20100928

പരുമലയില്‍ പള്ളി നിര്‍മിക്കുന്നത് ‌കലക്ടര്‍ തടഞ്ഞു

തിരുവല്ല: തീര്‍ഥാടനകേന്ദ്രമായ പരുമല പള്ളിക്കു സമീപം പാത്രിയാര്‍ക്കീസ്‌ വിഭാഗം വാങ്ങിയ സ്ഥലത്ത്‌ പള്ളി പണിയാനായി എത്തുമെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം റോഡ്‌ ഉപരോധിച്ചത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ ഇടപെട്ട്‌ പള്ളി പണിയുന്നത്‌ തടഞ്ഞുകൊണ്‌ട്‌ ഉത്തരവിട്ടു.

ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്‌. തിരുവല്ലയില്‍ ഒരു വിവാഹച്ചടങ്ങില്‍ പാത്രിയാര്‍ക്കീസ്‌ മെത്രാന്‍മാരും വൈദികരും എത്തിയിരുന്നു. ഇവിടെനിന്നു പരുമലയിലെത്തി ഇവര്‍ വാങ്ങിയ സ്ഥലത്ത്‌ പള്ളിക്കു ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുമെന്നാണ്‌ വാര്‍ത്ത പ്രചരിച്ചത്‌. സംഭവമറിഞ്ഞ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വൈദികരും അല്‍മായരും അടക്കം നൂറുകണക്കിനു വിശ്വാസികള്‍ പരുമലയിലെത്തി പാലം ഉപരോധിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

തിരുവല്ല ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലെത്തിയ പോലിസ്‌ സംഘം പരുമല പള്ളി അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ ഉപരോധം അവസാനിച്ചത്‌. പരുമലയില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗം പള്ളി പണിയുന്നത്‌ ഇനി ഒരുത്തരവ്‌ ഉണ്‌ടാകുന്നതുവരെ നിരോധിച്ചുകൊണ്‌ട്‌ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ എസ്‌ ലളിതാംബിക ഉത്തരവിട്ടു. തീര്‍ത്ഥാടനകേന്ദ്രമായ പരുമല പള്ളിക്കു സമീപം പാത്രിയാര്‍ക്കീസ്‌ വിഭാഗം പരുമല പള്ളിയെന്ന പേരില്‍ പുതിയ പള്ളി നിര്‍മിക്കുന്നത്‌ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു കാണുന്നതിനാലാണ്‌ നിരോധനമെന്ന്‌ ഉത്തരവില്‍ പറയുന്നു. പരുമല പള്ളി ഇടവകാംഗങ്ങളും പ്രദേശവാസികളും കലക്‌ടര്‍ക്ക്‌ നല്‍കിയ ഹരജിയുടെയും ജില്ലാ പോലിസ്‌ സൂപ്രണ്‌ട്‌, തിരുവല്ല തഹസില്‍ദാര്‍ എന്നിവരുടെ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.
പരുമലയില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗം പള്ളി പണിയാനുള്ള നീക്കം ജീവന്‍ കൊടുത്തും തടയുമെന്ന്‌ കണ്‌ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്ത അറിയിച്ചു. പരുമല പള്ളിക്കു സമീപത്തായി പാത്രിയാര്‍ക്കീസ്‌ വിഭാഗം നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ പേരില്‍ വാങ്ങിയ 20 സെന്റ്‌ സ്ഥലത്ത്‌ പള്ളി പണിയുന്നത്‌ ചില ഗൂഢലക്ഷ്യങ്ങളോടെയാണ്‌. പരുമലയുടെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പാത്രിയാര്‍ക്കീസ്‌ സഭാവിശ്വാസി പോലുമില്ല. പള്ളിയുടെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ പണമുണ്‌ടാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണേ്‌ടായെന്നു സംശയിക്കുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു.

കടപ്പാടു്- തേജസ്സ്

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.