശ്രമിച്ചു . കുര്‍ബാനയ്‌ക്ക് മാത്രമേ പോലീസ് സംരക്ഷണമുള്ളൂവെന്നും കൂറുമാറി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ പള്ളി ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് പെരുനാള്‍ നടത്തുന്നതെന്നും ആരോപിച്ചാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ എതിര്‍ത്തത്. എന്നാല്‍ കോടതി വിധി അനുസരിച്ച് വികാരിക്ക് കൊടിയേറ്റാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് സി ഐയുടെ നേതൃത്വത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്മാറിയില്ല. തുടര്‍ന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പള്ളിക്കുള്ളിലേക്കു് കയറാന്‍ ശ്രമിച്ചു പള്ളിയിലേക്കു് കയറാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ നീക്കത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാവിശ്വാസികള്‍ എതിര്‍ത്തതിനെത്തുടര്ന്ന് പോലീസ് തടഞ്ഞു. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതൊഴിവാക്കാന്‍ പള്ളിക്കുള്ളിലേക്കു് കയറിയവരോട് പോലീസ് പുറത്തുപോകാനാവശ്യപ്പെട്ടു. കൂട്ടമണി മുഴക്കിയ അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് സിഐക്ക് പിന്നില്‍ നിന്ന് ഇരുമ്പു് പൈപ്പ് കൊണ്ട് അടിയേറ്റത്. പിന്നീട്, കൂടുതല്‍ പോലീസ് എത്തി ബലപ്രയോഗം നടത്തിയതോടെയാണ് രംഗം ശാന്തമായത്. സംഭവമറിഞ്ഞ് ആലുവ റൂറല്‍ എസ്.പി. യുടെ ചുമതലവഹിക്കുന്ന ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ടി. ഗോപാലകൃഷ്‌ണന്‍, ഡിവൈ. എസ്.പി. ടോമി സെബാസ്‌റ്റന്‍, പിറവം സി. ഐ. ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്‌ഥലത്തെത്തി. മൂവാറ്റുപുഴ ആഡിഒ ആര്‍ മണിയമ്മയും പള്ളിയിലെത്തി.
ബോധരഹിതനായ സിഐ ബിജു കെ. സ്‌റ്റീഫനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ജീപ്പിലേക്കു് കയറ്റുമ്പോഴാണ് ബോധം വീണ്ടുകിട്ടിയത്. സംഘര്‍ഷ സ്‌ഥലത്ത് പൊലീസിനെ വിട്ടിട്ട് ആശുപത്രിയിലേക്കു് പോകാന്‍ വിസമ്മതിച്ച സിഐ, പള്ളി പരിസരത്തു നിന്നു് എല്ലാവരെയും നീക്കം ചെയ്‌ത ശേഷമാണ് ആശുപത്രിയിലേക്കു് പോയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആര്ഡി ഒ ആര്‍. മണിയമ്മയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സിഐയെ സന്ദര്ശിച്ചു.
മുന്‍ വര്‍ഷങ്ങളിലെന്നപോലെതന്നെ കോടതിയുടെ അനുമതിയോടെയാണ് കൊടിഉയര്‍ത്തിയതെന്നും, കൊടിമരത്തില്‍ ഉയര്‍ത്തുവാന്‍ സജ്ജീകരിച്ചിരുന്ന കൊടി പുലര്‍ച്ചെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് അറുത്തുകളഞ്ഞിരുന്നതായും പോലീസ് നിയമപരമായിമാത്രമേ പ്രവര്ത്തിച്ചുള്ളുവെന്നും വികാരി ഫാ. ജോണ്‍ മൂലാമറ്റം പറഞ്ഞു. . മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2001 മുതല്‍ പള്ളിയില്‍ തനിക്കു് പൊലീസ് സംരക്ഷണം കോടതി അനുവദിച്ചിട്ടുണ്ടെന്നും പെരുനാളുകള്‍ക്കു് കൊടിയേറ്റാന്‍ അനുമതി ലഭിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളി ഉപകരണങ്ങള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നശിപ്പിച്ചതായി വികാരി ഫാ. ജോണ്‍ മൂലാമറ്റം ആരോപിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ 1998 മുതല്‍ പൊലീസ് സംരക്ഷണത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ ആരാധന നടത്തുന്നത്. പള്ളിയുടെ കസ്‌റ്റോഡിയന്‍ പുത്തന്‍കുരിശ് പൊലീസാണ്. കഴിഞ്ഞ വര്‍ഷം ഓര്‍ത്തഡോക്‌സ് സഭ പെരുന്നാളിന് കൊടിയേറ്റുന്നത് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പെരുന്നാളിനും പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.