ഒക്‌ടോബര്‍ മൂന്നുമുതല്‍ നവംബര്‍ രണ്ടുവരെ പരുമലയില്‍ പ്രാര്‍ഥനാമാസം
പരുമല, സെപ്തം 30 : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണില്‍ പരുമല പള്ളിക്ക് സമീപം ഒരു ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗത്തെ അനുവദിക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡ്, മാനേജിംഗ് കമ്മറ്റി, അസോസിയേഷന്‍ പ്രതിനിധികള്‍ പരുമല സെമിനാരി കൌണ്‍സില്‍, നിരണം, മാവേലിക്കര, ചെങ്ങന്നൂര്‍, തുമ്പമണ്‍, നിലയ്ക്കല്‍ ഭദ്രാസനങ്ങളിലെ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക വികാരിമാര്‍ ട്രസ്റ്റ് സെക്രട്ടറിമാര്‍, എന്നിവര്‍ ഒന്നിച്ചു് സെപ്തം 29നു് പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൂര്‍ണമായ ഉടമസ്ഥതയിലുള്ള പരുമല പള്ളിയ്ക്കെതിരെ ബദല്‍ പള്ളി പണിയാനുള്ള നീക്കം ജീവന്‍ നല്കിയും തടയുമെന്നു് യോഗം ഉദ്ഘാടനം ചെയ്ത നിയുക്ത കാതോലിക്ക ബാവ പൗലോസ് മാര് മിലിത്തിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗം ശ്രമിക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണു്. പരുമല പള്ളിയുടെ ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ വിഘടിത വിഭാഗ വിശ്വാസികളില്ല.
വിഘടിത വിഭാഗത്തിന്റെ നീക്കം പരുമലയിലെ ജാതിമതഭേദമന്യേയുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ചെറുക്കുമെന്നു് യോഗം പ്രഖ്യാപിച്ചു. പരിപാവനമായ പരുമല പള്ളിയെ തൃക്കുന്നത്ത് സെമിനാരി വിഷയം പോലെ ആക്കിതീര്‍ക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിഘടിത വിഭാഗത്തിന്റെ പള്ളിയോ മറ്റേതെങ്കിലും സ്ഥാപനമോ പരുമലയുടെ മണ്ണില്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ല എന്ന് യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു. അതിനായി ജീവന്‍ വെടിയുംവരെ പോരാടുമെന്നും അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു.
തീരുമാനം നടപ്പില്‍ വരുത്തുവാനും വിഘടിത നേതൃത്വത്തിന്റെ ഗുണ്ടായിസത്തെ നേരിടാനും സംയുക്ത യോഗം തീരുമാനിച്ചു. ഏതു സമയവും അറിയിച്ചാലും പരുമല പള്ളി സംരക്ഷിക്കുന്നതിനായി 101 പേരടങ്ങുന്ന പരുമല പള്ളി സംരക്ഷണ സേനാ നേതാക്കന്മാരെയും യോഗത്തില്‍വച്ച് തെരഞ്ഞെടുത്തു. പരുമല പള്ളി സംരക്ഷണ സേനാ നേതാക്കള്‍ ഓരോരുത്തരുടെയും കീഴില്‍ 50-തില്‍ അധികം അംഗങ്ങളുമുണ്ട്. ഭദ്രാസന സെക്രട്ടറിമാര്‍, ഭദ്രാസനത്തില്‍നിന്നുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, പരുമല കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള പരുമല സെമിനാരി സംരക്ഷണ കോര്‍ കമ്മിറ്റിയും ഇതിനകം തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സിനഡ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, എം.ടി.യോഹന്നാന്‍ റമ്പാന്‍, സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാ.ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ്, ഫാ.മത്തായി ഇടയനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
മാനേജിംഗ് കമ്മിറ്റി യോഗം
യോഗത്തിനു മുമ്പായി നടന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസ് അധ്യക്ഷതവഹിച്ചു. ജാതിമത ഭേദമന്യേ എല്ലാവരും തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പരുമലയിലെ ആത്മീയ അന്തരീക്ഷവും മതസൗഹാര്‍ദ പാരമ്പര്യവും കലുഷിതമാക്കാനുള്ള ശ്രമങ്ങളെ തടയാന്‍ സഭാകേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും സഭ സര്‍വവിധ പിന്തുണയും നല്‍കുന്ന പ്രമേയം വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ അവതരിപ്പിച്ചു.
ഒക്‌ടോബര്‍ മൂന്നു് മുതല്‍ പരുമല പെരുന്നാള്‍ദിനമായ നവംബര്‍ രണ്ടുവരെ പരുമലയില്‍ പ്രാര്‍ഥനാമാസമായി ആചരിക്കും. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, പൗലോസ് മാര്‍ പക്കോമിയോസ്, അത്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, യൂഹാനോന്‍ റമ്പാന്‍, ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.